Friday 22 November 2013

ഇരുൾ പറയാതിരുന്നത്


മുക്കിൽ ബസ്സിറങ്ങുമ്പോൾ സമയം ഏഴു മണി.
ഇരുൾ  പരന്നു തുടങ്ങിയിരുന്നു.
അവൾ ചുറ്റും പരതി  നോക്കി. പരിചിത മുഖങ്ങൾ  ഒന്നും തന്നെ കാണുന്നില്ല.

ഈശ്വരാ, ഇത്ര വൈകുമെന്ന് കരുതിയതല്ല. വഴിക്ക് ടയർ ചീത്തയായി  ബസ്‌  അരമണിക്കൂർ താമസിച്ചതെയുള്ളൂ, ശത്രുവായ ഇരുൾ ആ അവസരം ഉപയോഗിച്ചു  എന്നെയും  കാത്ത്  ഇടവഴിയിൽ വല വിരിച്ചു നില്ക്കുന്നു.

അമ്മയെ വിളിച്ച്  താമസിക്കുമെന്ന് പറഞ്ഞപ്പോൾ മുക്കിൽ വന്നു കാത്തു നില്ക്കാം എന്ന്  പറഞ്ഞതാണ്. നടക്കുമ്പോൾ മുട്ടിനു വേദന പറയുന്ന അമ്മ നീണ്ട ഈ ഇടവഴി താണ്ടി മുക്കിലേക്ക്‌ വരുന്നതും പോകുന്നതും ആലോചിച്ചപ്പോൾ വിലക്കി. ഒരു ചേട്ടനെയോ അനിയനെയോ തരാതെ കാലയവനികയ്ക്കപ്പുറം പോയി  മറഞ്ഞ അച്ഛനെ വെറുതെ മനസ്സിൽ  ശാസിച്ചു .പിന്നെ സ്വന്തം ബാലിശത ഓർത്ത് ചിരിച്ചു.

റോഡ്‌ മുറിച്ചു കടന്ന് ഇടവഴിയിലേക്ക്  കയറുമ്പോൾ അവൾ ഒന്നുകൂടി ചുറ്റും പരതി  നോക്കി. ആരെങ്കിലും ഈ വഴിക്ക് വരുന്നുണ്ടോ? ഒരു കൂട്ടിനു വീട് വരെയെങ്കിലും... പരിചിതർ തന്നെ വേണമല്ലോ.
ആരുമില്ല. ആകെയുള്ള ഒരു പെട്ടിക്കട തട്ടിയിട്ട് അടഞ്ഞു കിടക്കുന്നു.രാമേട്ടൻ  ഇന്ന് കട തുറന്നില്ലേ?

ഇടവഴിയിലേക്കു  തിരിഞ്ഞു കയറവേ ഒരുനിമിഷം അവൾ പതറി നിന്നു . ഈശ്വരാ, ഇടവഴിക്ക് നടുക്കുള്ള പോസ്റ്റിലെ പ്രകാശവും അപ്രത്യക്ഷമായിരിക്കുന്നു. അത് ഇടക്കിടെ പോകും. ബോർഡ്കാർ   തിരിഞ്ഞു നോക്കണമെങ്കിൽ ആഴ്ചകൾ പിടിക്കും.
ഇടവഴി ഇരുൾ  പരന്നു നീണ്ടു കിടക്കുന്നു. നീയിങ്ങു വാ... നീയിങ്ങു വാ... ഞാൻ   നിന്നെയൊന്നു  ആവേശിക്കട്ടെ എന്ന് ഉറക്കെ പറയുന്ന ഇരുൾ .  ഒരു ചേട്ടനു വേണ്ടിയോ   അനിയനുവേണ്ടിയോ  വീണ്ടും അവളുടെ ഹൃദയം  തുടിച്ചു.

