Friday, 29 November 2013

മഴ നിലാവ്


ഇരുമ്പു കസേരയിലേക്ക്  ഇരിക്കുമ്പോൾ അയാളുടെ കിതപ്പ് മാറിയിരുന്നില്ല. മൂന്നാം നിലയിലുള്ള ചിട്ടി  ഓഫീസിലേക്ക് പടികൾ കയറുമ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു. മുകളിലെത്തിയപ്പോഴേക്കും നെഞ്ചകത്ത് ശ്വാസം വീർപ്പുമുട്ടി ഒരു കിളിയെപ്പോലെ  അങ്ങോട്ടും ഇങ്ങോട്ടും പായാൻ  തുടങ്ങി. ഇരുമ്പുകസേരയിൽ ചാരി ഇരിക്കുമ്പോൾ വിയർപ്പ് കൊണ്ട് നനഞ്ഞ  പുറത്ത്  തണുപ്പ് അരിച്ചു കയറി.

മുകളിൽ  കറങ്ങുന്ന ഫാനിലേക്ക് മുഖമുയർത്തി അയാൾ  കണ്ണടച്ചു. പിന്നെ കണ്ണുകൾ  തുറന്നു ചുറ്റും നോക്കി.

ആരും എത്തിയിട്ടില്ല.
ഈശ്വരാ ആരുമെത്തല്ലേ ..!!
ഈ ചിട്ടി എനിക്ക് തന്നെ കിട്ടണേ .

ഒഴിഞ്ഞ കസേരകൾ നിറഞ്ഞ ചിട്ടി ലേല മുറി. ഒരു വശത്ത്  ഒരു മേശയും രണ്ടു കസേരകളും. മേശയുടെ  മുന്പിലായി ഒരുപാടു കസേരകൾ. അതിലൊരു കസേരയിലാണ് അയാൾ  ഇരിക്കുന്നത്.

വീണ്ടും അയാൾ  കണ്ണടച്ച് കാറ്റിന്റെ തലോടൽ ആസ്വദിച്ചു.
പക്ഷെ മനസ്സ്  കടിഞ്ഞാണില്ലാത്ത കുതിരയെപോലെ വീണ്ടും പായാൻ തുടങ്ങി.

മകളുടെ കല്യാണമാണ്, രണ്ടാഴ്ച കഴിഞ്ഞ്‌ . 
നല്ലയൊരു ആലോചന വന്നപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. പക്ഷെ അവരുടെ ആവശ്യങ്ങൾ അറിഞ്ഞപ്പോൾ മനസ്സ് പതറി. ഒന്നിച്ചു കൂട്ടിയാൽ കൂടാത്ത ആവശ്യങ്ങൾ. എന്നാലും മകളുടെ കണ്ണുകളിലേക്കു നോക്കിയപ്പോൾ അയാൾ നിശബ്ദതയിലേക്ക് മുങ്ങിത്താണു പോയി.

എവിടുന്നുണ്ടാക്കും എന്റെ ഈശ്വരാ.. ഭാര്യയുടെ പരിദേവനങ്ങൾ കാതിൽ മുഴങ്ങുമ്പോഴെല്ലാം അയാൾ ആശ്വസിപ്പിക്കും, എല്ലാം ഉണ്ടാകും ദേവൂ.. ഉണ്ടാക്കണം.  പരിദേവനങ്ങളിൽ മാത്രമാണ് അവളുടെ ആശ്രയം. തനിക്കു പരിദേവനങ്ങളിൽ  മാത്രം കടിച്ചു തൂങ്ങി നിൽക്കാൻ കഴിയില്ലല്ലോ. കാര്യങ്ങൾ നടത്തി തീർക്കണ്ടേ. 

ഒരു വിമുക്തഭടനായി നാട്ടിൽ  തിരിച്ചെത്തുമ്പോൾ ഒരുപാടു പ്രതീക്ഷകൾ ഉണ്ടായിരുന്നു. പ്രതീക്ഷകൾ  തകർന്നു  വീഴാൻ അധികകാലം വേണ്ടി വന്നില്ല. ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ പെടാപ്പാടു പെടുകയായിരുന്നു. ദേവു  ഒന്നിലും പരാതി പറയാത്തവളാണ്‌. ഏതു സങ്കടങ്ങളിലും  അവൾ ആശ്വസിപ്പിച്ചു ചിരിച്ചിട്ടേയുള്ളൂ. ചില സമയങ്ങളിൽ ഉള്ളിൽ  നിന്നും തികട്ടി വരുന്ന നിസ്സഹായതയുടെയും നിരാശയുടെയും  കയ്പ്പ്നീർ  ദേഷ്യമായി അവളിലേക്ക്‌ പകരുമ്പോഴും അവൾ നിശ്ശബ്ദയായി ഇരിക്കും. പിന്നെ തന്നെ  ആശ്വസിപ്പിക്കും. എല്ലാം ശരിയാകുമെന്നേ ..എല്ലാം  ശരിയാകും..!!

മകളുടെ കൊഞ്ചിക്കുഴയലുകൾ കൌമാരത്തിൽ നിന്നും പടിയിറങ്ങി ഒരകൽച്ചയുടെ പടിവാതിൽ മറഞ്ഞു നിന്ന് അയാളോട് സംസാരിക്കാൻ തുടങ്ങിയതോടെ അയാളുടെ മനസ്സിൽ  ഒരു അഗ്നിജ്വാല വളർന്നു വരാൻ തുടങ്ങിയിരുന്നു. മകൾ വളരുകയാണെന്ന ബോധം അയാളുടെ ഉറക്കം കെടുത്താൻ തുടങ്ങി. ഇടക്കിടെ ദേവുവും അയാളെ ഓർമിപ്പിച്ചു കൊണ്ടിരുന്നു, 

മാസാ മാസം ക്വാട്ടയായി കിട്ടുന്ന മദ്യക്കുപ്പികൾ രഹസ്യമായി വിറ്റിട്ടും പെൻഷൻ കിട്ടുന്ന തുക പിശുക്ക് കാണിച്ചു സ്വരുക്കൂട്ടി വച്ചിട്ടും എങ്ങുമെത്തുന്നുണ്ടായിരുന്നില്ല. അങ്ങിനെയാണ് ഒരു പലചരക്കു കടയിൽ സാധനങ്ങൾ  എടുത്തു കൊടുക്കുന്ന തുശ്ഛശമ്പളക്കാരനായ  ജോലിക്കാരനായി മാറിയത്. മാസശമ്പളം മിച്ചം വച്ച്  എന്റെ ലച്ചുവിനു നല്ലയൊരു കല്യാണം. അത് കഴിഞ്ഞ്  എന്തെങ്കിലുമാകട്ടെ.
ജീവിതം എങ്ങനെ വേണമെങ്കിലും പോകട്ടെ.

പക്ഷെ ജീവിതം അതിനും സമ്മതിച്ചില്ല. ദേവുവിന്റെ പരാതി പറയാത്ത  അസുഖം ഒരു ദിവസം  അവളെ കൈ വിട്ട്  അവൾ ബോധം മറഞ്ഞു കിടന്നപ്പോൾ പിന്നെയൊന്നും  ആലോചിക്കാനുണ്ടായിരുന്നില്ല. ചികിത്സ കഴിഞ്ഞ്  അവൾ തിരിയെ വന്നതോടെ അതുവരെയുള്ള സമ്പാദ്യം അപ്രത്യക്ഷമായിരുന്നു. അതോടെ ദേവു  കുറ്റബോധത്തിലൂന്നിയ ഒരുതരം  മൗനത്തിലേക്കു വഴുതി വീണു. സാരമില്ലെടീ , പണം പോകും, ഇനിയും വരും എന്നൊക്കെ ആശ്വസിപ്പിച്ചെങ്കിലും അവളുടെ ചിരിയിലെ ആ  പ്രകാശവും അയാളെ കൈ വിട്ടു. 

