Thursday, 12 December 2013

അന്ധകാരം രാജു
"സാറമ്മോ..! സാറമ്മോ..!!"

പുറത്ത് വിളി മുഴങ്ങി.

മുറുക്കാൻ പാത്രം മേശപ്പുറത്ത് വച്ചിട്ടു അമ്മ എഴുന്നേറ്റു.

"അതവനാ.. ആ രാജു... അടിച്ച് പൂസായാൽ അവന്  ആദ്യം ഇവിടെവന്ന് ഹാജർ വയ്ക്കണം. എന്റെ നാല് ചീത്ത കേൾക്കണം. എന്നാലെ അവന് ഉറക്കം വരൂ.."

"സാറമ്മോ..! എന്റെ സാറമ്മോ..!!"

" അവനിന്ന് നാട്ടുകാരെ മുഴുവൻ ഇളക്കും.. പണ്ട് അവനെ ഞാൻ മലയാളം പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ശിക്ഷ തരാനാണ് അവന്റെ വിളി.."

അമ്മ മുൻവശത്തെ കതകു തുറന്നു.അമ്മയുടെ കൂടെ പൂമുഖത്തേക്കിറങ്ങി.

ഈ രാജു എന്ന കഥാപാത്രം സ്കൂളിൽ ഒരുമിച്ചു പഠിച്ചിട്ടുള്ളതാണ് .
അമ്മയും അന്ന് ആ സ്കൂളിൽ അദ്ധ്യാപികയായിരുന്നു.

പുറത്തു നല്ല നിലാവുണ്ട്. കഥാപാത്രം മുറ്റത്ത്   കൂട്ടിയിട്ടിരിക്കുന്ന ആറ്റുമണൽ കൂനയിൽ വിശാലമായി മലർന്നു  കിടപ്പാണ്.

" എടാ, വീട്ടിൽ പോടാ.. നീയെന്തിനാ ഇവിടെ വന്നു കിടക്കുന്നത്?"
സാറമ്മ കയർത്തു .

"ങാഹാ..സാറമ്മ ഇവിടെയൊണ്ടായിര്ന്നോ ? ഞാൻ വിചാരിച്ച്, നിദ്രയായെന്ന് ..!! "

കക്ഷി ഏഴാം ക്ലാസ്സിൽ പഠനം നിർത്തിയതാണ്. മലയാള ഭാഷയെ സ്നേഹിച്ചു കൊല്ലുകയാണ് ..

"എടാ, വീട്ടിൽ  പോയി കിടന്നുറങ്ങെടാ... എവിടുന്നേലും  വല്ല ആനമയക്കീം അടിച്ചോണ്ടു വന്നോളും.പിന്നെ എനിക്കാ സ്വസ്ഥത ഇല്ലാത്തത്..!!"
സാറമ്മ പരിദേവനം പൂണ്ടു.

മഹാൻ നിവർന്നിരുന്നു .
"ങ്ങാഹാ .. കുഞ്ഞുമോനിവിടെയുണ്ടാര്ന്നോ? എപ്പോ വന്നു ? "

ചുമ്മാ തലയാട്ടി ചിരിച്ചു. പുള്ളിക്കാരന് മറുപടിയൊന്നും വേണ്ടാ..

"സാറമ്മോ.. ന്റെ ജീവിതം അന്ധകാരമായി സാറമ്മോ ..!!"
മഹാൻ ആകാശത്തേക്ക് മുഖമുയർത്തി വിലപിച്ചു.

"അന്ധകാരമോ? നിനക്കെന്തിന്റെ കുറവാടാ .. നീയീ ചാരായം കുടി നിർത്തിയാൽ മതി. നിന്റെ അന്ധകാരം മാറും.."

"ന്റെ ജീവിതം അന്ധകാരമായി സാറമ്മോ.. ലവള് എന്നേം കൊണ്ടെ പോകൂ.. സാറമ്മയാ അവളെ എന്റെ തലേ പിടിച്ചു വച്ചത്.."

അതെ. അമ്മയാണ് മുൻകൈ  എടുത്തു അവന്റെ കല്യാണം നടത്തി കൊടുത്തത്. അതിന്റെ ശിക്ഷ ഇന്നാ  പിടിച്ചോ.!!

