Friday 29 November 2013

മഴ നിലാവ്


ഇരുമ്പു കസേരയിലേക്ക്  ഇരിക്കുമ്പോൾ അയാളുടെ കിതപ്പ് മാറിയിരുന്നില്ല. മൂന്നാം നിലയിലുള്ള ചിട്ടി  ഓഫീസിലേക്ക് പടികൾ കയറുമ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു. മുകളിലെത്തിയപ്പോഴേക്കും നെഞ്ചകത്ത് ശ്വാസം വീർപ്പുമുട്ടി ഒരു കിളിയെപ്പോലെ  അങ്ങോട്ടും ഇങ്ങോട്ടും പായാൻ  തുടങ്ങി. ഇരുമ്പുകസേരയിൽ ചാരി ഇരിക്കുമ്പോൾ വിയർപ്പ് കൊണ്ട് നനഞ്ഞ  പുറത്ത്  തണുപ്പ് അരിച്ചു കയറി.

മുകളിൽ  കറങ്ങുന്ന ഫാനിലേക്ക് മുഖമുയർത്തി അയാൾ  കണ്ണടച്ചു. പിന്നെ കണ്ണുകൾ  തുറന്നു ചുറ്റും നോക്കി.

ആരും എത്തിയിട്ടില്ല.
ഈശ്വരാ ആരുമെത്തല്ലേ ..!!
ഈ ചിട്ടി എനിക്ക് തന്നെ കിട്ടണേ .

ഒഴിഞ്ഞ കസേരകൾ നിറഞ്ഞ ചിട്ടി ലേല മുറി. ഒരു വശത്ത്  ഒരു മേശയും രണ്ടു കസേരകളും. മേശയുടെ  മുന്പിലായി ഒരുപാടു കസേരകൾ. അതിലൊരു കസേരയിലാണ് അയാൾ  ഇരിക്കുന്നത്.

വീണ്ടും അയാൾ  കണ്ണടച്ച് കാറ്റിന്റെ തലോടൽ ആസ്വദിച്ചു.
പക്ഷെ മനസ്സ്  കടിഞ്ഞാണില്ലാത്ത കുതിരയെപോലെ വീണ്ടും പായാൻ തുടങ്ങി.

മകളുടെ കല്യാണമാണ്, രണ്ടാഴ്ച കഴിഞ്ഞ്‌ . 
നല്ലയൊരു ആലോചന വന്നപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. പക്ഷെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സ് പതറി. ഒന്നിച്ചു കൂട്ടിയാൽ കൂടാത്ത ആവശ്യങ്ങൾ. എന്നാലും മകളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അയാൾ നിശബ്ദതയിലേക്ക് മുങ്ങിത്താണു പോയി.

എവിടുന്നുണ്ടാക്കും എന്റെ ഈശ്വരാ.. ഭാര്യയുടെ പരിദേവനങ്ങൾ കാതിൽ മുഴങ്ങുമ്പോഴെല്ലാം അയാൾ ആശ്വസിപ്പിക്കും, എല്ലാം ഉണ്ടാകും ദേവൂ.. ഉണ്ടാക്കണം.  പരിദേവനങ്ങളിൽ മാത്രമാണ് അവളുടെ ആശ്രയം. തനിക്കു പരിദേവനങ്ങളിൽ  മാത്രം കടിച്ചു തൂങ്ങി നിൽക്കാൻ കഴിയില്ലല്ലോ. കാര്യങ്ങൾ നടത്തി തീർക്കണ്ടേ. 