പലചരക്കു കടയിലെ ജോലി കഴിഞ്ഞു രാത്രി സമയം ഒരു ATM -ഇന്റെ കാവൽക്കാരനായി നിൽക്കാമൊ എന്ന ചോദ്യം അയാളെ തേടിയെത്തിയപ്പോൾ  മുൻപിൻ ആലോചിക്കാൻ നിന്നില്ല.  മാസം മൂവായിരത്തഞ്ഞൂറു  രൂപാ ശമ്പളം. അഞ്ഞൂറ് രൂപ ഏജൻസി എടുക്കും. എന്നാലും മൂവായിരം രൂപ കിട്ടുമല്ലോ. 

അങ്ങനെയാണ് കെ എസ്  എഫ് ഈയിൽ ചിട്ടിക്കു ചേർന്നത്‌. അമ്പതിനായിരം രൂപയുടെ ചിട്ടി. മാസം ആയിരം വച്ചു അൻപതുമാസം. വീതപ്പലിശ  കഴിഞ്ഞു ആയിരത്തിൽ താഴെ അടച്ചാൽ മതിയെങ്കിലും സമയത്ത്  തവണകൾ അടയ്ക്കാൻ നന്നേ ബുദ്ധിമുട്ടി. ജീവിതത്തിലെ പല കാര്യങ്ങളും വേണ്ടാ എന്ന് വച്ചു. ദേവു ആകട്ടെ ഒരു ആവശ്യവും പറഞ്ഞുമില്ല. അസുഖത്തിനു മുൻപ് അവൾ പറഞ്ഞിരുന്ന സ്വപ്‌നങ്ങൾ കൂടെ അവളെ വിട്ടു പോയിരുന്നു. ഇടയ്ക്കിടെ ചോദിക്കും, അവളുടെ ആ സ്വപ്നങ്ങളെക്കുറിച്ച്. പ്രകാശമില്ലാത്ത അവളുടെ ചിരി ഒരു മറുപടിയായി കിട്ടുമ്പോൾ അങ്ങനെ ചോദിച്ചതിൽ സ്വയം കുറ്റപ്പെടുത്തും.

ഈ വിവാഹാലോചന വന്നപ്പോൾ ദേവുവാണ്  ചിട്ടി പിടിക്കുന്നതിനെപ്പറ്റി  പറഞ്ഞത്. കുറച്ചു നഷ്ടം വന്നാലെന്താ, കാര്യം നടക്കുമല്ലോ. അത്രയും കുറച്ചു ആൾക്കാരുടെ മുൻപിൽ കൈ നീട്ടിയാൽ മതിയല്ലോ. അല്ലേലും ആരുടെ മുൻപിൽ കൈ നീട്ടാൻ ?

ചിട്ടി പിടിക്കാൻ മറ്റാരുമില്ലെങ്കിൽ രക്ഷപെട്ടു. കമ്മീഷൻ രണ്ടായിരത്തി അഞ്ഞൂറ് രൂപാ കഴിച്ചു ബാക്കി നാല്പത്തിയേഴായിരത്തി അഞ്ഞൂറു  രൂപാ  കിട്ടും.

കസേര അനങ്ങുന്ന  ശബ്ദം കേട്ടു ഒരു ഞെട്ടലോടെ അയാൾ   കണ്ണു  തുറന്നു. മധ്യവയസ്സു തോന്നുന്ന തലയിൽ തട്ടമിട്ട ഒരു സ്ത്രീയും അവരുടെ കൂടെ പത്തു വയസ്സ് തോന്നിക്കുന്ന ഒരു ആണ്‍കുട്ടിയും. അയാളുടെ മനസ്സിൽ ഒരു ആധി  പടർന്നു  കയറി. ഈശ്വരാ, ഇവരും എന്റെ തന്നെ നമ്പർ   ചിട്ടി പിടിക്കാൻ വന്നതാണോ? ഒരു ലേല മത്സരത്തിൽ തുക നഷ്ടമാകുമല്ലോ, ഈശ്വരാ..!!

"മോനിവിടെയിരി.. ഉമ്മച്ചി മാനേജരെ കണ്ടിട്ട് ഇപ്പൊ വരാം"
ആ സ്ത്രീ മകനോട് പറഞ്ഞു. അവർ അയാളെ ഒട്ടൊരു  സംശയത്തോടെ നോക്കിയിട്ട് അകത്തെ ഓഫീസിലേക്ക് നടന്നു.

ആ കുട്ടി അയാളുടെ പുറകിൽ അടുത്തുള്ള ഒരു കസേരയിലിരുന്നു. കാലുകൾ ആട്ടി അയാളെ നോക്കി പുഞ്ചിരിച്ചു.

അയാൾ  ഒരു സ്തംഭനാവസ്ഥയിലായിരുന്നു. അവന്റെ പുഞ്ചിരി അയാളുടെ സ്തോഭത്തിന്റെ ആവരണം പൊളിച്ചു കടക്കാതെ മറഞ്ഞു. 

ഈശ്വരാ, എനിക്കീ ഈ ചിട്ടി പിടിച്ചേ  മതിയാകൂ..അതിനു കഴിഞ്ഞില്ലെങ്കിൽ ഞാനെവിടെ പോകും? . ഞാനെവിടെ പോകും?
വഴിക്കണ്ണുകളുമായി ഇരിക്കുന്ന ദേവുവിന്റെയും നിശബ്ദ പ്രതീക്ഷകളുമായി ഇരിക്കുന്ന ലച്ചുവിന്റെയും മുഖങ്ങൾ  അയാളുടെ മനക്കണ്ണിൽ ഉയർന്നു വന്നു.

ചിലപ്പോൾ  അവർ മറ്റൊരു ചിട്ടി പിടിക്കാൻ വന്നതാണെങ്കിലോ? പ്രതീക്ഷയുടെ പുതു നാമ്പുകൾ അയാളിൽ ഉയരാൻ തുടങ്ങി.

കൈ വിട്ടു പോകുന്ന നെഞ്ചിടിപ്പിനെ വക വയ്ക്കാതെ അയാൾ  അവനു നേരെ തിരിഞ്ഞ്  ഒരു വിളറിയ പുഞ്ചിരി സമ്മാനിച്ചു. അവൻ  അയാളെ നോക്കി ചിരിച്ച്  കാലുകൾ ആട്ടിയിരുന്നു.

അയാൾ  ഇടറിയ സ്വരത്തിൽ അവനോടു ചോദിച്ചു.
"ചിട്ടി പിടിക്കാൻ വന്നതാ..?"

അവൻ തല കുലുക്കി.

" ഏതു ചിട്ടിയാ? നമ്പർ അറിയുമോ?"

"ഇല്ല, നമ്പർ അറിയില്ല. പക്ഷെ, എന്റെ ചിട്ടിയാ.."  അവന്റെ ചിരി വിടർന്നു  വന്നു.

"നിന്റെ ചിട്ടിയോ?" അയാള് തെല്ലൊരു അതിശയത്തോടെ  ചോദിച്ചു. 

അവൻ തല കുലുക്കി. 
" ങ്ങാ, വാപ്പിച്ചി എനിക്ക് കാശു അയച്ചു തരുമല്ലോ. പോക്കറ്റ് മണി. ഉമ്മച്ചി അത് ചിട്ടീലിടും. എന്റെ പേരില്."

അയാൾ ഒരമ്പരപ്പോടെ അവനെ നോക്കിയിരുന്നു.

" എനിക്കൊരു കീ ബോർഡ് വാങ്ങണമെന്നു  പറഞ്ഞപ്പോ, വാപ്പിച്ചിയാ പറഞ്ഞെ, എന്റെ പോക്കറ്റു  മണി ചിട്ടിയിലിട്ടു വാങ്ങിച്ചോളാൻ. വാപ്പിച്ചി  ഗൾഫീന്ന് അടുത്ത മാസം വരുമല്ലോ. അപ്പൊ കീബോർഡ്‌  മേടിക്കാനാ ചിട്ടി പിടിക്കുന്നെ.."

അവന്റെ മുഖത്തെ ചിരി മുഖം മുഴുവൻ നിറഞ്ഞു വന്നു. 