ഒരു നിമിഷം ആരോ അവളോട് വേണ്ടാ വേണ്ടാ എന്ന് പറയുമ്പോലെ തോന്നി. ഈ ഇരുളിന്റെ ഗുഹാമുഖത്തിനപ്പുറം നിന്നെയും കാത്ത് പേടിപ്പിക്കുന്ന എന്തോ ഒന്ന് നില്പ്പുണ്ട്. നിന്റെ വരവും കാത്ത് ഒരു ഗൂഢസ്മിതവുമായി എന്തിനോ ഓങ്ങി നില്ക്കുന്ന എന്തോ ഒന്ന്.

പെട്ടെന്ന് തന്നെ അവൾ സ്വയം ശാസിച്ചു. ഇങ്ങനെ പേടിച്ചാൽ എങ്ങിനെയാണ് ജീവിതം മുൻപോട്ട് പോകുന്നത്? അറിയുന്ന വഴിയല്ലേ. എന്നും നടക്കുന്ന വഴി. ഇരുൾ അവാഹിച്ചാൽ  അതുടൻ അപരിചിതമാകുമോ?

എങ്കിലും ഇരുൾ ഒന്നും പറയാത്തവനാണ്. പ്രകാശം മാത്രമേ എന്തും പറയുന്നുള്ളൂ, കാണിച്ചു തരുന്നുള്ളൂ. അവനവന്റെ കഴിവ് പോലെ മനസ്സിലാക്കണം എന്നുമാത്രം.  ഇരുൾ  അങ്ങനെയല്ല, ഒന്നും പറയാതെ കബളിപ്പിക്കും. അപ്പോൾ മനസ്സിനും സംശയമാകും.

ഒരു മുന്നൂറു കാലടികൾ. അപ്പോൾ വീട്ടു പടിക്കൽ എത്തും. ഒന്നേ രണ്ടേ എന്നെണ്ണി നടന്നാൽ പേടി ഉണ്ടാകില്ല എന്ന് അമ്മ ചെറുപ്പകാലത്ത് പഠിപ്പിച്ചു തന്നിട്ടുണ്ട്. സന്ധ്യ  മയങ്ങി കടയിൽ നിന്നും സാധനം വാങ്ങി മടങ്ങുമ്പോൾ എണ്ണും. പേടി അസഹ്യമാകുമ്പോൾ നടപ്പിനു വേഗം കൂടും.  എണ്ണം തെറ്റും. എണ്ണം തെറ്റിയെന്നു മനസ്സിലാകുന്നതോടെ  പേടി ഇരട്ടിക്കും. അമ്മെ എന്ന് മനസ്സിൽ  വിളിച്ചുകൊണ്ട് ഓടും. മിക്കവാറും വീടിനടുത്തെത്തുമ്പോൾ ഓടിയണച്ചിരിക്കും.
വളർന്നു വലിയ ഒരു പെണ്ണായതോടെ ഭയം അതിലും വേഗം വളർന്നു വന്നു. എന്തിനെയും പേടി. എന്തിനെയും പേടിക്കണം എന്നാണല്ലോ ലോകം പറയുന്നത്. പ്രകാശത്തിൽ തന്നെ പേടിക്കേണ്ടും കാലം. അപ്പൊ ഇരുളായാലോ ..  ഒന്നിനെയും വിശ്വസിച്ചു കൂടാ.
അമ്മ പറയും. സൂക്ഷിക്കണേ മോളെ, നമുക്ക് നമ്മളേയുള്ളൂ തുണ..!

ഇരുട്ട് ഇടവഴിയുടെ തുടക്കത്തിൽ വായും പൊളിച്ചു കിടക്കുകയാണ്.
മുക്കിലെ പ്രകാശത്തിലേക്ക് ഒരു സാന്ത്വനത്തിനെന്നവണ്ണം ഒരുവട്ടം കൂടി  തിരിഞ്ഞു നോക്കിയിട്ട് അവൾ ഇടവഴിയിലേക്ക് തിരിഞ്ഞു കയറി.  സ്വന്തം  നിഴലിനെ  ഇടവഴിയിൽ  പതുങ്ങി കിടന്ന ഇരുൾ വിഴുങ്ങുന്നത് ഒട്ടൊരു ഭീതിയോടെ  അവൾ കണ്ടു. ഇനി ഞാൻ..