ഒരു വിമുക്തഭടനായി നാട്ടിൽ  തിരിച്ചെത്തുമ്പോൾ ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകൾ  തകർന്നു  വീഴാൻ അധികകാലം വേണ്ടി വന്നില്ല. ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ പെടാപ്പാടു പെടുകയായിരുന്നു. ദേവു  ഒന്നിലും പരാതി പറയാത്തവളാണ്‌. ഏതു സങ്കടങ്ങളിലും  അവൾ ആശ്വസിപ്പിച്ചു ചിരിച്ചിട്ടേയുള്ളൂ. ചില സമയങ്ങളിൽ ഉള്ളിൽ  നിന്നും തികട്ടി വരുന്ന നിസ്സഹായതയുടെയും നിരാശയുടെയും  കയ്പ്പ്നീർ  ദേഷ്യമായി അവളിലേക്ക്‌ പകരുമ്പോഴും അവൾ നിശ്ശബ്ദയായി ഇരിക്കും. പിന്നെ തന്നെ  ആശ്വസിപ്പിക്കും. എല്ലാം ശരിയാകുമെന്നേ ..എല്ലാം  ശരിയാകും..!!

മകളുടെ കൊഞ്ചിക്കുഴയലുകൾ കൌമാരത്തിൽ നിന്നും പടിയിറങ്ങി ഒരകൽച്ചയുടെ പടിവാതിൽ മറഞ്ഞു നിന്ന് അയാളോട് സംസാരിക്കാൻ തുടങ്ങിയതോടെ അയാളുടെ മനസ്സിൽ  ഒരു അഗ്നിജ്വാല വളർന്നു വരാൻ തുടങ്ങിയിരുന്നു. മകൾ വളരുകയാണെന്ന ബോധം അയാളുടെ ഉറക്കം കെടുത്താൻ തുടങ്ങി. ഇടക്കിടെ ദേവുവും അയാളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു, 

മാസാ മാസം ക്വാട്ടയായി കിട്ടുന്ന മദ്യക്കുപ്പികൾ രഹസ്യമായി വിറ്റിട്ടും പെൻഷൻ കിട്ടുന്ന തുക പിശുക്ക് കാണിച്ചു സ്വരുക്കൂട്ടി വച്ചിട്ടും എങ്ങുമെത്തുന്നുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഒരു പലചരക്കു കടയിൽ സാധനങ്ങൾ  എടുത്തു കൊടുക്കുന്ന തുശ്ഛശമ്പളക്കാരനായ  ജോലിക്കാരനായി മാറിയത്. മാസശമ്പളം മിച്ചം വച്ച്  എന്റെ ലച്ചുവിനു നല്ലയൊരു കല്യാണം. അത് കഴിഞ്ഞ്  എന്തെങ്കിലുമാകട്ടെ.
ജീവിതം എങ്ങനെ വേണമെങ്കിലും പോകട്ടെ.

പക്ഷെ ജീവിതം അതിനും സമ്മതിച്ചില്ല. ദേവുവിന്റെ പരാതി പറയാത്ത  അസുഖം ഒരു ദിവസം  അവളെ കൈ വിട്ട്  അവൾ ബോധം മറഞ്ഞു കിടന്നപ്പോൾ പിന്നെയൊന്നും  ആലോചിക്കാനുണ്ടായിരുന്നില്ല. ചികിത്സ കഴിഞ്ഞ്  അവൾ തിരിയെ വന്നതോടെ അതുവരെയുള്ള സമ്പാദ്യം അപ്രത്യക്ഷമായിരുന്നു. അതോടെ ദേവു  കുറ്റബോധത്തിലൂന്നിയ ഒരുതരം  മൗനത്തിലേക്കു വഴുതി വീണു. സാരമില്ലെടീ , പണം പോകും, ഇനിയും വരും എന്നൊക്കെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ചിരിയിലെ ആ  പ്രകാശവും അയാളെ കൈ വിട്ടു. 

പലചരക്കു കടയിലെ ജോലി കഴിഞ്ഞു രാത്രി സമയം ഒരു ATM -ഇന്റെ കാവൽക്കാരനായി നിൽക്കാമൊ എന്ന ചോദ്യം അയാളെ തേടിയെത്തിയപ്പോൾ  മുൻപിൻ ആലോചിക്കാൻ നിന്നില്ല.  മാസം മൂവായിരത്തഞ്ഞൂറു  രൂപാ ശമ്പളം. അഞ്ഞൂറ് രൂപ ഏജൻസി എടുക്കും. എന്നാലും മൂവായിരം രൂപ കിട്ടുമല്ലോ. 