അയാൾ  ഒരു അദ്ഭുത ജീവിയെ എന്നവണ്ണം  അവനെയും നോക്കിയിരുന്നു.

പെട്ടെന്ന് തന്നെ അവന്റെ ഉമ്മച്ചി  ഹാളിലേക്ക് കയറി വന്ന്  അവന്റെ അരികിൽ  ഇരുപ്പുറപ്പിച്ചു. അവന്റെ ചിരി കണ്ടാകാം അവർ അയാളെ സംശയത്തോടെയും ചോദ്യരൂപത്തിലും നോക്കി. അയാൾ  പെട്ടെന്ന് മുഖം തിരിച്ചു.

ഈശ്വരാ. ഇവർ എന്റെ നമ്പർ ചിട്ടി പിടിക്കാൻ വന്നവരാകല്ലേ. അയാള് ഉള്ളുരുകി പ്രാർത്ഥിച്ചു. നിനക്കറിയാമല്ലോ എനിക്ക് വേറെ വഴിയില്ലാന്നു.
ഈശ്വരാ, വെറുതെ എന്നേം ദേവൂനേം ലച്ചൂനേം പരീക്ഷിക്കല്ലേ...!!

അവരോടു ഒന്ന് ചോദിച്ചാലോ. 

മടിച്ചു മടിച്ചു അയാൾ  അവർക്ക്  നേരെ തിരിഞ്ഞു പതിയെ ചോദിച്ചു.
" ചീട്ടി പിടിക്കാൻ വന്നാതാ? "

ആ സ്ത്രീയുടെ  മുഖത്തു പെട്ടെന്നൊരു അനിഷ്ടഭാവം നിറഞ്ഞു.
"പിന്നല്ലാതെ, ആരേലും ഇവടെ വന്നു കുത്തിരിക്കുമോ?"

മുഖത്തു അടി കിട്ടിയപോലെ അയാൾ  മുഖം പെട്ടെന്ന് തിരിച്ചു.
ഈശ്വരാ, വേണ്ടിയിരുന്നില്ല..!

എങ്കിലും അയാളുടെ മനസ്സിലെ ആധി അയാളുടെ ശരീരത്തെ  അടിമുടി വെന്തുരുക്കാൻ തുടങ്ങി.

" ഉമ്മച്ചീ, നമ്മുടെ ചിട്ടിക്കു നമ്പരുണ്ടോ?"

അവന്റെ ചോദ്യം കേട്ട് അയാൾ  ഒന്ന് നടുങ്ങി. മുഖം തിരിക്കാതെ തന്നെ ആകാംഷയോടെ അയാൾ കാതുകൂർപ്പിച്ചിരുന്നു.

" നിന്റെ കയ്യിലെ കാർഡ്‌ നോക്ക്. നൂറ്റിയിരുപത്തിയെട്ടെ ,പതിമൂന്നെ ."

അയാളുടെ ഹൃദയം ഒരു നിമിഷം നിന്നുപോയതുപോലെ. ചുറ്റുപാടും കറങ്ങുന്നതുപോലെ തോന്നിയപ്പോൾ   അയാൾ   കണ്ണുകൾ   ഇറുക്കിയടച്ചു.
ചതിച്ചല്ലോ ഈശ്വരാ.. അത് എന്റെ ചിട്ടി നമ്പർ  തന്നെ.

എത്ര നേരം അങ്ങിനെയിരുന്നെന്നു അയാൾക്കറിഞ്ഞു കൂടാ. താനെവിടെയാണെന്നും എന്ത് ചെയ്യുകയാണെന്നും അറിയാത്ത ഒരു മരവിപ്പ്  അയാളെ ചൂഴ്ന്നു നിന്നു.
ഞാനെവിടെയാണ്, ഞാനെവിടെയാണ്?
ഈ ഇരുമ്പു കസേര എന്നെ വേറെങ്ങും കൊണ്ടുപോകില്ല. അതിന്റെ തണുപ്പ് ഒരു സംരക്ഷിത വലയമായി എന്നെ ഇവിടെത്തന്നെ നിർത്തും.  

ആ സ്ത്രീയോട് ഒന്ന് അപേക്ഷിച്ചാലോ. പക്ഷെ നേരത്തെ തന്നോടു കയർത്ത സ്ത്രീയല്ലേ. അവർ എങ്ങനെ പെരുമാറുമെന്നു അറിയാൻ കഴിയില്ല. നാണക്കേടിന്റെ ഒരു ആവി അയാളുടെ മുഖത്തിനു ചുറ്റും വീശിയടിച്ചു. പിന്നെ ലച്ചുവിന്റെ മുഖം  മനസ്സിലേക്ക് ആവാഹിച്ച് അയാൾ  വീണ്ടും ആ സ്ത്രീയുടെ നേരെ തിരിഞ്ഞു.

"നോക്കൂ, നിങ്ങൾക്ക് അത്യാവശ്യമില്ലെങ്കിൽ ഈ ചിട്ടി എനിക്ക് വിട്ടു തന്നൂടെ. എനിക്ക് വേറെ വഴിയോന്നുമില്ലാത്തത് കൊണ്ടാ.. ഒരത്യാവശ്യക്കാര്യ.."

ചാട്ടവാറടി പോലെ അവരുടെ മറുപടി വന്നു.

"ഞാനപ്പോഴേ വിചാരിച്ചതാ, നിങ്ങളിത് പറയുമെന്ന്‌. ഇതിവിടുത്തെ സ്ഥിരം പരിപാടിയാ. ചിട്ടി വലിയ തുകക്ക് പിടിക്കാൻ ഓരോ കള്ളവും പറഞ്ഞു ഓരോരുത്തർ വരും. ആവശ്യങ്ങൾ എല്ലാവർക്കും  ഒരുപോലാ.."

നെഞ്ചിലെ ഭാരം കണ്‍കോണുകളിൽ ഒരു നീറ്റലായി പുറപ്പെട്ടു. അവരെയും ആ കുട്ടിയേയും അവ്യക്തമായ കാഴ്ചയിലൂടെ അയാൾ ഒരുനിമിഷം നോക്കിയിരുന്നു. അവരുടെ ദേഷ്യം കൊണ്ടു ചുവന്ന മുഖത്തിൽ നിന്ന് അയാൾ  ആ കുട്ടിയുടെ  മുഖത്തേയ്ക്കു മാറി നോക്കി. അവന്റെ പ്രതീക്ഷയുടെ  പുഞ്ചിരി വറ്റിപ്പോയിരിക്കുന്നു. കാൽ ആട്ടൽ നിർത്തി അവൻ അയാളുടെ കണ്ണിലേക്കു നോക്കി.

"ന്റെ മോളുടെ കല്യാണക്കാര്യമാ .."
അയാൾ  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

"അതെ, എല്ലാവർക്കും  മോളുടെ കല്യാണക്കാര്യമാ.. പുതിയതൊന്നും ഇതുവരെ കണ്ടുപിടിച്ചില്ലേ..?"

ലേലം വിളിക്കാനുള്ള ക്ലർക്കും  പ്യൂണും  കയറി വന്നു, ക്ലർക്ക് അവരെ നോക്കി ചോദിച്ചു 
"എന്താ ഇത്താ പ്രശ്നം?  തുടങ്ങുവല്ലേ?"

"സ്ഥിരം പ്രശ്നം തന്നെ ഷബീറെ ..!  ലേലം തുടങ്ങാം.."

കണ്ണിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കണ്ണീർ കണങ്ങൾ അവരിൽ  നിന്നും മറയ്ക്കാൻ അയാൾ  പെട്ടെന്ന് മുഖം തിരിച്ചു മുൻപോട്ടു നോക്കിയിരുന്നു.
ഛെ, ഒരൊത്ത പുരുഷൻ. അതും ഒരു വിമുക്ത ഭടൻ..!!