" തങ്കം പോലൊരു പെണ്ണ്‍ .. അവൾക്കെന്താടാ ഒരു കുറവ്?"
സാറമ്മ വിലപിച്ചു.

" ഈ സാറമ്മ ഞാമ്പറഞ്ഞാ ഒന്നും വിശ്വസിക്കൂല, കുഞ്ഞുമോനെ..ഈ സാറമ്മയ്ക്ക് എന്നെ അങ്ങ് അന്ധവിശ്വാസമാ.."

"അന്ധവിശ്വാസമോ? " സാറമ്മ അദ്ഭുതം കൂറി.

"ങ്ഹാ.. ഈ സാറമ്മയ്ക്ക് എന്നെ ഒരു വിശ്വാസോം ഇല്ല..!!"

"അവളുള്ളത് കൊണ്ട് നീ ഇങ്ങനെ നടക്കുന്നു. ഞാൻ അവളുടെ ജീവിതമാടാ അന്ധകാരമാക്കിയത്.."
അമ്മ വീണ്ടും അവനെ പ്രകോപ്പിച്ചു .

കഴിഞ്ഞ പ്രാവശ്യം വീട്ടിലെത്തുമ്പോൾ ആശാൻ ഒരു ചരിത്രം സൃഷ്ടിക്കുന്നതിനു സാക്ഷ്യം വഹിക്കേണ്ടി വന്നിരുന്നു.

വലിയച്ഛന്റെ മക്കളും കൊച്ചുമക്കളും ശബരിമലയ്ക്കു പോകാൻ തുടങ്ങുന്നു. രാത്രി പത്തുമണി. മുറ്റത്തു പന്തലിൽ പെരിയസ്വാമി കെട്ടുകൾ പൂജിച്ചു മുറുക്കുകയാണ്. നാട്ടുകാർ എല്ലാം കൂടിയിട്ടുണ്ട്. ഭക്തിസാന്ദ്രമായ നിമിഷങ്ങൾ..

പന്തലിൽ നിന്നും അൽപ്പം   മാറി ഒരു ആഴി കൂട്ടിയിയിട്ടുണ്ട്. കഷ്ടിച്ചു പത്തടി നീളത്തിൽ തീക്കനലുകൾ നിറച്ച ആഴി.
കെട്ട് തലയിൽ  ഏറ്റി അയ്യപ്പന്മാർ ആ തീക്കനലിലൂടെ ശരണം വിളിച്ചു നടന്ന്  അക്കരെയെത്തണം. അഗ്നിശുദ്ധി . നന്നായി വൃതമെടുത്തവരുടെ കാൽവെള്ള പോള്ളുകയില്ല എന്നാണ് വിശ്വാസം.

ആഴിയുടെ സൃഷ്ടാവ് ശ്രീജിത് രാജു അവർകളാണ്. ആശാന്റെ അകത്തും പുറത്തും അഗ്നി ആളിപ്പടർന്നു കൊണ്ടിരിക്കുന്നു. ഇടക്കിടെ പെരിയസ്വാമിക്ക് വേണ്ട നിർദേശങ്ങൾ പുള്ളിക്കാരൻ കൊടുക്കുന്നുണ്ട്. പെരിയസ്വാമി പല്ലിറുമ്മുന്ന  ശബ്ദം കേൾക്കാം. വ്രതമായിപ്പോയില്ലേ, അല്ലേൽ  രണ്ട് ചീത്ത കൊടുക്കാമായിരുന്നു.

തനി യാഥാസ്ഥികരായ ഹിന്ദുക്കൾ പൊറുപൊറുക്കുന്നുമുണ്ട്. ഈ ക്രിസ്ത്യാനി ചെറുക്കനെന്തിനാ ഇവിടെക്കിടന്നു പെരുമാറുന്നെ..!!

പൂജ കഴിഞ്ഞു കെട്ടും മുറുക്കി അയ്യപ്പന്മാർ പന്തലിനു പുറത്തു വന്നു. ശ്രീജിത് രാജു അവർകൾ സന്തോഷത്തോടെ അവരെ സ്വീകരിച്ച്  ആഴിക്കടുത്തേയ്ക്ക് ആനയിച്ചു. അയ്യപ്പന്മാർ ആഴി ചവിട്ടുന്നത് കണ്ടു കൃതാർത്ഥനാകാൻ പുള്ളിക്ക് വീർപ്പു  മുട്ടി.

