Sunday, 16 June 2013

രണ്ടാം വരവ്.


രണ്ടാം വരവ്ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 

മായാമൃഗങ്ങൾ നിറഞ്ഞ കാനനഗർഭങ്ങളിൽ 
അസുരപുത്രിയുടെ കാമം നിറഞ്ഞ കണ്‍കളിൽ 
യുദ്ധക്കളത്തിലെ രക്തപ്പുഴകളിൽ 
മേഘനാദന്റെ ശരങ്ങളിൽ 
എവിടെയും എവിടെയും 
കളഞ്ഞിടാത്ത  മനവുമായ് 
സ്നേഹവുമായ് 
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഒരു രണ്ടാം വരവ്..

ഇനി,
ഇരുളടഞ്ഞ കിടക്കറയിലെ 
കണ്ണീരിലുറഞ്ഞ സ്വപ്നങ്ങളില്ല.
ചുവന്ന കണ്ണുകളാൽ ചുവന്ന കണ്ണുകളിൽ നോക്കി 
തത്തമ്മയോടടക്കം പറഞ്ഞു കരയേണ്ടതില്ല.
ജാലകപ്പാളികൾക്കിടയിലൂടെ നീളും 
മോഹങ്ങൾ  തൻ കുത്തൊഴുക്കില്ല.. .
ഇനി,
മോഹങ്ങളില്ല, മോഹഭംഗങ്ങളുമില്ല.
ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
ഒരു രണ്ടാം വരവ്..

മൌനമുറയും നിൻ  ശയ്യാഗൃഹത്തിൻ 
വാതിൽപ്പാളികൾ മെല്ലെത്തുറന്ന് 
മന്ദമാരുതൻ തൻ കയ്യാൽ തുടിക്കും 
പട്ടുതിരശീലകൾ മാടിയൊതുക്കിയും 
നെഞ്ചിടിപ്പിൻ തീവ്രസംഗീതമിന്നൊരു 
വീർപ്പുമുട്ടലിൽ സ്വയം പിടിച്ചുലച്ചും  
നിന്റെ ദേവനിതാ നിന്നെത്തിരയുന്നു..
ഇതൊരു ലക്ഷ്മണകാണ്ഠം.

ഊർമിളെ, 
നിന്റെ  ദേവനിതാ മടങ്ങിയെത്തിയിരിക്കുന്നു... 
എന്തേ ഊർമിളെ, 
എന്തേ ഊർമിളെ  ഈ മൗനം?

Friday, 7 June 2013

ഗരീന അഥവാ ഒരു കുസൃതിച്ചോദ്യം
അയാളുടെ കുട്ടിക്കാലത്ത് അച്ഛൻ അയാളോട് എപ്പോഴും  ആ കുസൃതിച്ചോദ്യം ചോദിക്കുമായിരുന്നു..
"നിനക്ക് ആരെയാണ് കൂടുതൽ  ഇഷ്ടം? അച്ഛനെയോ അതോ അമ്മയെയൊ? "

അച്ഛനോടും അമ്മയോടുമുള്ള സ്നേഹം പരസ്പരം ഏറ്റുമുട്ടുമ്പോൾ, ഒന്നും മിണ്ടാനാകാതെ കുഴഞ്ഞുനിൽക്കുമ്പോൾ, അമ്മ സഹായത്തിനെത്തും..
"നിങ്ങൾ കുഞ്ഞിനെ വെറുതെ കുഴപ്പിക്കാതെ.. അവന് രണ്ടുപേരെയും ഇഷ്ടമാ..ഒരുപോലെ ഇഷ്ടം.."
"എന്നാലും ആരെയാ കൂടുതൽ  ഇഷ്ടം?"
അച്ഛൻ വിടാതെ പുറകെ കൂടും.
"മോൻ പറയണ്ട മോനെ..നിന്റെ അച്ഛന് പിരാന്താ.." അമ്മ അച്ഛന്റെ അടുക്കൽ നിന്നും രക്ഷിക്കും..

അമ്മയ്ക്ക് അച്ഛൻ  എന്ന് പറഞ്ഞാൽ  ജീവനായിരുന്നു. അവർ തമ്മിൽ മുഷിഞ്ഞു സംസാരിക്കുന്നത് അയാൾ  കണ്ടിട്ടേ ഇല്ല. അമ്മയ്ക്ക് ഇഷ്ടപെടാത്തത് എന്തെങ്കിലും അച്ഛൻ പറയുകയോ ചെയ്യുകയോ ചെയ്‌താൽ അമ്മ മറിച്ചൊന്നും പറയുമായിരുന്നില്ല. എങ്കിലും അമ്മയുടെ ഭാവഭേദത്തിന്റെ സൂഷ്മാംശങ്ങൾ അപ്പപ്പോൾ തന്നെ മനസ്സിലാക്കിയിരുന്ന അച്ചൻ ഉടനെ അതിനു പരിഹാരവും ചെയ്തിരുന്നു..അമ്മ പറയാതെ തന്നെ.