അയാൾ പുറത്തെ ജനാലയിലൂടെ അവ്യക്തമായ കാഴ്ചകൾ നോക്കിയിരുന്നു. . കാണെക്കാണെ  ആ കാഴ്ച്ചകൾ ജലപ്രതിബിംബങ്ങളിൽ  ഓളങ്ങൾ തട്ടിയെന്നവണ്ണം   ചിന്നിചിതറാൻ തുടങ്ങി. 

"ചിട്ടി നമ്പർ നൂറ്റിയിരുപത്തിയെട്ടേ , പതിമൂന്നേ. ദിവസം ജൂലൈ പതിനഞ്ച്  രണ്ടായിരത്തി പതിമൂന്ന് . സമയം ഒന്നര"
പ്യൂണ്‍   ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

"എല്ലാവരുടെയും കയ്യിൽ ലാസ്റ്റ് ചിട്ടിത്തവണ അടച്ച രസീത് ഉണ്ടല്ലോ. ലേലം തുടങ്ങാം. കമ്മീഷൻ കഴിച്ച് രണ്ടായിരത്തഞ്ഞൂറിൽ തുടങ്ങുന്നു. രണ്ടായിരത്തഞ്ഞൂറ്...!!" ക്ലർക്ക്  വിളിച്ചു പറഞ്ഞു.

അയാളുടെ സ്വരം അയാൾ  തന്നെ അറിയാതെ പുറത്തു വന്നു. 
"രണ്ടായിരത്തി അഞ്ഞൂറ്റൊന്ന് .."

ക്ലർക്കിന്റെ മുഖത്തെ  പുശ്ച്ച ഭാവം അയാൾ കണ്ടില്ലെന്നു നടിച്ചു.

 പുറകിൽ നിന്നും അവരുടെ സ്വരം ഉയർന്നു.

"രണ്ടായിരത്തി അറുന്നൂറ്.."

"രണ്ടായിരത്തി അറുന്നൂറ്‌ .. രണ്ടായിരത്തി അറുന്നൂറ്, ഒരുതരം.."

അയാൾ  ജനാല വഴി പുറത്തേക്ക് തന്നെ നോക്കി മന്ത്രിച്ചു.
" രണ്ടായിരത്തി അറുന്നൂറ്റി ഒന്ന്.."

പെട്ടെന്നു  തന്നെ പുറകിൽ  നിന്നും ശബ്ദമുയർന്നു ..

"രണ്ടായിരത്തി എഴുന്നൂറ്.."

ക്ലർക്ക്  അയാളെ   ചോദ്യഭാവത്തിൽ നോക്കി.

ഈശ്വരാ ...ഈശ്വരാ.. !!
അയാൾ  ഉള്ളിൽ വിലപിച്ചു. 
അയാൾ വീണ്ടും ലേലം പറഞ്ഞു.

ക്ലർക്ക്  ഉറക്കെ ചിരിച്ചു. 
"ഈശ്വരാ ഈശ്വരാ രണ്ടായിരത്തി എഴുന്നൂറ്റൊന്നോ? അതെന്തു ലേലം?"

അയാൾ  ഒരു ഞെട്ടലോടെ വീണ്ടും പറഞ്ഞു 
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് .."

അയാളുടെ കണ്ണുകളിൽ നിന്നും അശ്രുക്കൾ പുറത്തേക്ക് ഒഴുകാൻ തുടങ്ങി.

പുറകിൽ  നിന്നും പെട്ടെന്ന് മറ്റൊരു  സ്വരം  ഉയർന്നു .

"ഉമ്മച്ചീ.. നമുക്ക് വേണ്ടാ. വാപ്പിച്ചി അടുത്ത മാസല്ലേ വരുവൊള്ളൂ. നമുക്ക് അന്നേരം  അടുത്ത മാസം പിടിക്കാം. '

പ്യൂണ്‍   ഉറക്കെ വിളിച്ചു പറഞ്ഞു.
"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..ഒരു തരം ..!!"

പുറകിൽ നിശബ്ദത.

"ന്റെ പൈസാ അല്ലേ ..അടുത്ത മാസം മതി ഉമ്മച്ചി..!!"

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..രണ്ടു  തരം ..!!"

അയാൾ ശരീരം അനക്കാനാകാതെ തളർന്ന്  ഇരുമ്പു കസേരയിൽ ചടഞ്ഞു കൂടിയിരുന്നു. കണ്ണുകൾ  മാത്രം ജനാലയ്ക്കു വെളിയിൽ   എന്തിനോ പരതിക്കൊണ്ടിരുന്നു.
പുറകിലെ  കസേര നിരങ്ങുന്ന ശബ്ദം കേട്ടു. സാരിയുടെ ഉലയുന്ന ശബ്ദം അടുത്തു വന്നു. അവർ അയ്യാളുടെ മുന്പിലേക്കു കയറി നിന്ന് അയാളെ നോക്കി പറഞ്ഞു.
"നോക്ക്, നിങ്ങൾ കള്ളം പറഞ്ഞതാണെങ്കിൽ പടച്ചോൻ പൊറുക്കൂല്ല... എന്റെ മജീദിനെയാ നിങ്ങൾ പറ്റിക്കുന്നതെന്ന് ഓർക്കണം ...!!"

അയാളുടെ  നിറഞ്ഞു കവിയുന്ന കണ്ണുകൾ  നോക്കി അവർ ഒരു നിമിഷം തരിച്ചു നിന്നു. പിന്നെ തിരിഞ്ഞു മകന്റെ   മുടിയിലൂടെ കൈവിരലുകൾ ഓടിച്ച്  അവനോടു  പറഞ്ഞു.

"മോൻ   വാ. നമുക്ക് അടുത്ത മാസം വാപ്പച്ചിയുടെ  കൂടെ വരാം ചിട്ടി പിടിക്കാൻ.."

ക്ലർക്കും  പ്യൂണും നിർന്നിമേഷരായി നോക്കി ഇരിക്കുകയാണ്.

അയാൾ  തല പതിയെ തിരിച്ചു പുറത്തേക്ക് പോകുന്ന ആ ഉമ്മയേയും മകനെയും നോക്കി.

പുറത്തേക്കുള്ള വാതിൽ പടിയിലെത്തിയപ്പോൾ അവൻ  അയാളെ തിരിഞ്ഞു നോക്കി. അവന്റെ  മുഖത്തു നിറഞ്ഞു നിൽക്കുന്ന ആ ചിരി കണ്ണുനീർമറയിലൂടെ  അയാൾ നോക്കിക്കണ്ടു.

"രണ്ടായിരത്തി എഴുന്നൂറ്റൊന്ന് ..മൂന്നു   തരം..! ചിട്ടി ഉറപ്പിച്ചിരിക്കുന്നു.!!."Friday, 22 November 2013

ഇരുൾ പറയാതിരുന്നത്


മുക്കിൽ ബസ്സിറങ്ങുമ്പോൾ സമയം ഏഴു മണി.
ഇരുൾ  പരന്നു തുടങ്ങിയിരുന്നു.
അവൾ ചുറ്റും പരതി  നോക്കി. പരിചിത മുഖങ്ങൾ  ഒന്നും തന്നെ കാണുന്നില്ല.

ഈശ്വരാ, ഇത്ര വൈകുമെന്ന് കരുതിയതല്ല. വഴിക്ക് ടയർ ചീത്തയായി  ബസ്‌  അരമണിക്കൂർ താമസിച്ചതെയുള്ളൂ, ശത്രുവായ ഇരുൾ ആ അവസരം ഉപയോഗിച്ചു  എന്നെയും  കാത്ത്  ഇടവഴിയിൽ വല വിരിച്ചു നില്ക്കുന്നു.

അമ്മയെ വിളിച്ച്  താമസിക്കുമെന്ന് പറഞ്ഞപ്പോൾ മുക്കിൽ വന്നു കാത്തു നില്ക്കാം എന്ന്  പറഞ്ഞതാണ്. നടക്കുമ്പോൾ മുട്ടിനു വേദന പറയുന്ന അമ്മ നീണ്ട ഈ ഇടവഴി താണ്ടി മുക്കിലേക്ക്‌ വരുന്നതും പോകുന്നതും ആലോചിച്ചപ്പോൾ വിലക്കി. ഒരു ചേട്ടനെയോ അനിയനെയോ തരാതെ കാലയവനികയ്ക്കപ്പുറം പോയി  മറഞ്ഞ അച്ഛനെ വെറുതെ മനസ്സിൽ  ശാസിച്ചു .പിന്നെ സ്വന്തം ബാലിശത ഓർത്ത് ചിരിച്ചു.