അയ്യപ്പന്മാർ ആഴി മൂന്നുവട്ടം ചുറ്റി  വന്നു. മുൻപിൽ വന്ന അയ്യപ്പൻ ഒരു കാൽ പൊക്കി. ആഴിയുടെ ചൂട് തട്ടിയപ്പോൾ അതുപോലെ കാൽ പിൻവലിച്ചു.

"ഒന്നും സംഭവിക്കില്ല , സ്വാമിമാരെ, ധൈര്യമായി പോയ്‌ക്കൊള്ളൂ .."
പെരിയസ്വാമി ഉപദേശിച്ചു.

"ധൈര്യമായി പോ സ്വാമിമാരെ.." രാജു സ്വാമിയും ഉപദേശിച്ചു.

പെരിയസ്വാമി അഹിന്ദുവായ രാജു സ്വാമിയുടെ നേരെ അഗ്നിസ്ഫുലിന്ഗങ്ങൾ നിറഞ്ഞ നോട്ടം പായിച്ചു.

സ്വാമിമാർ സംശയിച്ചു നിൽക്കുകയാണ്.

"ആഴീം കൂട്ടിയിട്ടു നാട്ടുകാരേം വിളിച്ചു കൂട്ടി.. നടക്കെടാ അങ്ങോട്ട്‌.."  ഷിപ്രകോപിയായ വല്യച്ഛൻ മുരണ്ടു.

" ഞാൻ കഷ്ടപ്പെട്ട് കൂട്ടിയ ആഴിയാ..നാട്ടുകാരേം വിളിച്ച്....അങ്ങോട്ട്‌ നടക്ക് സ്വാമിമാരെ..!"
രാജു സ്വാമിയും എറ്റു  പിടിച്ചു.

വല്യച്ഛൻ അഹിന്ദുവായ രാജു സ്വാമിയുടെ നേരെ അഗ്നിസ്ഫുലിന്ഗങ്ങൾ നിറഞ്ഞ നോട്ടം പായിച്ചു.

പുള്ളിക്കൊരു കൂസലുമില്ല.

സ്വാമിമാർ വീണ്ടും മടിച്ചു നിൽക്കുകയാണ്.

"എന്നാപ്പിന്നെ ആഴി വേണ്ടാ..ഇറങ്ങാം"
പെരിയസ്വാമി എല്ലാം കൊമ്പ്ലിമെന്റാക്കാൻ തീരുമാനിച്ചു.

രാജു സ്വാമിയുടെ ഹൃദയം തകർന്നു  പോയി.

പെട്ടെന്ന് അത് സംഭവിച്ചു.

"സ്വാമിയെ, അയ്യപ്പോ..! സ്വാമിയെ, അയ്യപ്പോ.!!" എന്നുറക്കെ വിളിച്ചു കൊണ്ട് രാജു സ്വാമി ആഴിയിലൂടെ പ്രയാണം ആരംഭിച്ചു.

പകുതി വഴിയെത്തിയപ്പോൾ വലിയച്ഛന്റെ വക നാട് മുഴുവൻ നടുങ്ങുന്ന ഒരു ആട്ട്  അവിടെ മുഴങ്ങി..
" ഭ്ഫാ..!!! "

നല്ല വൃത്തിയായി ആഴി നടന്ന രാജുസ്വാമി  വലിയച്ഛന്റെ ആട്ടലിന്റെ ശക്തിയിൽ  ഞെട്ടിത്തരിച്ചു ആഴിയുടെ നടുവിൽ ഒരുനിമിഷം നില്ക്കുകയും അടുത്ത നിമിഷം രണ്ടു കാൽവെള്ളകളും പൊള്ളി ഒരു ആർത്തനാദത്തോടെ കരയിലേക്ക്  കുതിച്ചു ചാടുകയും ചെയ്തു.

ആശുപത്രിയിൽ കൊണ്ട് പോകാൻ പൊക്കിയെടുത്തു കാറിൽ കേറ്റുമ്പോൾ മഹാനുഭാവൻ     ഇപ്രകാരം മൊഴിഞ്ഞു..
"കാലു പൊള്ളി അന്ധകാരമായിപ്പോയെന്റെ കുഞ്ഞുമോനെ..!!"

