Friday, 31 May 2013

കളിമണ്‍ പാത്രങ്ങൾപതിവ് പോലെ തന്നെ ഒരു തർക്കത്തിന്റെ അവസാനം ഹമീദ് മാഷ് കഥയിലേക്ക് കടന്നു. കേൾവിക്കാർ ഞങ്ങൾ നാലുപേരും, മാൻഷൻ ഹൗസിന്റെ ഒരു കുപ്പിയും.

രാമകൃഷ്ണൻ വലിയ ആദർശവാദിയാണ്. പുള്ളിക്കാരൻ ആദ്യത്തെ പെഗ്ഗിൽ തന്നെ സമൂഹത്തിൽ ഇന്ന് നടന്നുവരുന്ന ഏതെങ്കിലും ഒരു കറുത്ത പാട് ചൂണ്ടിക്കാട്ടി വിലപിക്കാൻ തുടങ്ങും. കുറച്ചു കഴിയുമ്പോൾ ബാങ്കെർ രാജഗോപാലിന് ദേഷ്യം വരും. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം ജീവിതം ഒന്നേയുള്ളൂ. ഇതൊക്കെ നോക്കാൻ ആർക്ക്  നേരം? ഞാനാകട്ടെ വെറുതെ ചിരിച്ചുകൊണ്ടിരിക്കും. ഒരു പെഗ് കഴിഞ്ഞാൽ എനിക്ക് ചിരിക്കണം. അങ്ങനെയല്ലേ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആ ചിരി ഉപകരിക്കാറുണ്ട്. ഹമീദ് മാഷ് പറയും. നീ ചിരിക്കടാ. ചിരിച്ചോണ്ട് കഥ എഴുത്.

അന്നത്തെ ദിവസം രാമകൃഷ്ണന്റെ വിലാപം സമ്പത്തിന്റെ പുറകിലെ ധർമാധർമങ്ങളെക്കുറിച്ചായിരുന്നു. അധർമങ്ങളിലൂടെ  നേടുന്ന പണം ശാശ്വതമല്ല എന്നദ്ദേഹം ചില സംഭവകഥകളിലൂടെ ഉദാഹരിച്ചു. ബഹുഭൂരിപക്ഷവും അത്തരം പണത്തിന്റെ കാവൽക്കാരനായ രാജഗോപാലിന് കുറച്ചു കഴിഞ്ഞപ്പോൾ ചൊറിച്ചിൽ വന്നു. പിന്നെ അതൊരു തർക്കത്തിലെക്കുമാറാൻ അധിക സമയം എടുത്തില്ല.
അപ്പോൾ ഹമീദ് മാഷ്‌ പതിവ് പോലെ കഥ പറയാൻ തുടങ്ങി.
"മക്കളെ..ഇതൊരു ഉണ്ടാക്കി കഥയല്ല.. നടന്ന സംഭവം. മുഖ്യ കഥാപാത്രങ്ങൾ ഞാനും ഒരു ഹൂറിയും ."
ഹൂറി എന്ന് കേട്ടതോടെ രാജഗോപാൽ തർക്കം നിർത്തി  ഉഷാറായി.

"ഒരുപാട് കാലം മുൻപാണ്. ഞാൻ അങ്ങ് ഒരു വടക്കൻ ജില്ലയിലെ സ്കൂളിൽ മാഷായിരുന്ന കാലം. തെക്കുനിന്ന് വടക്കൊട്ടൊരു സ്ഥലം മാറ്റം.  ഹെഡ്മാഷ്  രാമൻകുട്ടിമാഷ്‌ ഒരു പാവത്താനാണ്. തിര്വോന്തരത്തുകാരൻ..നമ്മളങ്ങോട്ട്‌ ചെന്ന് തല്ലിയാൽ പുള്ളിക്കാരൻ സ്വാറി  പറയും.