റോഡ്‌ മുറിച്ചു കടന്ന് ഇടവഴിയിലേക്ക്  കയറുമ്പോൾ അവൾ ഒന്നുകൂടി ചുറ്റും പരതി  നോക്കി. ആരെങ്കിലും ഈ വഴിക്ക് വരുന്നുണ്ടോ? ഒരു കൂട്ടിനു വീട് വരെയെങ്കിലും... പരിചിതർ തന്നെ വേണമല്ലോ.
ആരുമില്ല. ആകെയുള്ള ഒരു പെട്ടിക്കട തട്ടിയിട്ട് അടഞ്ഞു കിടക്കുന്നു.രാമേട്ടൻ  ഇന്ന് കട തുറന്നില്ലേ?

ഇടവഴിയിലേക്കു  തിരിഞ്ഞു കയറവേ ഒരുനിമിഷം അവൾ പതറി നിന്നു . ഈശ്വരാ, ഇടവഴിക്ക് നടുക്കുള്ള പോസ്റ്റിലെ പ്രകാശവും അപ്രത്യക്ഷമായിരിക്കുന്നു. അത് ഇടക്കിടെ പോകും. ബോർഡ്കാർ   തിരിഞ്ഞു നോക്കണമെങ്കിൽ ആഴ്ചകൾ പിടിക്കും.
ഇടവഴി ഇരുൾ  പരന്നു നീണ്ടു കിടക്കുന്നു. നീയിങ്ങു വാ... നീയിങ്ങു വാ... ഞാൻ   നിന്നെയൊന്നു  ആവേശിക്കട്ടെ എന്ന് ഉറക്കെ പറയുന്ന ഇരുൾ .  ഒരു ചേട്ടനു വേണ്ടിയോ   അനിയനുവേണ്ടിയോ  വീണ്ടും അവളുടെ ഹൃദയം  തുടിച്ചു.

ഒരു നിമിഷം ആരോ അവളോട് വേണ്ടാ വേണ്ടാ എന്ന് പറയുമ്പോലെ തോന്നി. ഈ ഇരുളിന്റെ ഗുഹാമുഖത്തിനപ്പുറം നിന്നെയും കാത്ത് പേടിപ്പിക്കുന്ന എന്തോ ഒന്ന് നില്പ്പുണ്ട്. നിന്റെ വരവും കാത്ത് ഒരു ഗൂഢസ്മിതവുമായി എന്തിനോ ഓങ്ങി നില്ക്കുന്ന എന്തോ ഒന്ന്.

പെട്ടെന്ന് തന്നെ അവൾ സ്വയം ശാസിച്ചു. ഇങ്ങനെ പേടിച്ചാൽ എങ്ങിനെയാണ് ജീവിതം മുൻപോട്ട് പോകുന്നത്? അറിയുന്ന വഴിയല്ലേ. എന്നും നടക്കുന്ന വഴി. ഇരുൾ അവാഹിച്ചാൽ  അതുടൻ അപരിചിതമാകുമോ?

എങ്കിലും ഇരുൾ ഒന്നും പറയാത്തവനാണ്. പ്രകാശം മാത്രമേ എന്തും പറയുന്നുള്ളൂ, കാണിച്ചു തരുന്നുള്ളൂ. അവനവന്റെ കഴിവ് പോലെ മനസ്സിലാക്കണം എന്നുമാത്രം.  ഇരുൾ  അങ്ങനെയല്ല, ഒന്നും പറയാതെ കബളിപ്പിക്കും. അപ്പോൾ മനസ്സിനും സംശയമാകും.

ഒരു മുന്നൂറു കാലടികൾ. അപ്പോൾ വീട്ടു പടിക്കൽ എത്തും. ഒന്നേ രണ്ടേ എന്നെണ്ണി നടന്നാൽ പേടി ഉണ്ടാകില്ല എന്ന് അമ്മ ചെറുപ്പകാലത്ത് പഠിപ്പിച്ചു തന്നിട്ടുണ്ട്. സന്ധ്യ  മയങ്ങി കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുമ്പോൾ എണ്ണും. പേടി അസഹ്യമാകുമ്പോൾ നടപ്പിനു വേഗം കൂടും.  എണ്ണം തെറ്റും. എണ്ണം തെറ്റിയെന്നു മനസ്സിലാകുന്നതോടെ  പേടി ഇരട്ടിക്കും. അമ്മെ എന്ന് മനസ്സിൽ  വിളിച്ചുകൊണ്ട് ഓടും. മിക്കവാറും വീടിനടുത്തെത്തുമ്പോൾ ഓടിയണച്ചിരിക്കും.
വളർന്നു വലിയ ഒരു പെണ്ണായതോടെ ഭയം അതിലും വേഗം വളർന്നു വന്നു. എന്തിനെയും പേടി. എന്തിനെയും പേടിക്കണം എന്നാണല്ലോ ലോകം പറയുന്നത്. പ്രകാശത്തിൽ തന്നെ പേടിക്കേണ്ടും കാലം. അപ്പൊ ഇരുളായാലോ ..  ഒന്നിനെയും വിശ്വസിച്ചു കൂടാ.
അമ്മ പറയും. സൂക്ഷിക്കണേ മോളെ, നമുക്ക് നമ്മളേയുള്ളൂ തുണ..!

ഇരുട്ട് ഇടവഴിയുടെ തുടക്കത്തിൽ വായും പൊളിച്ചു കിടക്കുകയാണ്.
മുക്കിലെ പ്രകാശത്തിലേക്ക് ഒരു സാന്ത്വനത്തിനെന്നവണ്ണം ഒരുവട്ടം കൂടി  തിരിഞ്ഞു നോക്കിയിട്ട് അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു കയറി.  സ്വന്തം  നിഴലിനെ  ഇടവഴിയിൽ  പതുങ്ങി കിടന്ന ഇരുൾ വിഴുങ്ങുന്നത് ഒട്ടൊരു ഭീതിയോടെ  അവൾ കണ്ടു. ഇനി ഞാൻ..

മേച്ചിൽ ഭഗവതീ, കാത്തോളണേ . മനസ്സിൽ  നിന്നും ഒരു പ്രാർത്ഥന ഉയർന്നു  വന്നു. ഞാൻ ഇരുളിലൂടെ നടക്കുകയാണ്. ഒരു പേടി വിചാരവും  മനസ്സിൽ വരല്ലേ. വെറും ഒരു മുന്നൂറടി.അപ്പോഴേക്കും ഞാൻ വീടെത്തില്ലേ ..!

മൊത്തം ഇരുളായി. കണ്ണിൽ  കുത്തിയാൽ കാണാത്ത ഇരുട്ട്. വഴിയിലെങ്ങും വീടുകളില്ല. ആദ്യത്തെ വീടിന്റെ മുറ്റത്ത്  അമ്മ വെളിച്ചവും തെളിച്ച് നിൽപ്പുണ്ടാവും. ദൂരെ നിന്നേ  അമ്മയെ കണ്ടാൽ  ധൈര്യം മുഴുവൻ തിരിച്ചു വരും. അവൾ അമ്മയുടെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ആവാഹിച്ചു മുന്നോട്ട് നടന്നു.

ഈ ഇടവഴി പണ്ടൊരു തോടായിരുന്നു. രണ്ടു വശത്തും ഉയർന്നു നിൽക്കുന്ന കയ്യാലകൾ. കയ്യാലകൾ തീർന്നാൽ നിരപ്പുള്ള സ്ഥലം. തല ഉയർത്തി നോക്കിയപ്പോൾ  ആകാശത്തെ അരണ്ട വെളിച്ചത്തിൽ ഇരുവശങ്ങളിലും തലമുടിയഴിച്ചിട്ടു നില്ക്കുന്ന യക്ഷികളെപ്പോലെ കൂറ്റൻ മരങ്ങൾ.