അങ്ങനെയാണ് കെ എസ്  എഫ് ഈയിൽ ചിട്ടിക്കു ചേർന്നത്‌. അമ്പതിനായിരം രൂപയുടെ ചിട്ടി. മാസം ആയിരം വച്ചു അൻപതുമാസം. വീതപ്പലിശ  കഴിഞ്ഞു ആയിരത്തിൽ താഴെ അടച്ചാൽ മതിയെങ്കിലും സമയത്ത്  തവണകൾ അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടി. ജീവിതത്തിലെ പല കാര്യങ്ങളും വേണ്ടാ എന്ന് വച്ചു. ദേവു ആകട്ടെ ഒരു ആവശ്യവും പറഞ്ഞുമില്ല. അസുഖത്തിനു മുൻപ് അവൾ പറഞ്ഞിരുന്ന സ്വപ്‌നങ്ങൾ കൂടെ അവളെ വിട്ടു പോയിരുന്നു. ഇടയ്ക്കിടെ ചോദിക്കും, അവളുടെ ആ സ്വപ്നങ്ങളെക്കുറിച്ച്. പ്രകാശമില്ലാത്ത അവളുടെ ചിരി ഒരു മറുപടിയായി കിട്ടുമ്പോൾ അങ്ങനെ ചോദിച്ചതിൽ സ്വയം കുറ്റപ്പെടുത്തും.

ഈ വിവാഹാലോചന വന്നപ്പോൾ ദേവുവാണ്  ചിട്ടി പിടിക്കുന്നതിനെപ്പറ്റി  പറഞ്ഞത്. കുറച്ചു നഷ്ടം വന്നാലെന്താ, കാര്യം നടക്കുമല്ലോ. അത്രയും കുറച്ചു ആൾക്കാരുടെ മുൻപിൽ കൈ നീട്ടിയാൽ മതിയല്ലോ. അല്ലേലും ആരുടെ മുൻപിൽ കൈ നീട്ടാൻ ?

ചിട്ടി പിടിക്കാൻ മറ്റാരുമില്ലെങ്കിൽ രക്ഷപെട്ടു. കമ്മീഷൻ രണ്ടായിരത്തി അഞ്ഞൂറ് രൂപാ കഴിച്ചു ബാക്കി നാല്പത്തിയേഴായിരത്തി അഞ്ഞൂറു  രൂപാ  കിട്ടും.

കസേര അനങ്ങുന്ന  ശബ്ദം കേട്ടു ഒരു ഞെട്ടലോടെ അയാൾ   കണ്ണു  തുറന്നു. മധ്യവയസ്സു തോന്നുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീയും അവരുടെ കൂടെ പത്തു വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും. അയാളുടെ മനസ്സിൽ ഒരു ആധി  പടർന്നു  കയറി. ഈശ്വരാ, ഇവരും എന്റെ തന്നെ നമ്പർ   ചിട്ടി പിടിക്കാൻ വന്നതാണോ? ഒരു ലേല മത്സരത്തിൽ തുക നഷ്ടമാകുമല്ലോ, ഈശ്വരാ..!!

"മോനിവിടെയിരി.. ഉമ്മച്ചി മാനേജരെ കണ്ടിട്ട് ഇപ്പൊ വരാം"
ആ സ്ത്രീ മകനോട് പറഞ്ഞു. അവർ അയാളെ ഒട്ടൊരു  സംശയത്തോടെ നോക്കിയിട്ട് അകത്തെ ഓഫീസിലേക്ക് നടന്നു.

ആ കുട്ടി അയാളുടെ പുറകിൽ അടുത്തുള്ള ഒരു കസേരയിലിരുന്നു. കാലുകൾ ആട്ടി അയാളെ നോക്കി പുഞ്ചിരിച്ചു.

അയാൾ  ഒരു സ്തംഭനാവസ്ഥയിലായിരുന്നു. അവന്റെ പുഞ്ചിരി അയാളുടെ സ്തോഭത്തിന്റെ ആവരണം പൊളിച്ചു കടക്കാതെ മറഞ്ഞു. 