ഈ സ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. നമ്മുടെ നാട്ടിലെ കളിമണ്‍ പാത്ര വ്യവസായത്തിന്റെ കേന്ദ്രമാണ് ഈ ഗ്രാമം. ഒരു കുഗ്രാമം. തങ്ങൾ  ആദിദ്രാവിഡരാണെന്നാണ് അവിടുത്തുകാർ അവകാശപ്പെടുന്നത്. പട്ടിണിയും പരിവട്ടവും ആയി കഴിയുന്നവർ.
കളിമണ്‍ പാത്ര നിർമാണം അവരുടെ കുലത്തൊഴിലാണ്. മാറ്റൊരു തൊഴിലും അവർക്ക്  അറിഞ്ഞു കൂടാ. ഫലം... പട്ടിണിയും പരിവട്ടവും.

മറ്റൊരു കാര്യത്തിലും ഈ ഗ്രാമം പ്രസിദ്ധമാണ്. കുപ്രസിദ്ധി എന്ന് പറയാം. കല്യാണം കഴിക്കാത്ത ഒട്ടേറെ അമ്മമാരുടെ ഗ്രാമം. ദാരിദ്ര്യം അവരുടെ ജീവിതത്തെ മറ്റൊരു കുലത്തൊഴിലേക്കും തള്ളി വിട്ടിരുന്നു."

രാമകൃഷ്ണൻ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി മുൻപോട്ട് ആഞ്ഞിരുന്നു.
ഹമീദ് മാഷ്‌ ഒന്നൂറിച്ചിരിച്ചിട്ട് പറഞ്ഞു.
"മോനെ രാമർഷ്ണാ ..നീ വിചാരിക്കുന്ന എരിവും പുളിയും ഇക്കഥയിലില്ല.."

എല്ലാവരും ചിരിച്ചു. മാഷ്‌ കഥ തുടർന്നു.

"വീടുകളിലെല്ലാം പട്ടിണിയും പരിവട്ടവുമാണ്. പാത്രനിർമാണം കഴിഞ്ഞ് സമയം ഉണ്ടെങ്കിലേ കുട്ടികളെ സ്കൂളിൽ വിടൂ. ഇഷ്ക്കോളി ബിട്ടിട്ട് എന്ത് നേടാൻ. ഒരു പാത്രം വിറ്റാൽ അത്രയുമായി.

സ്കൂളിൽ ഡിവിഷൻ  നിലനിർത്താൻ പാടുപെടണം. കാശെറിഞ്ഞു കുട്ടികളെ കൊണ്ടുവന്നു തലയെണ്ണാൻ ഇരുത്തണം. കുട്ടികൾക്ക്  ഇരിക്കാൻ ബെഞ്ചുകളില്ല. വച്ചെഴുതാൻ ഡസ്കുകളില്ല. ഇല്ലായ്മകളുടെ ഒരു കൂമ്പാരം.

എന്റെ ക്ലാസിൽ ഒരു കുരുത്തംകെട്ട ചെക്കനുണ്ട്. കുഞ്ഞാപ്പു. വല്ലപ്പോഴുമേ ക്ലാസ്സിൽ വരൂ. വന്നാൽ മിനിമം ഒരു അടിപിടിക്കേസ്സ്  ഉറപ്പാണ്. അവനെക്കൊണ്ട് ഞാൻ സഹികെട്ടു. വഴക്കുപറഞ്ഞാലും അടി കൊടുത്താലും കാറ്റ് പിടിക്കാത്ത കല്ല്‌ പോലെ നില്ക്കും. എന്റെ ചൂരൽവടി അവനെക്കാണുമ്പോൾ നാണിക്കാൻ തുടങ്ങി.

രാമൻകുട്ടി മാഷോട് പരാതി പറഞ്ഞപ്പോൾ മാഷ് ഉവാച..പയലിനെ വിട്ടുകള മാഷെ. തള്ള ഭയങ്കര കലിപ്പാണെന്നേ ..