മേച്ചിൽ ഭഗവതീ, കാത്തോളണേ . മനസ്സിൽ  നിന്നും ഒരു പ്രാർത്ഥന ഉയർന്നു  വന്നു. ഞാൻ ഇരുളിലൂടെ നടക്കുകയാണ്. ഒരു പേടി വിചാരവും  മനസ്സിൽ വരല്ലേ. വെറും ഒരു മുന്നൂറടി.അപ്പോഴേക്കും ഞാൻ വീടെത്തില്ലേ ..!

മൊത്തം ഇരുളായി. കണ്ണിൽ  കുത്തിയാൽ കാണാത്ത ഇരുട്ട്. വഴിയിലെങ്ങും വീടുകളില്ല. ആദ്യത്തെ വീടിന്റെ മുറ്റത്ത്  അമ്മ വെളിച്ചവും തെളിച്ച് നിൽപ്പുണ്ടാവും. ദൂരെ നിന്നേ  അമ്മയെ കണ്ടാൽ  ധൈര്യം മുഴുവൻ തിരിച്ചു വരും. അവൾ അമ്മയുടെ ചിരിക്കുന്ന മുഖം മനസ്സിലേക്ക് ആവാഹിച്ചു മുന്നോട്ട് നടന്നു.

ഈ ഇടവഴി പണ്ടൊരു തോടായിരുന്നു. രണ്ടു വശത്തും ഉയർന്നു നിൽക്കുന്ന കയ്യാലകൾ. കയ്യാലകൾ തീർന്നാൽ നിരപ്പുള്ള സ്ഥലം. തല ഉയർത്തി നോക്കിയപ്പോൾ  ആകാശത്തെ അരണ്ട വെളിച്ചത്തിൽ ഇരുവശങ്ങളിലും തലമുടിയഴിച്ചിട്ടു നില്ക്കുന്ന യക്ഷികളെപ്പോലെ കൂറ്റൻ മരങ്ങൾ.

ഭഗവതീ, ഇപ്പോൾ യക്ഷികളെക്കുറിച്ചു എന്തിനാണ് ചിന്തിച്ചത്?  പെട്ടെന്ന് തന്നെ രക്തം കിനിയുന്ന ദ്രംഷ്ടകളുമായി യക്ഷികൾ അവൾക്കു ചുറ്റും നൃത്തം ചെയ്യാൻ തുടങ്ങി. ചെറുപ്പകാലത്ത് മേച്ചിൽ ക്ഷേത്രത്തിലെ കാളിത്തെയ്യം കണ്ടിട്ട്  ദിവസങ്ങളോളം ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു കരയുമായിരുന്നു എന്ന് അമ്മ പറഞ്ഞിട്ടുണ്ട്.ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് കാളിത്തെയ്യത്തിന്റെ നിണമാർന്ന മുഖം അവളുടെ മുൻപിലേക്ക് ഒഴുകിയിറങ്ങി. കഴുത്തിനു പിന്നിലെ രോമം എഴുന്നേറ്റു നിൽക്കുന്നു. ഒരു ഉഛ്വാസവായു കഴുത്തിനു പിന്നിൽ തട്ടുന്നുണ്ടോ? നീ എന്തൊക്കെയാണ് ചിന്തിക്കുന്നത്? പേടിപ്പിക്കുന്നതൊന്നും ചിന്തിക്കരുതെന്ന്‌ കരുതിയിട്ട്..! നടത്തത്തിന്റെ വേഗത അവൾ അറിയാതെ കൂടി.