ഈശ്വരാ, എനിക്കീ ഈ ചിട്ടി പിടിച്ചേ  മതിയാകൂ..അതിനു കഴിഞ്ഞില്ലെങ്കിൽ ഞാനെവിടെ പോകും? . ഞാനെവിടെ പോകും?
വഴിക്കണ്ണുകളുമായി ഇരിക്കുന്ന ദേവുവിന്റെയും നിശബ്ദ പ്രതീക്ഷകളുമായി ഇരിക്കുന്ന ലച്ചുവിന്റെയും മുഖങ്ങൾ  അയാളുടെ മനക്കണ്ണിൽ ഉയർന്നു വന്നു.

ചിലപ്പോൾ  അവർ മറ്റൊരു ചിട്ടി പിടിക്കാൻ വന്നതാണെങ്കിലോ? പ്രതീക്ഷയുടെ പുതു നാമ്പുകൾ അയാളിൽ ഉയരാൻ തുടങ്ങി.

കൈ വിട്ടു പോകുന്ന നെഞ്ചിടിപ്പിനെ വക വയ്ക്കാതെ അയാൾ  അവനു നേരെ തിരിഞ്ഞ്  ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു. അവൻ  അയാളെ നോക്കി ചിരിച്ച്  കാലുകൾ ആട്ടിയിരുന്നു.

അയാൾ  ഇടറിയ സ്വരത്തിൽ അവനോടു ചോദിച്ചു.
"ചിട്ടി പിടിക്കാൻ വന്നതാ..?"

അവൻ തല കുലുക്കി.

" ഏതു ചിട്ടിയാ? നമ്പർ അറിയുമോ?"

"ഇല്ല, നമ്പർ അറിയില്ല. പക്ഷെ, എന്റെ ചിട്ടിയാ.."  അവന്റെ ചിരി വിടർന്നു  വന്നു.

"നിന്റെ ചിട്ടിയോ?" അയാള് തെല്ലൊരു അതിശയത്തോടെ  ചോദിച്ചു. 

അവൻ തല കുലുക്കി. 
" ങ്ങാ, വാപ്പിച്ചി എനിക്ക് കാശു അയച്ചു തരുമല്ലോ. പോക്കറ്റ് മണി. ഉമ്മച്ചി അത് ചിട്ടീലിടും. എന്റെ പേരില്."

അയാൾ ഒരമ്പരപ്പോടെ അവനെ നോക്കിയിരുന്നു.

" എനിക്കൊരു കീ ബോർഡ് വാങ്ങണമെന്നു  പറഞ്ഞപ്പോ, വാപ്പിച്ചിയാ പറഞ്ഞെ, എന്റെ പോക്കറ്റു  മണി ചിട്ടിയിലിട്ടു വാങ്ങിച്ചോളാൻ. വാപ്പിച്ചി  ഗൾഫീന്ന് അടുത്ത മാസം വരുമല്ലോ. അപ്പൊ കീബോർഡ്‌  മേടിക്കാനാ ചിട്ടി പിടിക്കുന്നെ.."

അവന്റെ മുഖത്തെ ചിരി മുഖം മുഴുവൻ നിറഞ്ഞു വന്നു. 

അയാൾ  ഒരു അദ്ഭുത ജീവിയെ എന്നവണ്ണം  അവനെയും നോക്കിയിരുന്നു.

പെട്ടെന്ന് തന്നെ അവന്റെ ഉമ്മച്ചി  ഹാളിലേക്ക് കയറി വന്ന്  അവന്റെ അരികിൽ  ഇരുപ്പുറപ്പിച്ചു. അവന്റെ ചിരി കണ്ടാകാം അവർ അയാളെ സംശയത്തോടെയും ചോദ്യരൂപത്തിലും നോക്കി. അയാൾ  പെട്ടെന്ന് മുഖം തിരിച്ചു.