ഒരു ദിവസം കുഞ്ഞാപ്പു പതിവുപോലെ വഴക്കുണ്ടാക്കി ഒരുത്തന്റെ സ്ലേറ്റ് തവിട് പൊടി ആക്കി. മറ്റവൻ സ്കൂൾ പിടിച്ചുകുലുക്കിക്കൊണ്ട് മോങ്ങാനും തുടങ്ങി. സ്ലേറ്റിന്റെ വില ആറ് രൂപ അമ്പത് പൈസ. എന്റെ ക്ഷമ നെല്ലിപ്പലക കണ്ടു.

കക്ഷിയെ കയ്യോടെ പിടിച്ചു ചന്തിക്ക്  നാല് പെട  കൊടുത്തു.അവൻ കുലുങ്ങാതെ നില്ക്കുകയാണ്. അത് കണ്ടപ്പോൾ എനിക്ക് കലിയിളകി. ഞാൻ അവന്  അന്ത്യശാസനം കൊടുത്തു. ഇനി സ്ലേറ്റിന്റെ വിലയുമായി ഇങ്ങോട്ട് വന്നാൽ മതി. ബാപ്പയെയും വിളിച്ചു  കൊണ്ട് വരണം.

ഉടൻ  വന്നു, വെടിച്ചില്ലു  പോലെ മറുപടി.
എനിക്ക് ബാപ്പയില്ല.
അവൻ പുറത്തേക്ക്  നോക്കി കല്ല്‌ പോലെ നില്ക്കുകയാണ്.
ഞാൻ ചോദിച്ചു.
നിന്റെ ബാപ്പ എവിടെപ്പോയി?
മയ്യത്തായി-  അവന്റെ മറുപടി വന്നു. ഒരു ഭാവവ്യത്യാസവുമില്ലാതെ.
എന്റെ ദേഷ്യം അല്പം കുറഞ്ഞു.
ശരി..നിന്റെ ഉമ്മ വീട്ടിൽ കാണുമല്ലോ..വിളിച്ചു കൊണ്ടു വാ..
ഉമ്മ ബരില്ല.
എങ്കിൽ നീയും വരണ്ട.. - എനിക്ക് വീണ്ടും ദേഷ്യം വന്നു തുടങ്ങി.
ഉമ്മ പകൽ മുഴുവൻ ഉറക്കായിരിക്കും. ബിളിച്ചാൽ എടങ്ങെറാവും...അവന്റെ മറുപടി..

എനിക്ക് കാര്യങ്ങളുടെ സ്ഥിതി ഏകദേശം മനസ്സിലായിത്തുടങ്ങി.
ഞാൻ  പറഞ്ഞു.
അത് പറഞ്ഞാൽ  പറ്റൂലാ. നീ പൈസയുമായി ഉമ്മയും വിളിച്ചു കൊണ്ട്  ഇങ്ങോട്ട് വന്നാൽ  മതി. പൊയ്ക്കോ..
അവൻ എന്നെ ഒന്ന് നോക്കിയിട്ട് പുസ്തകവുമെടുത്ത് പുറത്തേക്ക്  നടന്നു. ഒരു കൂസലുമില്ലാതെ.
ഇനി അവൻ ഇങ്ങോട്ടില്ല.. ഞാൻ ഉറപ്പിച്ചു.

രാമൻകുട്ടി മാഷ്‌ അറിഞ്ഞപ്പോൾ അങ്ങോർക്ക് വെപ്രാളം തുടങ്ങി.
ന്റെ മാഷെ.. ആ തള്ള പിശകാ, മാഷെ..ഇനി എന്തരോ ആവോ..
ഞാൻ സമാധാനിപ്പിച്ചു. വരുന്നിടത്ത് വച്ച് കാണാം മാഷെ.

അടുത്തദിവസം രാവിലെ കുഞ്ഞാപ്പുവിന്റെ തല കണ്ടു. കൂടെ ആരുമില്ല. ഒരു കൂസലുമില്ലാതെ അവൻ ക്ലാസ്സിലേക്ക് വന്നു.
ഉമ്മ ബരൂല്ല. മാഷോട് പറയാമ്പറഞ്ഞു..
ഞാൻ പറഞ്ഞു. നീ ഉമ്മയോട് പറ, ഉമ്മ വന്നു കാശു  തരാതെ നിന്നെ ക്ലാസ്സിൽ കേറ്റൂലാ  എന്ന്.
അവൻ ഒരു കൂസലുമില്ലാതെ മടങ്ങി.