സാറമ്മയും രാജുവും തമ്മിലുള്ള കുടുംബചർച്ച പുരോഗമിക്കുകയാണ്. അത് വാക്കേറ്റം വരെ എത്തിയിരിക്കുന്നു.

"എനിക്കവളെ വേണ്ടായെന്റെ സാറമ്മോ.. എന്റെ തലേ കെട്ടി വച്ചു  തന്നതല്ലിയോ.. സാറമ്മ തന്നെ അവളെ ഒന്ന് കളഞ്ഞു തന്നാ മതി"

"പോടാ പരമനാറീ.. നിനക്ക് തോന്നുമ്പോ കൊണ്ട് കളയാൻ അവൾ   പൂച്ചയും പട്ടിയൊന്നുമല്ല .. നീയിപ്പോ ഇവിടുന്നു പോയില്ലേ, ഞാനെന്റെ പട്ടിയെ തുറന്നു വിടും..!!"  സാറമ്മ ക്ഷുഭിതയായി ..

"പട്ടിയെ കാണിച്ചൊന്നും ന്നെ പേടിപ്പിക്കണ്ട. ഞാൻ തന്ന പട്ടിയല്ലിയോ. കടിക്കൂല്ല."

വാസ്തവം. അവൻ കൊണ്ട് തന്ന പട്ടിക്കുഞ്ഞാണ്  കൊഴുത്തു തടിച്ച്  ഇപ്പോൾ  കൂട്ടിൽ   കിടക്കുന്നത്.  അവൾ കൂട്ടിൽ  കിടന്നു അതിശക്തമായി വാൽ ആട്ടുന്നുണ്ട്.

"രാജൂ, നീ പോ.. രാവിലെ നമുക്കൊരു തീരുമാനം ആക്കാം. നീ രാവിലെ വാ.."
ഈയുള്ളവൻ  രണ്ടുപേരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"കുഞ്ഞുമോൻ പറഞ്ഞത് കൊണ്ട് ഞാൻ പോവാ.. സാറമ്മ ദുഷ്ടയാ..ന്റെ ജീവിതം അന്ധകാരത്തിലാക്കി..!"

"ങ്ഹാ  നീ പോ..ഇനി വെള്ളമടിച്ചോണ്ട് ഇവിടെവന്നു കന്നത്തരം പറഞ്ഞാ നിന്റെ ജീവിതം ഞാൻ അന്ധകാരമാക്കും.."
സാറമ്മ വിളിച്ചു പറഞ്ഞു.

"എന്നെ അന്ധവിശ്വാസമാ.. അന്ധവിശ്വാസം.."
രാജു ഗദ്ഗദകണ്ഠനായി ഗേറ്റ് കടന്നു പോയി.

" ഞാൻ നാളെ രാവിലെ വരും.. എനിക്കിതിനൊരു തീരുമാനം സാറമ്മ തരണം.."
അവൻ ഗേറ്റിനു പുറത്തു നിന്നും വിളിച്ചു  പറഞ്ഞു.

"ങ്ഹാ..തരാം.."  മറുപടി പറഞ്ഞു കൊണ്ട് അമ്മയും  അകത്തേക്ക് പോയി.

"അവൻ രാവിലെ വന്നു വഴക്കുണ്ടാക്കുമോ?" അമ്മയോട് ചോദിച്ചു.

"എവിടെ.. കെട്ടെറങ്ങുമ്പൊ അവനിത് വല്ലതും ഓർമ വരുമോ?"

*        *       *

നേരം വെളുത്തപ്പോൾ ഗേറ്റിൽ ശബ്ദം മുഴങ്ങി.

"സാറമ്മോ.. സാറമ്മോ..!!"

ജോലിയായല്ലോ..!!  നേരം വെളുത്തപ്പോഴേ അന്ധകാരമോ..!!?

കതകു തുറന്നു വെളിയിലിറങ്ങി.

ഗേറ്റിന്റെ പുറത്തു കഥാപാത്രം നിൽപ്പുണ്ട്.  ഒരു തീരുമാനത്തിന് എത്തിയതാണോ?

"ഇവിടെ നേരം വെളുത്തില്ലേ? ഈ ഗേറ്റ് അങ്ങോട്ട്‌ തുറന്നേ ..!"