ഈശ്വരാ. ഇവർ എന്റെ നമ്പർ ചിട്ടി പിടിക്കാൻ വന്നവരാകല്ലേ. അയാള് ഉള്ളുരുകി പ്രാർത്ഥിച്ചു. നിനക്കറിയാമല്ലോ എനിക്ക് വേറെ വഴിയില്ലാന്നു.
ഈശ്വരാ, വെറുതെ എന്നേം ദേവൂനേം ലച്ചൂനേം പരീക്ഷിക്കല്ലേ...!!

അവരോടു ഒന്ന് ചോദിച്ചാലോ. 

മടിച്ചു മടിച്ചു അയാൾ  അവർക്ക്  നേരെ തിരിഞ്ഞു പതിയെ ചോദിച്ചു.
" ചീട്ടി പിടിക്കാൻ വന്നാതാ? "

ആ സ്ത്രീയുടെ  മുഖത്തു പെട്ടെന്നൊരു അനിഷ്ടഭാവം നിറഞ്ഞു.
"പിന്നല്ലാതെ, ആരേലും ഇവടെ വന്നു കുത്തിരിക്കുമോ?"

മുഖത്തു അടി കിട്ടിയപോലെ അയാൾ  മുഖം പെട്ടെന്ന് തിരിച്ചു.
ഈശ്വരാ, വേണ്ടിയിരുന്നില്ല..!

എങ്കിലും അയാളുടെ മനസ്സിലെ ആധി അയാളുടെ ശരീരത്തെ  അടിമുടി വെന്തുരുക്കാൻ തുടങ്ങി.

" ഉമ്മച്ചീ, നമ്മുടെ ചിട്ടിക്കു നമ്പരുണ്ടോ?"

അവന്റെ ചോദ്യം കേട്ട് അയാൾ  ഒന്ന് നടുങ്ങി. മുഖം തിരിക്കാതെ തന്നെ ആകാംഷയോടെ അയാൾ കാതുകൂർപ്പിച്ചിരുന്നു.

" നിന്റെ കയ്യിലെ കാർഡ്‌ നോക്ക്. നൂറ്റിയിരുപത്തിയെട്ടെ ,പതിമൂന്നെ ."

അയാളുടെ ഹൃദയം ഒരു നിമിഷം നിന്നുപോയതുപോലെ. ചുറ്റുപാടും കറങ്ങുന്നതുപോലെ തോന്നിയപ്പോൾ   അയാൾ   കണ്ണുകൾ   ഇറുക്കിയടച്ചു.
ചതിച്ചല്ലോ ഈശ്വരാ.. അത് എന്റെ ചിട്ടി നമ്പർ  തന്നെ.

എത്ര നേരം അങ്ങിനെയിരുന്നെന്നു അയാൾക്കറിഞ്ഞു കൂടാ. താനെവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അറിയാത്ത ഒരു മരവിപ്പ്  അയാളെ ചൂഴ്ന്നു നിന്നു.
ഞാനെവിടെയാണ്, ഞാനെവിടെയാണ്?
ഈ ഇരുമ്പു കസേര എന്നെ വേറെങ്ങും കൊണ്ടുപോകില്ല. അതിന്റെ തണുപ്പ് ഒരു സംരക്ഷിത വലയമായി എന്നെ ഇവിടെത്തന്നെ നിർത്തും.  

ആ സ്ത്രീയോട് ഒന്ന് അപേക്ഷിച്ചാലോ. പക്ഷെ നേരത്തെ തന്നോടു കയർത്ത സ്ത്രീയല്ലേ. അവർ എങ്ങനെ പെരുമാറുമെന്നു അറിയാൻ കഴിയില്ല. നാണക്കേടിന്റെ ഒരു ആവി അയാളുടെ മുഖത്തിനു ചുറ്റും വീശിയടിച്ചു. പിന്നെ ലച്ചുവിന്റെ മുഖം  മനസ്സിലേക്ക് ആവാഹിച്ച് അയാൾ  വീണ്ടും ആ സ്ത്രീയുടെ നേരെ തിരിഞ്ഞു.