അടുത്ത ദിവസം അത് സംഭവിച്ചു.
കുഞ്ഞാപ്പുവിന്റെ കൂടെ അവന്റെ ഉമ്മയുമെത്തി.
എന്താ പറയുക, ഒരു ഹൂറി...!! "

ഹമീദ് മാഷ്‌ ഒഴിഞ്ഞ ഗ്ലാസ്‌ മേശപ്പുറത്ത് വച്ചിട്ട് നിവർന്നിരുന്നു. രാജഗോപാൽ പെട്ടെന്ന് തന്നെ അടുത്ത പെഗ് ഒഴിച്ച് ആകാംഷ പ്രകടിപ്പിച്ചു.

ഹമീദ് മാഷ്‌ കഥ തുടർന്നു.

" ഹൂറിയെ കണ്ടതും രാമൻകുട്ടി മാഷ്‌ നിന്ന നിൽപ്പിൽ അപ്രത്യക്ഷനായി.
ആരായീ ഹമീദ് മാഷ്‌? വന്ന  വരവിൽ ഹൂറിയുടെ വക ചോദ്യം.
ഉള്ളൊന്നു കിടുങ്ങിയെങ്ങിലും ഭാവഭേദമില്ലാതെ ഞാൻ നിന്നു .
ശെടാ, ഞാനെന്തിനു പേടിക്കണം. സ്ലേറ്റ് പൊട്ടിച്ചത് ഞാനല്ലല്ലോ..കുഞ്ഞാപ്പുവല്ലെ .

പിന്നെ അഞ്ചു മിനിട്ട് ഹൂറിയുടെ വക വാക്പയറ്റായിരുന്നു. നമുക്ക് ഇടപെടാൻ ഒരു സാവകാശം കിട്ടണ്ടെ?
ഒടുവിൽ ഇടക്ക് ഒരു സാവകാശം കിട്ടിയപ്പോൾ ഞാൻ ചാടി വീണു. പിന്നെ ശ്വാസം കഴിക്കാൻ ഹൂറിക്ക് അവസരം കൊടുത്തില്ല. അന്ന് ഇത്തിരി ചോരത്തിളപ്പ് കൂടുതലായിരുന്നൂന്ന് കൂട്ടിക്കോ.

കുഞ്ഞാപ്പുവിന്റെ വീരകഥകൾ വള്ളിപുള്ളി വിടാതെ ഓരോന്നായി അവതരിപ്പിച്ചു. അവനെ നേരാംവണ്ണം വളത്താത്തതിന്റെ  പേരിൽ ഹൂറിയെ കണ്ണും പൂട്ടി ശകാരിച്ചു. നാളെ അവൻ സമൂഹത്തിന്  എങ്ങനെ ഒരു ശാപമായി തീരുമെന്ന് അവതരിപ്പിച്ചു.

ചൂടേറിയ നിമിഷങ്ങൾക്കിടയിൽ എപ്പോഴോ ഹൂറിയുടെ മുഖഭാവം മാറി. കണ്ണുകൾ  നിറഞ്ഞു വന്നു. അത് ആ കവിളുകളിലൂടെ ഒഴുകാൻ തുടങ്ങി. ഈയുള്ളവൻ പ്രസംഗവും നിർത്തി .

അബനെന്തിന്റെ കുറവാണ് മാഷെ. കാശിനു കാശ്.. പഷ്ണി അറിഞ്ഞിട്ടൊണ്ടോ ?