പെട്ടെന്ന് കാലുകൾ  തളർന്ന്  ഒരുനിമിഷം അവൾ നിന്ന് പോയി.   അവിടെ ആ മരം ഇരുളിൽ മുങ്ങി നിന്നാടുന്നു. മാസങ്ങൾക്ക്  മുൻപ്   മേരിയുടെ ശരീരം തൂങ്ങി നിന്നാടിയ  മരം.. നാക്ക് കടിച്ചു ഭീതി ജനിപ്പിക്കുന്ന ആ രൂപം അന്ന് അവൾ  ഒന്നേ നോക്കിയുള്ളൂ. പക്ഷെ മനസ്സിന്റെ അടിത്തട്ടിൽ അത് ആരോ കല്ലുകൊണ്ട് ഉരച്ചു  രേഖപ്പെടുത്തി വച്ചിരിക്കുകയാണ്. മായില്ല എന്ന നിർബന്ധബുദ്ധിയോടെ. പേടിയേക്കുറിച്ച് ആലോചിച്ചാൽ മതി, മേരിയുടെ ബീഭത്സ മുഖം മനസ്സിൽ  ഉയർന്നു  വരികയായി.

അവൾ കണ്ണിറുക്കിയടച്ച് മുൻപോട്ട് നടന്നു. ഏതായാലും ഇരുട്ടാണ്‌. എന്തിനു ചുറ്റും നോക്കി പേടിക്കണം?

ഈ ഇരുട്ടിൽ ആരെങ്കിലും ഒരുവൻ വന്നു കയറിപിടിച്ചാലോ?

ഭഗവതീ, നീ എന്നെ വീണ്ടും പേടിപ്പിക്കുകയാ?  അലറി വിളിച്ചു കൂവും ഞാൻ...

വിളിച്ചു കൂവിയാൽ ആരു കേൾക്കാൻ.?  പേടി വന്നാൽ പിന്നെ ശബ്ദം  പുറത്തു വരില്ല എന്ന് ആൾക്കാർ പറയാറുണ്ട്. തൊണ്ട അടഞ്ഞു പോകുമത്രെ.  അവൻ വായ്‌ പൊത്തിപ്പിടിച്ചാലോ? ചുറ്റുമുള്ള ഉയർന്ന കയ്യാലകൾ കഴിഞ്ഞാൽ  നിരപ്പുള്ള പറമ്പുകളാണ്. അവിടെ നീണ്ടു നിരന്നു കിടക്കുന്ന കശുമാവിൻ തോട്ടങ്ങൾ. അവൻ എന്നെ അങ്ങോട്ട്‌ വലിച്ചിഴച്ചാലോ..ഇടവഴിയിൽ നിന്നും പകൽ  സമയം നോക്കിയാലെ അവിടെ എന്ത് നടക്കുന്നൂ എന്ന് കാണാൻ കഴിയില്ല. പിന്നെയാണ് ഈ ഇരുളിന്റെ മറവിൽ.
ഭഗവതീ, ഞാനെന്തു ചെയ്യും?
ദിവസവും എത്ര കഥകള്ലാണ് പത്രങ്ങളിൽ വരുന്നത്. ജോലി കഴിഞ്ഞു വരുന്ന പെണ്‍കുട്ടികളെ നരാധമന്മാർ..

ഭഗവതീ, ഭഗവതീ, എന്നുറക്കെ വിളിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു. കാത്തുകൊള്ളണേ...
ഓരോ ചുവടും   ഓരോ പ്രകമ്പനങ്ങളായി  അവളുടെ കാതുകളിലേക്ക് എത്തി.  ഇനി ഒരു ഇരുന്നൂറടി കൂടി വച്ചാൽ എന്റെ വീട് കാണും,  അത് വരെയെങ്കിലും ഒന്നും  സംഭവിക്കാതെ, ഭഗവതീ  നീയെന്നെ കാത്തോളണേ...!

പെട്ടെന്ന് പിന്നിൽ നിന്നുമുയർന്ന ഒരു ചുമ ശബ്ദം കേട്ട് അവൾ തളർന്നു  നിന്നു. പതിയെ തല തിരിച്ചു മുക്കിലേക്ക്‌ നോക്കി. അതാ ഒരു രൂപം ഇടവഴിയിലേക്ക് കയറുന്നു. മുണ്ട് മടക്കി കുത്തിയ ഒരു ആൾ രൂപം. ഏതോ ഒരു പുരുഷൻ.. പെട്ടെന്ന് തന്നെ അയാളെ ഇടവഴിയിലെ ഇരുൾ  വിഴുങ്ങി.