"നോക്കൂ, നിങ്ങൾക്ക് അത്യാവശ്യമില്ലെങ്കിൽ ഈ ചിട്ടി എനിക്ക് വിട്ടു തന്നൂടെ. എനിക്ക് വേറെ വഴിയോന്നുമില്ലാത്തത് കൊണ്ടാ.. ഒരത്യാവശ്യക്കാര്യ.."

ചാട്ടവാറടി പോലെ അവരുടെ മറുപടി വന്നു.

"ഞാനപ്പോഴേ വിചാരിച്ചതാ, നിങ്ങളിത് പറയുമെന്ന്‌. ഇതിവിടുത്തെ സ്ഥിരം പരിപാടിയാ. ചിട്ടി വലിയ തുകക്ക് പിടിക്കാൻ ഓരോ കള്ളവും പറഞ്ഞു ഓരോരുത്തർ വരും. ആവശ്യങ്ങൾ എല്ലാവർക്കും  ഒരുപോലാ.."

നെഞ്ചിലെ ഭാരം കണ്‍കോണുകളിൽ ഒരു നീറ്റലായി പുറപ്പെട്ടു. അവരെയും ആ കുട്ടിയേയും അവ്യക്തമായ കാഴ്ചയിലൂടെ അയാൾ ഒരുനിമിഷം നോക്കിയിരുന്നു. അവരുടെ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തിൽ നിന്ന് അയാൾ  ആ കുട്ടിയുടെ  മുഖത്തേയ്ക്കു മാറി നോക്കി. അവന്റെ പ്രതീക്ഷയുടെ  പുഞ്ചിരി വറ്റിപ്പോയിരിക്കുന്നു. കാൽ ആട്ടൽ നിർത്തി അവൻ അയാളുടെ കണ്ണിലേക്കു നോക്കി.

"ന്റെ മോളുടെ കല്യാണക്കാര്യമാ .."
അയാൾ  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അതെ, എല്ലാവർക്കും  മോളുടെ കല്യാണക്കാര്യമാ.. പുതിയതൊന്നും ഇതുവരെ കണ്ടുപിടിച്ചില്ലേ..?"

ലേലം വിളിക്കാനുള്ള ക്ലർക്കും  പ്യൂണും  കയറി വന്നു, ക്ലർക്ക് അവരെ നോക്കി ചോദിച്ചു 
"എന്താ ഇത്താ പ്രശ്നം?  തുടങ്ങുവല്ലേ?"

"സ്ഥിരം പ്രശ്നം തന്നെ ഷബീറെ ..!  ലേലം തുടങ്ങാം.."

കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കണ്ണീർ കണങ്ങൾ അവരിൽ  നിന്നും മറയ്ക്കാൻ അയാൾ  പെട്ടെന്ന് മുഖം തിരിച്ചു മുൻപോട്ടു നോക്കിയിരുന്നു.
ഛെ, ഒരൊത്ത പുരുഷൻ. അതും ഒരു വിമുക്ത ഭടൻ..!!

അയാൾ പുറത്തെ ജനാലയിലൂടെ അവ്യക്തമായ കാഴ്ചകൾ നോക്കിയിരുന്നു. . കാണെക്കാണെ  ആ കാഴ്ച്ചകൾ ജലപ്രതിബിംബങ്ങളിൽ  ഓളങ്ങൾ തട്ടിയെന്നവണ്ണം   ചിന്നിചിതറാൻ തുടങ്ങി. 

"ചിട്ടി നമ്പർ നൂറ്റിയിരുപത്തിയെട്ടേ , പതിമൂന്നേ. ദിവസം ജൂലൈ പതിനഞ്ച്  രണ്ടായിരത്തി പതിമൂന്ന് . സമയം ഒന്നര"
പ്യൂണ്‍   ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

"എല്ലാവരുടെയും കയ്യിൽ ലാസ്റ്റ് ചിട്ടിത്തവണ അടച്ച രസീത് ഉണ്ടല്ലോ. ലേലം തുടങ്ങാം. കമ്മീഷൻ കഴിച്ച് രണ്ടായിരത്തഞ്ഞൂറിൽ തുടങ്ങുന്നു. രണ്ടായിരത്തഞ്ഞൂറ്...!!" ക്ലർക്ക്  വിളിച്ചു പറഞ്ഞു.