മഹാനുഭാവന്റെ ഇടതു കയ്യിൽ  ഒരു അലുമിനിയ ചരുവം ഉണ്ട്. അത് ഒരു വാഴയില കൊണ്ട് മൂടിയിരിക്കുന്നു.

"അല്പം പുഴുങ്ങിയ കപ്പയാ.. നല്ല മീൻ  കറിയും. എന്റെ മേരിക്ക് നല്ല കൈപ്പുണ്യമാ.. കഴിച്ചു നോക്ക്..!! കുഞ്ഞുമോൻ വന്നൂന്നറിഞ്ഞപ്പോ അവളു തന്നു വിട്ടതാ."

പുറകിൽ കതകു തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കി.

സാറമ്മ  മനോഹരമായ ഒരു ചിരിയും ചിരിച്ചു നിൽപ്പാണ്‌..

(കഥാപാത്രം ഇപ്പോഴുമുണ്ട്..എന്നും വൈകുന്നേരം അന്ധകാരത്തിൽത്തന്നെ..)

Thursday, 5 December 2013

ജീവിതങ്ങൾ പറഞ്ഞു തന്നത് - കൌമാരംതനിയാവർത്തനം 

"ങാഹാ. എങ്ങാണ്ട്  വീണു മുട്ടും പൊട്ടിച്ചോണ്ടാണല്ലോ വരവ്..!!"

"......"

"എവിടാടാ വീണത്‌?.. എന്ത് കുരുത്തക്കേടാ നീ കാട്ടിയത്?"

"അതേയ് , ഞാൻ സ്കൂളീന്ന് വരുമ്പോ മുക്കില് നമ്മുടെ ചായക്കട  ല്ലേ? അബിടെ വന്നപ്പോ ഞാൻ കല്ല്‌ തട്ടി വീണു.."

"എന്നിട്ട്?'

"വീണു മുട്ടിലെ തൊലി പോയി. ഓര്പാടു ചോരേം വന്നു.."

"നീ കരഞ്ഞില്ലേ?'

"പിന്നേ , ഞാൻ  ഒറക്കെ കരഞ്ഞു.."

"എന്നിട്ട് ?"

"അപ്പൊ ചായക്കടെന്നു അവിടുത്തെ മാമൻ ഓടി വന്നു എന്നെ എടുത്തു"

"എന്നിട്ട്?"

"എന്നിട്ട് ആ മാമൻ എന്നെ ചായക്കടെ കൊണ്ടുപോയി കാലൊക്കെ കഴുകിത്തന്നു.."

"എന്നിട്ട്?"

"പിന്നേം ഞാൻ കരഞ്ഞപ്പോ, മാമൻ എനിക്ക് രണ്ടു പരിപ്പുവടേം പഴോം തന്നു.."

"ഓഹോ. അപ്പൊ നീ കരച്ചില് നിർത്തിയൊ? "

"നിർത്തി "

"വഴീലൊക്കെ വായിനോക്കി നടന്നാ ഇങ്ങനിരിക്കും..!!"

"--------"

'ഇനി സൂക്ഷിച്ചൊക്കെ നടക്ക്വോ?"

"ഇല്ല..!! "

"ഇല്ലേ , അതെന്താടാ  അങ്ങനെ?"

"നാളേം ഞാൻ അവിടെപ്പോയി വീഴുവല്ലോ..!!"

"ങ്ഹെ..!!  അതെന്തിനാടാ ?"

"അപ്പൊ നാളേം എനിക്ക് പരിപ്പുവടേം പഴോം കിട്ടുവല്ലോ?"

(1970 കൾ -അനിയന്റെ കുരുത്തംകെട്ട കുട്ടിക്കാലത്തിൽ നിന്ന്)


കണക്ക് 

"എടാ, മുട്ടായി മേടിച്ചതിന്റെ ബാക്കി  പൈസ എവിടെ?"

"ബാക്കി  ഇല്ല.."

"അതെങ്ങിനെയാ ബാക്കി ഇല്ലാതാവുന്നെ..!"

"ബാക്കി ഇല്ല..!!"

"അതെന്തൊരു കണക്കാടാ.. നിന്റെ കയ്യിൽ  എത്ര പൈസായുണ്ടായിരുന്നു?"

"ഇരുപത്തിയഞ്ച് പൈസ .."

"നിന്നോട് ഞാൻ എന്താ പറഞ്ഞു വിട്ടേ?"