ഭഗവതീ, ഇപ്പോൾ യക്ഷികളെക്കുറിച്ചു എന്തിനാണ് ചിന്തിച്ചത്?  പെട്ടെന്ന് തന്നെ രക്തം കിനിയുന്ന ദ്രംഷ്ടകളുമായി യക്ഷികൾ അവൾക്കു ചുറ്റും നൃത്തം ചെയ്യാൻ തുടങ്ങി. ചെറുപ്പകാലത്ത് മേച്ചിൽ ക്ഷേത്രത്തിലെ കാളിത്തെയ്യം കണ്ടിട്ട്  ദിവസങ്ങളോളം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുമായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് കാളിത്തെയ്യത്തിന്റെ നിണമാർന്ന മുഖം അവളുടെ മുൻപിലേക്ക് ഒഴുകിയിറങ്ങി. കഴുത്തിനു പിന്നിലെ രോമം എഴുന്നേറ്റു നിൽക്കുന്നു. ഒരു ഉഛ്വാസവായു കഴുത്തിനു പിന്നിൽ തട്ടുന്നുണ്ടോ? നീ എന്തൊക്കെയാണ് ചിന്തിക്കുന്നത്? പേടിപ്പിക്കുന്നതൊന്നും ചിന്തിക്കരുതെന്ന്‌ കരുതിയിട്ട്..! നടത്തത്തിന്റെ വേഗത അവൾ അറിയാതെ കൂടി.

പെട്ടെന്ന് കാലുകൾ  തളർന്ന്  ഒരുനിമിഷം അവൾ നിന്ന് പോയി.   അവിടെ ആ മരം ഇരുളിൽ മുങ്ങി നിന്നാടുന്നു. മാസങ്ങൾക്ക്  മുൻപ്   മേരിയുടെ ശരീരം തൂങ്ങി നിന്നാടിയ  മരം.. നാക്ക് കടിച്ചു ഭീതി ജനിപ്പിക്കുന്ന ആ രൂപം അന്ന് അവൾ  ഒന്നേ നോക്കിയുള്ളൂ. പക്ഷെ മനസ്സിന്റെ അടിത്തട്ടിൽ അത് ആരോ കല്ലുകൊണ്ട് ഉരച്ചു  രേഖപ്പെടുത്തി വച്ചിരിക്കുകയാണ്. മായില്ല എന്ന നിർബന്ധബുദ്ധിയോടെ. പേടിയേക്കുറിച്ച് ആലോചിച്ചാൽ മതി, മേരിയുടെ ബീഭത്സ മുഖം മനസ്സിൽ  ഉയർന്നു  വരികയായി.

അവൾ കണ്ണിറുക്കിയടച്ച് മുൻപോട്ട് നടന്നു. ഏതായാലും ഇരുട്ടാണ്‌. എന്തിനു ചുറ്റും നോക്കി പേടിക്കണം?

ഈ ഇരുട്ടിൽ ആരെങ്കിലും ഒരുവൻ വന്നു കയറിപിടിച്ചാലോ?

ഭഗവതീ, നീ എന്നെ വീണ്ടും പേടിപ്പിക്കുകയാ?  അലറി വിളിച്ചു കൂവും ഞാൻ...

വിളിച്ചു കൂവിയാൽ ആരു കേൾക്കാൻ.?  പേടി വന്നാൽ പിന്നെ ശബ്ദം  പുറത്തു വരില്ല എന്ന് ആൾക്കാർ പറയാറുണ്ട്. തൊണ്ട അടഞ്ഞു പോകുമത്രെ.  അവൻ വായ്‌ പൊത്തിപ്പിടിച്ചാലോ? ചുറ്റുമുള്ള ഉയർന്ന കയ്യാലകൾ കഴിഞ്ഞാൽ  നിരപ്പുള്ള പറമ്പുകളാണ്. അവിടെ നീണ്ടു നിരന്നു കിടക്കുന്ന കശുമാവിൻ തോട്ടങ്ങൾ. അവൻ എന്നെ അങ്ങോട്ട്‌ വലിച്ചിഴച്ചാലോ..ഇടവഴിയിൽ നിന്നും പകൽ  സമയം നോക്കിയാലെ അവിടെ എന്ത് നടക്കുന്നൂ എന്ന് കാണാൻ കഴിയില്ല. പിന്നെയാണ് ഈ ഇരുളിന്റെ മറവിൽ.
ഭഗവതീ, ഞാനെന്തു ചെയ്യും?
ദിവസവും എത്ര കഥകള്ലാണ് പത്രങ്ങളിൽ വരുന്നത്. ജോലി കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ നരാധമന്മാർ..

ഭഗവതീ, ഭഗവതീ, എന്നുറക്കെ വിളിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു. കാത്തുകൊള്ളണേ...
ഓരോ ചുവടും   ഓരോ പ്രകമ്പനങ്ങളായി  അവളുടെ കാതുകളിലേക്ക് എത്തി.  ഇനി ഒരു ഇരുന്നൂറടി കൂടി വച്ചാൽ എന്റെ വീട് കാണും,  അത് വരെയെങ്കിലും ഒന്നും  സംഭവിക്കാതെ, ഭഗവതീ  നീയെന്നെ കാത്തോളണേ...!

പെട്ടെന്ന് പിന്നിൽ നിന്നുമുയർന്ന ഒരു ചുമ ശബ്ദം കേട്ട് അവൾ തളർന്നു  നിന്നു. പതിയെ തല തിരിച്ചു മുക്കിലേക്ക്‌ നോക്കി. അതാ ഒരു രൂപം ഇടവഴിയിലേക്ക് കയറുന്നു. മുണ്ട് മടക്കി കുത്തിയ ഒരു ആൾ രൂപം. ഏതോ ഒരു പുരുഷൻ.. പെട്ടെന്ന് തന്നെ അയാളെ ഇടവഴിയിലെ ഇരുൾ  വിഴുങ്ങി.

മുൻപോട്ടു ഓടാൻ മനസ്സു പറയുമ്പോഴും അവളുടെ ശരീരം കുറ്റിയടിച്ചതുപോലെ അവിടെ നിന്നു . തൊണ്ട മുഴുവൻ വരണ്ട് ഉമിനീര് പോലും ഇറക്കാനാവാതെ നിന്ന അവൾക്കു ചുറ്റും അരൂപികൾ നൃത്തമാടാൻ തുടങ്ങി. എവിടെയാണ് എന്ന് പോലും അറിയാത്ത ഒരുതരം സ്തംഭനാവസ്ഥ അവളെ വ്യാപിച്ചു. ഇരുട്ടിന്റെ കറുത്ത നിറം ക്രമേണ ഒരു തരം  ചാര നിറം പൂണ്ട്  അവളെ മൂടി. ചീവീടുകളുടെ  സ്വരം  അവളുടെ ചെവിയിലേക്ക്  ഇരച്ചുകയറി. അത് തല മുഴുവൻ നിറഞ്ഞു കവിഞ്ഞ്  ആകാശത്തേക്കുയർന്നു. അവൾ  ഇപ്പോൾ തറയിൽ നില്ക്കുകയല്ല.ഇരുളിന്റെ കരങ്ങളിലേറി ഭാരമില്ലാതെ  അന്തരീക്ഷത്തിൽ ഊയലാടുകയാണ്. ഇരുളിൽ നിന്നും പുക രൂപത്തിൽ ആരൊക്കെയൊ വന്നു നോക്കി മറയുന്നു. ഒരുപാട് മുഖങ്ങൾ. ദ്രംഷ്ടയിൽ നിന്നും ചുടുനിണം വാർന്നൊഴുകുന്ന തെയ്യ രൂപങ്ങൾ . നാക്ക് കടിച്ചു പിടിച്ചു  കുറ്റപ്പെടുത്തും മട്ടിൽ  കണ്ണ് തുറിച്ചു നോക്കി മേരി. ഏതോ  ബലിഷ്ഠ കരങ്ങൾ പുറകിൽ  നിന്ന്  അവളെ ചുറ്റി വരിയുകയാണ്. ഏതോ കരങ്ങളിൽ ഒതുങ്ങി  അവളുടെ  ശരീരം എങ്ങോട്ടെന്നില്ലാതെ പറന്നു നീങ്ങുകയാണ്. കശുമാവിൻ  പൂക്കുല മണം  അവളുടെ നസാരന്ധ്രങ്ങളിൽ എരിവിന്റെ ഒരു പുകച്ചിൽ പരത്തുകയാണ്. മരത്തടി പോലെ ഭാരം പൂണ്ട നാവിൽ ഊറിവരുന്ന  കയ്പ്പ് തിരിച്ചറിഞ്ഞ് അവൾ തരിച്ചു നിന്നു.