അയാളുടെ സ്വരം അയാൾ  തന്നെ അറിയാതെ പുറത്തു വന്നു. 
"രണ്ടായിരത്തി അഞ്ഞൂറ്റൊന്ന് .."

ക്ലർക്കിന്റെ മുഖത്തെ  പുശ്ച്ച ഭാവം അയാൾ കണ്ടില്ലെന്നു നടിച്ചു.

 പുറകിൽ നിന്നും അവരുടെ സ്വരം ഉയർന്നു.

"രണ്ടായിരത്തി അറുന്നൂറ്.."

"രണ്ടായിരത്തി അറുന്നൂറ്‌ .. രണ്ടായിരത്തി അറുന്നൂറ്, ഒരുതരം.."

അയാൾ  ജനാല വഴി പുറത്തേക്ക് തന്നെ നോക്കി മന്ത്രിച്ചു.
" രണ്ടായിരത്തി അറുന്നൂറ്റി ഒന്ന്.."

പെട്ടെന്നു  തന്നെ പുറകിൽ  നിന്നും ശബ്ദമുയർന്നു ..

"രണ്ടായിരത്തി എഴുന്നൂറ്.."

ക്ലർക്ക്  അയാളെ   ചോദ്യഭാവത്തിൽ നോക്കി.

ഈശ്വരാ ...ഈശ്വരാ.. !!
അയാൾ  ഉള്ളിൽ വിലപിച്ചു. 
അയാൾ വീണ്ടും ലേലം പറഞ്ഞു.

ക്ലർക്ക്  ഉറക്കെ ചിരിച്ചു. 
"ഈശ്വരാ ഈശ്വരാ രണ്ടായിരത്തി എഴുന്നൂറ്റൊന്നോ? അതെന്തു ലേലം?"

അയാൾ  ഒരു ഞെട്ടലോടെ വീണ്ടും പറഞ്ഞു 
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് .."

അയാളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

പുറകിൽ  നിന്നും പെട്ടെന്ന് മറ്റൊരു  സ്വരം  ഉയർന്നു .

"ഉമ്മച്ചീ.. നമുക്ക് വേണ്ടാ. വാപ്പിച്ചി അടുത്ത മാസല്ലേ വരുവൊള്ളൂ. നമുക്ക് അന്നേരം  അടുത്ത മാസം പിടിക്കാം. '

പ്യൂണ്‍   ഉറക്കെ വിളിച്ചു പറഞ്ഞു.
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..ഒരു തരം ..!!"

പുറകിൽ നിശബ്ദത.

"ന്റെ പൈസാ അല്ലേ ..അടുത്ത മാസം മതി ഉമ്മച്ചി..!!"

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..രണ്ടു  തരം ..!!"

അയാൾ ശരീരം അനക്കാനാകാതെ തളർന്ന്  ഇരുമ്പു കസേരയിൽ ചടഞ്ഞു കൂടിയിരുന്നു. കണ്ണുകൾ  മാത്രം ജനാലയ്ക്കു വെളിയിൽ   എന്തിനോ പരതിക്കൊണ്ടിരുന്നു.
പുറകിലെ  കസേര നിരങ്ങുന്ന ശബ്ദം കേട്ടു. സാരിയുടെ ഉലയുന്ന ശബ്ദം അടുത്തു വന്നു. അവർ അയ്യാളുടെ മുന്പിലേക്കു കയറി നിന്ന് അയാളെ നോക്കി പറഞ്ഞു.
"നോക്ക്, നിങ്ങൾ കള്ളം പറഞ്ഞതാണെങ്കിൽ പടച്ചോൻ പൊറുക്കൂല്ല... എന്റെ മജീദിനെയാ നിങ്ങൾ പറ്റിക്കുന്നതെന്ന് ഓർക്കണം ...!!"