മുൻപോട്ടു ഓടാൻ മനസ്സു പറയുമ്പോഴും അവളുടെ ശരീരം കുറ്റിയടിച്ചതുപോലെ അവിടെ നിന്നു . തൊണ്ട മുഴുവൻ വരണ്ട് ഉമിനീര് പോലും ഇറക്കാനാവാതെ നിന്ന അവൾക്കു ചുറ്റും അരൂപികൾ നൃത്തമാടാൻ തുടങ്ങി. എവിടെയാണ് എന്ന് പോലും അറിയാത്ത ഒരുതരം സ്തംഭനാവസ്ഥ അവളെ വ്യാപിച്ചു. ഇരുട്ടിന്റെ കറുത്ത നിറം ക്രമേണ ഒരു തരം  ചാര നിറം പൂണ്ട്  അവളെ മൂടി. ചീവീടുകളുടെ  സ്വരം  അവളുടെ ചെവിയിലേക്ക്  ഇരച്ചുകയറി. അത് തല മുഴുവൻ നിറഞ്ഞു കവിഞ്ഞ്  ആകാശത്തേക്കുയർന്നു. അവൾ  ഇപ്പോൾ തറയിൽ നില്ക്കുകയല്ല.ഇരുളിന്റെ കരങ്ങളിലേറി ഭാരമില്ലാതെ  അന്തരീക്ഷത്തിൽ ഊയലാടുകയാണ്. ഇരുളിൽ നിന്നും പുക രൂപത്തിൽ ആരൊക്കെയൊ വന്നു നോക്കി മറയുന്നു. ഒരുപാട് മുഖങ്ങൾ. ദ്രംഷ്ടയിൽ നിന്നും ചുടുനിണം വാർന്നൊഴുകുന്ന തെയ്യ രൂപങ്ങൾ . നാക്ക് കടിച്ചു പിടിച്ചു  കുറ്റപ്പെടുത്തും മട്ടിൽ  കണ്ണ് തുറിച്ചു നോക്കി മേരി. ഏതോ  ബലിഷ്ഠ കരങ്ങൾ പുറകിൽ  നിന്ന്  അവളെ ചുറ്റി വരിയുകയാണ്. ഏതോ കരങ്ങളിൽ ഒതുങ്ങി  അവളുടെ  ശരീരം എങ്ങോട്ടെന്നില്ലാതെ പറന്നു നീങ്ങുകയാണ്. കശുമാവിൻ  പൂക്കുല മണം  അവളുടെ നസാരന്ധ്രങ്ങളിൽ എരിവിന്റെ ഒരു പുകച്ചിൽ പരത്തുകയാണ്. മരത്തടി പോലെ ഭാരം പൂണ്ട നാവിൽ ഊറിവരുന്ന  കയ്പ്പ് തിരിച്ചറിഞ്ഞ് അവൾ തരിച്ചു നിന്നു.

കരിയില ഞെരിയുന്ന ശബ്ദം  വളരെ വേഗം അടുത്തു വന്നു . അത് ഓടിയടുക്കുകയാണ്. കണ്ണ് ഇറുക്കിയടച്ച് കൈകൾ  തോൾ  സഞ്ചിയിൽ ഒരു അഭയമെന്നവണ്ണം മുറുക്കി പിടിച്ചു അവൾ ഇരുട്ടിനെ പുൽകി  നിന്നു. ഞാനിതാ നിന്നിൽ വിലയം പ്രാപിക്കാനായി സന്നദ്ധയായി കഴിഞ്ഞു.

"എന്റെ രമേച്ചീ, എന്തോരോട്ടമാ ഇത്..!"

അരവിന്ദന്റെ ശബ്ദം മറ്റേതോ ലോകത്തിൽ നിന്നെന്നവണ്ണം അവളുടെ കാതിൽ പതിഞ്ഞു.