"പത്തു പൈസയുടെ  മുട്ടായി  വാങ്ങാൻ .."

"എന്നിട്ട് വാങ്ങിയോ?"

"വാങ്ങി.."

"അപ്പൊ പതിനഞ്ചു പൈസാ  ബാക്കി  വരണ്ടേ?"

"വന്നു. പക്ഷെ അപ്പൊ മുട്ടായീടെ  കൂടെ അയാള്   ഒരു പത്തു പൈസായും ഒരു അഞ്ചു പൈസയും  തന്നു.."

"അതിന് ..?"

"അപ്പൊ അച്ച്ചയല്ലേ പറഞ്ഞെ, പത്തുപൈസേടെ
മുട്ടായി   വാങ്ങാൻ ..ഞാൻ ആ പത്തു പൈസാ കൊടുത്തു മുട്ടായി വാങ്ങി.."

"ഡാ വിരുതാ..എന്നാലും നിന്റെ കയ്യിൽ ഒരു അഞ്ചു പൈസാ  ബാക്കി കാണണമല്ലോ..അതിങ്ങെടുക്ക്..!"

"ബാക്കി  ഇല്ല.."

"പിന്നേം മുട്ടായി  വാങ്ങാൻ  അതേതായാലും പത്തു പൈസായല്ലല്ലോ !!   അഞ്ചു പൈസായല്ലേ.. അതിങ്ങെടുക്ക്, എടുക്ക്..!!"

"അതേ, അപ്പോഴു ഞാൻ കുഞ്ഞോന്റെ  കയ്യീന്ന് ഒരു അഞ്ചു പൈസേം  കൂടി വാങ്ങി. അപ്പൊ അത് പത്തു പൈസയായില്ലെ . അപ്പൊ ഞാൻ അച്ച  പറഞ്ഞ പോലെ പത്തു പൈസാ കൊടുത്തു  മുട്ടായി  വാങ്ങി.."

(1970 കൾ - അനിയന്റെ കുരുത്തംകെട്ട കുട്ടിക്കാലത്തിൽ നിന്ന്..)


ഹിന്ദിപേപ്പറിന്റെ യാത്രാ വിവരണം.

"ഹലോ"

"ഹലോ"

"ആലപ്പുഴേന്നു അളിയനാടാ.."

"എന്താ അളിയാ വിശേഷം? ഇന്നലെ ഇവിടുന്നങ്ങോട്ട്‌ പോയതല്ലേയുള്ളൂ. പെട്ടെന്നെന്താ..?"

"ഒന്നുമില്ലാ. നിന്റെ മോൻ അവിടുണ്ടോ?"

"ഇവിടെയെവിടെയോ ഉണ്ടാരുന്നല്ലോ..എടാ ചന്തൂ, നിന്റെ മാമൻ ആലപ്പുഴെന്നു വിളിക്കുന്നു..!"

"അവനു ഹിന്ദിക്ക് എത്ര മാർക്കുണ്ടെന്ന് ചോദിക്ക്.."

"അവനെ കാണുന്നില്ലല്ലോ..! എന്താ കാര്യം ?"

"എന്നാ അവനു ഹിന്ദിക്ക് മൂന്ന് മാർക്കുണ്ട് ..!! ഇരുപത്തഞ്ചിൽ.."

"അത് അളിയനെങ്ങനെ ആലപ്പുഴയിലറിഞ്ഞു..!!?"

"മൂന്നു മാർക്ക് തിരുവനന്തപുരത്തു കാണിച്ചാലല്ലേ കുഴപ്പമൊള്ളൂ. അവൻ അതിവിദഗ്ദ്ധമായി ഇന്നലെ ആ പേപ്പർ ചുരുട്ടിക്കൂട്ടി എന്റെ പെട്ടിക്കകത്ത് വച്ചു. ഇപ്പൊ അത് എന്റെ കൂടെ ആലപ്പുഴയിലുണ്ട്.. നമ്മൾ ഈ പൂച്ചെയൊക്കെ നാട് കടത്തില്ലേ, അതുപോലെ ആശാൻ ഹിന്ദി പേപ്പർ നാട് കടത്തിയതാ.."

"അവൻ ആള് കൊള്ളാമല്ലോ..എടാ ചന്തൂ.."