കരിയില ഞെരിയുന്ന ശബ്ദം  വളരെ വേഗം അടുത്തു വന്നു . അത് ഓടിയടുക്കുകയാണ്. കണ്ണ് ഇറുക്കിയടച്ച് കൈകൾ  തോൾ  സഞ്ചിയിൽ ഒരു അഭയമെന്നവണ്ണം മുറുക്കി പിടിച്ചു അവൾ ഇരുട്ടിനെ പുൽകി  നിന്നു. ഞാനിതാ നിന്നിൽ വിലയം പ്രാപിക്കാനായി സന്നദ്ധയായി കഴിഞ്ഞു.

"എന്റെ രമേച്ചീ, എന്തോരോട്ടമാ ഇത്..!"

അരവിന്ദന്റെ ശബ്ദം മറ്റേതോ ലോകത്തിൽ നിന്നെന്നവണ്ണം അവളുടെ കാതിൽ പതിഞ്ഞു.

"അമ്മ പറഞ്ഞു, രമേച്ചി വരുമ്പോൾ   കൂട്ടിക്കൊണ്ടു വരാൻ .. ഞാൻ മുക്കിലുണ്ടായിരുന്നു. പക്ഷെ, ബസ്‌ വന്നത് ഞാങ്കണ്ടില്ല.."

അവൾ പതിയെ കണ്ണ് തുറന്നു. അതിശയം, ഈ ഇരുട്ട് നേർത്ത് ഒരു നിലാവെളിച്ചം പോലെയാണല്ലോ.. എനിക്ക് അരവിന്ദന്റെ മുഖം കാണാമല്ലോ.

" ഞാനിങ്ങോട്ട്‌  വരുമ്പോ ഈ പോസ്റ്റിൽ ലൈറ്റ് ഉണ്ടാര്ന്നു. അതോണ്ടാ ടോര്ച്ചു പോലും എടുക്കാഞ്ഞേ.. "

ആകാശത്തിനു എപ്പോഴും ഒരു വെളിച്ചമുണ്ടല്ലെ..? ഭൂമിയിലെ ഇരുളിനെ നോക്കി അങ്ങനെ പുഞ്ചിരിച്ച് , അതിനോട് വർത്തമാനം പറഞ്ഞ് ..

അവൾ കുതിച്ചുപായുന്ന നെഞ്ചിടിപ്പിനെ പിടിച്ചു നിർത്താനെന്നവണ്ണം വലതുകരം പിണച്ചു നെഞ്ചിലമർത്തി. ഒരു കാറ്റിൽ ഉലഞ്ഞു നേരെയായത്‌ പോലെ ഒരു ദീർഘ നിശ്വാസം ഉതിർത്തു .
ചുറ്റുപാടും  എന്തൊരു തെളിച്ചമാണ് ..!
ഇടവഴിയുടെ രണ്ടറ്റവും നന്നായി കാണാം.

"എന്റെ രമേച്ചീ, എന്തൊരു ഓട്ടമായിരുന്നു..!  ഞാൻ പുറകെ വിളിച്ചു. ചേച്ചി കേട്ടില്ല.. പിന്നെ ഞാൻ പുറകെ വച്ചു പിടിക്കുകയായിരുന്നു.."

അവൾ കഷ്ടപ്പെട്ട് ഒന്ന് മൂളി. പതുക്കെ അവനുമോത്തു നടക്കാൻ തുടങ്ങി.

" എനിക്കാണേൽ പേടി വന്നിട്ട് വയ്യ. ആ മേരി തൂങ്ങിയ  മരം  കണ്ടാലേ  എനിക്ക് പേടിയാ. ഞാനെത്തുമ്പോഴേക്കും രമേച്ചി അവിടം കടക്കല്ലേന്നു ഭഗവതിയോട് പ്രാർത്ഥിക്കുകാര്ന്നു . പറ്റിച്ചു കളഞ്ഞു..! പിന്നെ ഞാൻ കണ്ണുമിറുക്കിയടച്ചു ഒരു വിടലായിരുന്നു. ചേച്ചിയുടെ അടുത്തെത്തിയാ നിന്നത്.!"

അവളുടെ മനസ്സിലെ അവസാന ഭയവും എരിഞ്ഞടങ്ങി. ചുറ്റും പകൽ  പോലെ തെളിയാൻ തുടങ്ങി.  മേരി തൂങ്ങി നിന്നാടിയ മരം  അവൾ  തിരിഞ്ഞുനോക്കി ഒരു നിമിഷം നിന്നു. പിന്നെ അരവിന്ദന്റെ മുഖത്തേക്ക് നോക്കി, ഉള്ളിൽ തികട്ടി വരുന്ന ചിരിയമർത്തി അവൾ പറഞ്ഞു,

"നടക്കെടാ, വളർന്നു  മുട്ടനായി, കൊളേജിലുമായി.. അവന്റെയൊരു പേടി..!!"Friday, 15 November 2013

ജീവിതങ്ങൾ പറഞ്ഞു തന്നത് - ബാല്യം
ഇടപെടലുകൾ 
-----------------------
"ഡാ മോനെ അനന്തു , നെന്റെ അച്ഛൻ അമ്മയോട് പിണങ്ങീന്നാ തോന്നണേ..നീ ഒന്ന് വിളിക്കെടാ.."
"അമ്മയ്ക്ക് വിളിച്ചൂടെ.."
"അച്ഛൻ പിണങ്ങിയാടാ.. അമ്മ വിളിച്ചാൽ അച്ഛൻ ഫോണെടുക്കൂല്ലെടാ.."
"അമ്മ വഴക്കൊണ്ടാക്കീട്ടല്ലേ.."
"അമ്മയല്ലെടാ, അച്ഛനല്ലേ വഴക്കുണ്ടാക്കീത്..!"
"അല്ല..അമ്മയാ എപ്പൊളും വഴക്കുണ്ടാക്കുന്നത് .."
"ആര് പറഞ്ഞു..?  വയസ്സഞ്ചായില്ല, ചുമ്മാ അമ്മെ കുറ്റം പറഞ്ഞോ..അച്ഛന്റെ മോൻ..!! ഒന്ന് വിളിയെടാ കഴ്തെ..!"
"ങാഹാ..ത്രക്കായോ..പിന്നെ ഒരു കാര്യം പറഞ്ഞേക്കാം. ഈ വല്യോർ തമ്മിലുള്ള വഴക്കിനിടേല് പിള്ളേരെ ചുമ്മാ വലിച്ചിഴക്കല്ലേ.. ഞാമ്പോണു..! "

(ആശയം കടപ്പാട്- അനിയൻ പ്രമോദും അവന്റെ കാ‍ന്താരി മോനും..)


ചെറുതായി ചെറുതായി ചെറുതായി ...
----------------------------------------------------------
"ഈശ്വരാ ഈ ചെക്കൻ ഒന്നും കഴിക്കുന്നില്ലല്ലോ.!! ..ഇങ്ങനായാൽ
ഇവനെങ്ങനെ വളരും? പറഞ്ഞാ കേക്കണ്ടേ ?
അമ്മൂട്ടിയെ. നീ അവനോടു വല്ലതും പറഞ്ഞു അവനെക്കൊണ്ട്‌
കഴിപ്പിക്ക്..നിന്റെ അനിയങ്കുട്ടനല്ലെ .."
അമ്മ പരിതാപം പൂണ്ടു.