അയാളുടെ  നിറഞ്ഞു കവിയുന്ന കണ്ണുകൾ  നോക്കി അവർ ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ തിരിഞ്ഞു മകന്റെ   മുടിയിലൂടെ കൈവിരലുകൾ ഓടിച്ച്  അവനോടു  പറഞ്ഞു.

"മോൻ   വാ. നമുക്ക് അടുത്ത മാസം വാപ്പച്ചിയുടെ  കൂടെ വരാം ചിട്ടി പിടിക്കാൻ.."

ക്ലർക്കും  പ്യൂണും നിർന്നിമേഷരായി നോക്കി ഇരിക്കുകയാണ്.

അയാൾ  തല പതിയെ തിരിച്ചു പുറത്തേക്ക് പോകുന്ന ആ ഉമ്മയേയും മകനെയും നോക്കി.

പുറത്തേക്കുള്ള വാതിൽ പടിയിലെത്തിയപ്പോൾ അവൻ  അയാളെ തിരിഞ്ഞു നോക്കി. അവന്റെ  മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ചിരി കണ്ണുനീർമറയിലൂടെ  അയാൾ നോക്കിക്കണ്ടു.

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..മൂന്നു   തരം..! ചിട്ടി ഉറപ്പിച്ചിരിക്കുന്നു.!!."



7 comments:

  1. ചിട്ടിപിടിക്കാൻ വേണ്ടിയുള്ള ഒരു അത്യാവശ്യക്കാരന്റെ മനോവ്യാപാരങ്ങൾ പകർത്തെയെഴുതാൻ പ്രദീപിന് കഴിഞ്ഞിരിക്കുന്നു. മികച്ച രീതിയിൽ എഴുതപ്പെട്ട രചനയാണെങ്കിലും ആശയം പോര, ഇഷ്ടപ്പെട്ടില്ല കെട്ടോ !

    ആശംസകൾ

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞത് തീര്ച്ചയായും ഇഷ്ടപ്പെട്ടു. ഇനിയും ഇഷ്ടപ്പെടുത്താനുള്ള ശ്രമത്തിനു അത് സഹായിക്കുമല്ലോ..

      Delete
  2. പണത്തിന്‍റെ അത്യാവശ്യത്തിനായി ചിട്ടി പിടിക്കാന്‍ ആദ്യം തന്നെ സഹകരണ ബാങ്കിലെത്തിയതും ഇതേ പോലെ പ്രാര്‍ഥിച്ചതും ഒക്കെ ഒരു നിമിഷം ഓര്‍ത്തു...
    201 രൂപ അല്ലേ പോയുള്ളൂ... സാരംല്ല...
    ചെറിയൊരു വലിയ കാര്യം ഭംഗിയായി എഴുതിയിരിക്കുന്നു... ഓണ്‍ലൈന്‍ ബഷീര്‍ക്കാ... :D

    ReplyDelete
  3. മനസ്സിന്റെ വേവലാതികള്‍ നന്നായി പകര്‍ത്തി. ഞാന്‍ ഇതിന് ശേഷമെഴുതിയതൊക്കെയാണോ നേരത്തെ വായിച്ചതെന്നറിയില്ല. അത് വെച്ച് നോക്കുമ്പോള്‍ ഹാസ്യമാണ് നല്ല തട്ടകമെന്ന് തോന്നുന്നു.

    ReplyDelete
  4. ജീവിതങ്ങളില്‍ നിന്നൊന്നല്ല ഇത് ,,, പണത്തിന്റെ അത്യാവശ്യം മനുഷ്യനെ ഭൂമിയോളം താഴ്ത്തുന്നു .. എല്ലാം സഹിച്ചും , അത്യാവശയം നിറവേറ്റാന്‍ പാട് പെടുന്നവരില്‍ നിന്നൊന്നു ....
    എനിക്കിഷ്ടപ്പെട്ടു ...

    ReplyDelete
  5. പണത്തിന്റെ ആവശ്യകത മനുഷ്യനെ വല്ലാതെ വലയ്ക്കും. അസ്സൽ കഥ. ആശംസകൾ.

    ReplyDelete