"വിട്ടുകള. അവൻ സംഗതി വിദഗ്ദ്ധമായി കൈകാര്യം ചെയ്തില്ലേ..!! ഹ ഹ ..!!"

"എന്നാലും ഒന്ന് ചോദിക്കെണ്ടേ? എടീ അമ്മുവേ, ചന്തു എവിടെ?"

"അവൻ ഉറങ്ങീന്നു  പറയാൻ പറഞ്ഞു.."


പറ്റീര് പ്രസ്ഥാനം 

"എടാ ചന്തൂ  വല്ലതും നല്ലപോലെ പഠിച്ചില്ലേ നിന്റെ കാര്യം പോക്കാ. വല്ല നല്ല ജോലീം കിട്ടണേൽ വല്ലോം നല്ലതുപോലെ പഠിക്കണം. "

" വെറുതെ ജോലിയെടുത്തു കഷ്ടപ്പെടുന്നതെന്തിനാ?"

"നീ വലുതാകുമ്പോ, അച്ഛനുമമ്മയും ഒന്നും കാണില്ല. നീ എങ്ങനെ ജീവിക്കും ?"

"അന്നേരം അമ്മുച്ചേച്ചിക്ക് ശമ്പളം  കാണും. അതേ കുറച്ച് എനിക്കും തരും.."

"തരും തരും.. പിച്ച എടുത്തു നടന്നോടാ .. എടാ പത്താം ക്ലാസ്സാ നീ... അത് ഇമ്പോർടന്റാ. ഉഴപ്പാൻ പറ്റില്ല. അല്ലേൽ നിന്റെ അമ്മുചേച്ചിയോട് ചോദിച്ചു നോക്ക്.."

"നേരാന്നോ അമ്മുച്ചേച്ചീ.."

"പറഞ്ഞു കൊട് മോളെ. അങ്ങനേലും അവൻ നാലക്ഷരം പഠിക്കട്ടെ..!!"

"നേരാന്നോ അമ്മുച്ചേച്ചീ.."

"ചുമ്മാതാടാ  ചന്തൂ .."

"ഡീ.."

"എന്നോടും ഈ അച്ചയും അമ്മയും പറഞ്ഞു, ഡീ മോളെ പത്താം ക്ലാസാ, നല്ല മാർക്ക് മേടിച്ചില്ലേ നിന്റെ കാര്യം പോക്കാണെന്ന്. കുത്തിയിരുന്നു പഠിച്ചു..പത്താം ക്ലാസ് കഴിഞ്ഞപ്പോ പറയാ, ഡീ മോളെ പ്ലസ്‌ റ്റൂവിനു നല്ല മാർക്കില്ലേ നിന്റെ കാര്യം പോക്കാന്നു.. പിന്നേം  കുത്തിയിരുന്നു പ്ലസ്‌ ടൂ പഠിച്ചു..."

"ഡീ അമ്മൂ, ഇങ്ങനെയാ നീ ഉപദേശിക്കുന്നെ..!!??"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"അപ്പൊ പിന്നെ എന്ട്രന്സായി.. ഡീ അമ്മൂ, കുത്തിയിരുന്നു പഠിച്ചില്ലേൽ നല്ല എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടൂല്ല എന്നായി.. കുത്തിയിരുന്നു പഠിച്ചു . കോച്ചിംഗ് ...കോച്ചിംഗ്.. ട്യൂഷൻ..ട്യൂഷൻ!"

"ഡീ അമ്മൂ..!!"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"ഒടുവിൽ എൻജിനീയറിങ്ങിനു കിട്ടിയപ്പളോ, ഡീ അമ്മൂ, ഒറ്റ സെമസ്റ്ററും  സപ്ലിയാകല്ല്..കുത്തിയിരുന്നു പഠിച്ചില്ലേൽ നല്ല ജോലിയൊന്നും കിട്ടൂല്ല..!"

"ഡീ അമ്മൂ,. നിനക്ക് അടുക്കളെ പോയി അമ്മയെ സഹായിച്ചൂടെ..?!!"

"അമ്മുച്ചേച്ചി പറ..അമ്മുച്ചേച്ചി പറ.."

"ഒക്കെ ഒരു പറ്റീര് പ്രസ്ഥാനമാ ചന്തൂ.. നീയും അനുഭവിക്ക് ..!"