അയാൾക്ക്‌ ഒരു കുട്ടിയുണ്ടായിക്കഴിഞ്ഞും ആ കുസൃതിചോദ്യം അയാളെ പിന്തുടർന്നു. അയാൾ മകനോട്  ചോദിക്കും. 
"കണ്ണാ, നിനക്ക് അഛനെയാണോ കൂടുതൽ ഇഷ്ടം, അമ്മയെയാണോ?"

അവൻ ആലോചനയിലേക്ക്  ഊഴ്ന്നിറങ്ങുമ്പോൾ  അയാളുടെ ഭാര്യ അവനെ പ്രോത്സാഹിപ്പിക്കും.
" കണ്ണാ, അമ്മയാ നിനക്ക് പാല് തരുന്നേ..നിനക്ക് ഇഷ്ടമുള്ള ചക്കരപായാസം ആരാ ഉണ്ടാക്കിത്തരുന്നേ..?"
അയാൾ  എരിവു കൂട്ടും.
"കണ്ണാ..അച്ഛനാണ് നിനക്ക് ഉടുപ്പ് മേടിച്ചു തന്നത്.."
കണ്ണൻ രണ്ടുപേരെയും മാറിമാറി നോക്കിപ്പറയും..
" എനിക്ക് രണ്ടുപേരെയും ഇഷ്ടമാ.."

എത്ര പ്രേരിപ്പിച്ചാലും അവൻ ആരുടെയും വശം  പിടിക്കാറില്ലായിരുന്നു..അന്നേ അവൻ പ്രായോഗിക ബുദ്ധിക്കാരനാണ് . ഇന്നും അതെ. ആരെയും വിഷമിപ്പിക്കാതെ സ്വന്തം കാര്യം നേടാൻ അവനെ കഴിഞ്ഞ്  ആരുമില്ല. 
ഭാര്യ അയാളോട് പറയും. "നിങ്ങളുടെ മോൻ തന്നെ.. നിങ്ങൾ ആരെയും വെറുപ്പിക്കില്ലല്ലൊ. കാര്യവും  കാണും.. ഞാൻ ഒരു മണ്ടി, ആവശ്യമില്ലാത്തിടത്തൊക്കെപോയി തലയിട്ടു പഴിയും കേൾക്കും.."

കണ്ണന് ഒരു മകൻ ഉണ്ടായി, അവൻ സംസാരിച്ചു തുടങ്ങിയപ്പോൾ ആ കുസൃതിചോദ്യം അയാളെ തേടി വീണ്ടും എത്തി..
വീഡിയോ  ഗയ്മിൽ ശ്രദ്ധിച്ചു കളിക്കുന്ന പേരക്കുട്ടിയോട്‌ അയാൾ  ചോദിച്ചു.
"അച്ചൂട്ടാ ..നിനക്ക്  ഡാഡിയെ ആണോ മമ്മിയെ ആണോ കൂടുതൽ ഇഷ്ടം?"

അയാളുടെ  ഭാര്യ അയാളെ നോക്കി പുഞ്ചിരിച്ചു. നിങ്ങൾക്ക്  വേറെ ഒരു പണിയുമില്ലേ എന്ന് അവളുടെ കണ്ണുകൾ  ചോദിച്ചു..

അച്ചൂട്ടൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.. അവന്റെ ശ്രദ്ധ മുഴുവൻ കമ്പ്യൂട്ടർ സ്ക്രീനിലാണ്.
അയാൾ വീണ്ടും ചോദിച്ചു .
'പറ കുട്ടാ..നിനക്കാരെയാണ് കൂടുതൽ ഇഷ്ടം..ഡാഡിയെയോ മമ്മിയെയോ?"

അവൻ തല പെട്ടെന്ന് വെട്ടിത്തിരിച്ചു മറുപടി പറഞ്ഞു..
"എനിക്ക് ഗരീനെയാണ് കൂടുതലിഷ്ടം."
അവന്റെ തല അതേപടി തിരിഞ്ഞു കമ്പ്യൂട്ടറിലെക്കായി.

ഗരീനയോ..അതാരാണീ  ഗരീന?
അയാള് ഭാര്യയെ  നോക്കി പുരികമുയർത്തി.
"ഗരീനെയോ..അതാരാ ഈ ഗരീന.. പുതിയ കഥാപാത്രം?"

അയാളുടെ ഭാര്യ പറഞ്ഞു..
"അത് അവന്റെ ക്ലാസ്സിലെ കുട്ടിയായിരിക്കും.."
അവൾ പേരക്കുട്ടിയുടെ ചുരുണ്ട തലമുടിയിൽ വിരലുകൾ ഓടിച്ച് അവനോടു ചോദിച്ചു..
"ഗരീനയാരാ.. നിന്റെ ഗേൾ ഫ്രെണ്ടാ..?"

അവൻ തല വെട്ടിച്ച്  അവളുടെ കൈകളിൽ  നിന്നും സ്വതന്ത്രനായി.. പിന്നെ ഉറക്കെച്ചിരിച്ചുകൊണ്ട് ഇങ്ങിനെ പറഞ്ഞു.
"ഈ അപ്പൂപ്പക്കും അമ്മൂമ്മക്കും ഒന്നും അറീല്ലാ.. ഗരീന എന്റെ വീഡിയോ ഗയിമാ..."