അമ്മൂട്ടി ചെക്കന് പുറകെ പോകുന്നത് കണ്ടു.

പെട്ടെന്ന് തന്നെ  ചന്തു എന്ന അഞ്ചു വയസ്സുകാരൻ ചെക്കൻ ഓടി വന്നു
മേശപ്പുറത്തിരുന്ന പുട്ട് എടുത്തു കഴിച്ച് സ്ഥലം കാലിയാക്കുന്നത് കണ്ട് അമ്മ
ആശ്ചര്യ ഇതികർത്തവ്യ മൂഢ കോടാലിയായി.

"നീ ഇതെങ്ങനെ ഒപ്പിച്ചെന്റെ അമ്മൂട്ടിയെ?"

"ഞാൻ അവനോടു പറഞ്ഞു, നീ ഇങ്ങനെ ഒന്നും കഴിക്കാതെ നടന്നാൽ
ചെറുതായി ചെറുതായി ചെറുതായി ചെറുതായി ഒരു ഉറുമ്പിനെക്കാളും
 ചെറുതാകും.
അപ്പൊ നിന്നെ  അറിയാതെ ആരേലും ചവിട്ടിക്കൊല്ലും ന്ന്...!!"


തുന്നിച്ചേർക്കലുകൾ 
------------------------
"അച്ചെ, ഒരു കഥ പറയാമോ?"
"പോടീ, ഈ പാതിരാത്രിക്കാ കഥ.!!.കെടന്നുറങ്ങ്‌..!!"
"ഹാ , കുഞ്ഞിനൊരു കഥ പറഞ്ഞുകൊടുക്ക്.."
"ന്നാപ്പിന്നെ നിനക്ക് പറഞ്ഞു കൊടുത്തൂടെ?"
"എനിക്ക് കഥയൊന്നും അറിഞ്ഞൂടാ..നിങ്ങളല്ലേ കഥക്കാരൻ.."
"നീ കഥയില്ലാത്തവളും.."
"അച്ചേ, കഥ പറ..കഥ പറ.."
"നിന്നോട് അച്ഛ പല്ലുതേക്കാൻ പേസ്റ്റ് എടുത്തോണ്ട് വരാൻ പറഞ്ഞപ്പോ നീ കൊണ്ടുത്തന്നോ?"
"നാളെ കൊണ്ടുത്തരാം. നാളെ രണ്ടു പ്രാവശ്യം.."
"അപ്പൊ നാളെ ഞാൻ രണ്ടു പ്രാവശ്യം പല്ല് തേക്കണോ..!!"
"കഥ പറ..കഥ പറ.."
"ഈശ്വരാ, പന്ത്രണ്ടു മണി..! ഒരു കഥേം വരുന്നില്ലല്ലോ..!!"
"അച്ചേ, കഥ പറ..കഥ പറ.."

"ശരി..ഒരിടത്തൊരിടത്ത് ഒരു രാജകുമാരിണ്ടാർന്നു.. അല്ലെ വേണ്ട, ഒരു തുന്നക്കാരി ഉണ്ടാർന്നു.. അല്ലേൽ വേണ്ടാ ഈ അമ്മൂട്ട്യാ ആ തുന്നക്കാരി.."
"ഞാൻ തുന്നക്കാരി.!"
"അതെ..ഒരു ദിവസം അമ്മൂട്ടി തുണി തുന്നി തുന്നി അങ്ങനിരിക്കുമ്പോ സൂചി താഴെപ്പോയി.. എത്ര നോക്കീട്ടും സൂചി കിട്ടീല്ല.."
"എന്നിട്ട്?"
"എന്നിട്ട് എന്ന് ചോദിച്ചാൽ സൂചി കിട്ട്വോ?"
"ഇല്ല്യ.."
"ഇല്ല്യ എന്ന് പറഞ്ഞാൽ സൂചി കിട്ട്വോ?"
"കിട്ടില്യ.."
"കിട്ടില്യാന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ച്ചേ.."
"അച്ചേന്നു വിളിച്ചാ സൂചി കിട്ട്വോ?"
"കഥ പറ അച്ച്ചേ.."
"കഥ പറ അച്ചേന്നു പറഞ്ഞാ സൂചി കിട്ട്വോ?"
"അച്ച്ചേ, ദുഷ്ടാ..നിക്ക് കഥ കേക്കണ്ടാ..അമ്മെ ഈ അച്ച.."

"രണ്ടാളും കിടന്നുറങ്ങുന്നുണ്ടോ..ഉറങ്ങാനും സമ്മതിക്കൂലല്ലോ എന്റീശ്വരാ .."
"ഈ അച്ചൻ കഥ പറയാതെന്നെ പറ്റിക്കണമ്മേ.. ങ്ഹീ.."
"നിങ്ങളെന്തിനാ കുഞ്ഞിനെ വഴക്കുണ്ടാക്കുന്നത് ..?"
"എനിക്ക് കഥ ഒന്നും വരുന്നില്ലെടീ .."
"പിന്നല്ലേ, വല്ല പെണ്ണുങ്ങളെം കണ്ടാ നൂറു കഥേം പറഞ്ഞിരിക്കുന്ന ആളാ .."
"ഡീ കഴ്തെ, അവൾക്ക് രാജകുമാരന്റെം....."
"ഒരു കഥയങ്ങോട്ട്‌ ഉണ്ടാക്കി കൊടുക്കണം.. അതിനു പകരം അവളോടു വഴക്കുണ്ടാക്ക്വാ?"
"എന്റെ പോക്കറ്റിൽ കഥയിരിക്കുവാന്നോ?"
"ആവോ.. അല്ലേലും അവളെ വിഷമിപ്പിക്കാൻ നിങ്ങക്ക് ഭയങ്കര ഇഷ്ടമാ..കുഞ്ഞിനെ വെറുതെ കരയിപ്പിച്ചു.."
"നീ പോത്ത് പോലെ ഉറങ്ങുവല്ലാര്ന്നോ? ഒരു കഥ പറഞ്ഞൂടാര്ന്നോ?"
"ഞാമ്പറഞ്ഞല്ലോ എനിക്ക് കഥയൊന്നും അറിയാംപാടില്ലാന്നു..ഞാൻ കഥയില്ലാത്തോളല്ലേ .."
"ഇനി അതെ കേറി പിടിച്ചോ.."
"ഞാനില്ലേ.. ഞാനുറങ്ങാൻ പോന്നു..നിങ്ങളായി നിങ്ങടെ മോളായി.."
"ഈശ്വരാ.. ഉറക്കോം വരുന്നല്ലോ.. അമ്മൂട്ടി, ഒരിടത്തൊരിടത്ത്..."
"--------"
"അമ്മൂട്ടി.. അമ്മൂട്ടി.. ങ്ഹെ, അവളുറങ്ങിയോ..!!"


ചതിക്കാത്ത ചന്തു 
-----------------------------------
"അല്ല, അച്ഛനും മോനും കൂടി എങ്ങടാ?"
"ദാ അങ്ങാടി വരെ. ഇബന്റെ മുടിയൊന്നു വെട്ടിക്കണം.."
"എന്താ നെന്റെ പേര്?"
"നിരഞ്ജൻ പ്രദീപ്‌ കുമാർ .."
"കടുപ്പമാണല്ലോ പേര്, വീട്ടിലെന്താ വിളിക്കാറ്?"
"ചന്തു.."
"ചന്തു , നല്ല പേര്. നീ ചതിക്കുമോ?"
"ഇല്ല, ചതിക്കാത്ത ചന്തുവാ.."
"നിനക്കെത്ര വയസ്സായി?"
"അഞ്ച് ..."
"നീയാ മൂത്തത്?"
"അല്ല മണ്ടാ, ന്റെ അച്ഛനാ മൂത്തത്..!!"

ചതിച്ചല്ലോ ഈശ്വരാ ..