"അമ്മ പറഞ്ഞു, രമേച്ചി വരുമ്പോൾ   കൂട്ടിക്കൊണ്ടു വരാൻ .. ഞാൻ മുക്കിലുണ്ടായിരുന്നു. പക്ഷെ, ബസ്‌ വന്നത് ഞാങ്കണ്ടില്ല.."

അവൾ പതിയെ കണ്ണ് തുറന്നു. അതിശയം, ഈ ഇരുട്ട് നേർത്ത് ഒരു നിലാവെളിച്ചം പോലെയാണല്ലോ.. എനിക്ക് അരവിന്ദന്റെ മുഖം കാണാമല്ലോ.

" ഞാനിങ്ങോട്ട്‌  വരുമ്പോ ഈ പോസ്റ്റിൽ ലൈറ്റ് ഉണ്ടാര്ന്നു. അതോണ്ടാ ടോര്ച്ചു പോലും എടുക്കാഞ്ഞേ.. "

ആകാശത്തിനു എപ്പോഴും ഒരു വെളിച്ചമുണ്ടല്ലെ..? ഭൂമിയിലെ ഇരുളിനെ നോക്കി അങ്ങനെ പുഞ്ചിരിച്ച് , അതിനോട് വർത്തമാനം പറഞ്ഞ് ..

അവൾ കുതിച്ചുപായുന്ന നെഞ്ചിടിപ്പിനെ പിടിച്ചു നിർത്താനെന്നവണ്ണം വലതുകരം പിണച്ചു നെഞ്ചിലമർത്തി. ഒരു കാറ്റിൽ ഉലഞ്ഞു നേരെയായത്‌ പോലെ ഒരു ദീർഘ നിശ്വാസം ഉതിർത്തു .
ചുറ്റുപാടും  എന്തൊരു തെളിച്ചമാണ് ..!
ഇടവഴിയുടെ രണ്ടറ്റവും നന്നായി കാണാം.

"എന്റെ രമേച്ചീ, എന്തൊരു ഓട്ടമായിരുന്നു..!  ഞാൻ പുറകെ വിളിച്ചു. ചേച്ചി കേട്ടില്ല.. പിന്നെ ഞാൻ പുറകെ വച്ചു പിടിക്കുകയായിരുന്നു.."

അവൾ കഷ്ടപ്പെട്ട് ഒന്ന് മൂളി. പതുക്കെ അവനുമോത്തു നടക്കാൻ തുടങ്ങി.

" എനിക്കാണേൽ പേടി വന്നിട്ട് വയ്യ. ആ മേരി തൂങ്ങിയ  മരം  കണ്ടാലേ  എനിക്ക് പേടിയാ. ഞാനെത്തുമ്പോഴേക്കും രമേച്ചി അവിടം കടക്കല്ലേന്നു ഭഗവതിയോട് പ്രാർത്ഥിക്കുകാര്ന്നു . പറ്റിച്ചു കളഞ്ഞു..! പിന്നെ ഞാൻ കണ്ണുമിറുക്കിയടച്ചു ഒരു വിടലായിരുന്നു. ചേച്ചിയുടെ അടുത്തെത്തിയാ നിന്നത്.!"

അവളുടെ മനസ്സിലെ അവസാന ഭയവും എരിഞ്ഞടങ്ങി. ചുറ്റും പകൽ  പോലെ തെളിയാൻ തുടങ്ങി.  മേരി തൂങ്ങി നിന്നാടിയ മരം  അവൾ  തിരിഞ്ഞുനോക്കി ഒരു നിമിഷം നിന്നു. പിന്നെ അരവിന്ദന്റെ മുഖത്തേക്ക് നോക്കി, ഉള്ളിൽ തികട്ടി വരുന്ന ചിരിയമർത്തി അവൾ പറഞ്ഞു,

"നടക്കെടാ, വളർന്നു  മുട്ടനായി, കൊളേജിലുമായി.. അവന്റെയൊരു പേടി..!!"



No comments:

Post a Comment