ഞാൻ ഹൂറിയെ സമാധാനിപ്പിച്ചു. പണമല്ല കാര്യം. അവന് ഈ പ്രായത്തിൽ ശ്രദ്ധയാണ് വേണ്ടത്. അവനോട് ക്ഷമയോടു പെരുമാറണം..ഇങ്ങനെ തുടങ്ങി കാശുചിലവില്ലാത്ത എല്ലാ ഉപദേശങ്ങളും നൽകി . ഹൂറി ഒന്നും മിണ്ടാതെ പുറത്തേയ്ക്ക് നോക്കി നിന്നു.ആ മനസ്സിലൂടെ എന്തെല്ലാമാകാം കടന്നു പോയത്?

ഒരു ദീർഘനിശ്വാസത്തോടെ ഹൂറി മടങ്ങാനൊരുങ്ങി. ബ്ലൌസിനകത്തുനിന്ന് ഒരു പച്ചനോട്ട് എടുത്തു നീട്ടി. സ്ലേറ്റിന്റെ പൈസ..
ഞാൻ നോക്കി. നൂറിന്റെ ഒരു പച്ചനോട്ട് .. അന്ന് നമ്മൾക്ക്  മാസ ശമ്പളം അഞ്ഞൂറ് രൂപയാണെന്ന് ഓർക്കണം .
ഞാൻ പറഞ്ഞു, ബാക്കി തരാൻ എന്റെ കയ്യിൽ ചില്ലറയില്ല.
ഹൂറി മന്ദഹസിച്ചു. പിന്നെ മൊഴിഞ്ഞു, സാരമില്ല മാഷെ. ബാക്കി ഇസ്കൂൾ ഫണ്ടിലിട്ടോളൂ ..

ബാക്കി പൈസ പി ടി എ ഫണ്ടിൽ ഇട്ടോളാൻ..!!

എന്തൊക്കെയോ ബാക്കി നിർത്തിക്കൊണ്ട്, വന്നതുപോലെ തലയുയർത്തിപ്പിടിച്ച് ഹൂറി മടങ്ങി. ഞാനതും നോക്കി തരിച്ചു നില്ക്കുമ്പോൾ കുഞ്ഞാപ്പുവും ക്ലാസ്സിലേക്കോടി. "

ഹമീദ് മാഷ്‌ കഥ നിർത്തി. കാലി ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് നിശബ്ദനായി.
ഞങ്ങളുടെ ഇടയിൽ മൌനം കനത്തുവന്നു.
ഒടുവിൽ രാജഗോപാൽ തന്നെ ചോദ്യമെറിഞ്ഞു.
"മാഷെ, എന്നിട്ട് നിങ്ങളാ പൈസ  പീ ടി എ ഫണ്ടിൽ ഇട്ടോ? അതോ അടിച്ചു മാറ്റിയോ? "
ഹമീദ് മാഷ്‌ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അടിച്ചു മാറ്റാൻ ഞാൻ ബാങ്കർ അല്ലല്ലോ..വെറുമൊരു മാഷല്ലേ?"
രാമകൃഷ്ണൻ ഉറക്കെ ചിരിച്ചു.
വീണ്ടും ഹമീദ് മാഷ്‌ ഒന്നും മിണ്ടാതിരുന്നപ്പോൾ രാമകൃഷ്ണൻ പറഞ്ഞു.
"വൃത്തികെട്ട കാശ്..!! അത് പി ടി എ ഫണ്ടിൽ എങ്ങനെ ഇടും മാഷെ? ബാക്കി തിരിച്ചു കൊടുത്തു കാണും, അല്ലെ?"

ഒരു നിമിഷം നിശബ്ദനായി ഇരുന്നിട്ട് ഹമീദ് മാഷ്‌ സാവധാനം പറഞ്ഞു.

" ആ പൈസയുടെ ധർമാധർമങ്ങളെക്കുറിച്ച് എനിക്കറിഞ്ഞു കൂടാ ചങ്ങാതിമാരെ..അത് നിങ്ങളൊക്കെ അങ്ങ് തീരുമാനിച്ചാൽ മതി. ഞാൻ ആ കാശ് പീ ടി എ ഫണ്ടിലുമിട്ടില്ല, ബാക്കി തിരിച്ചുകൊടുത്തുമില്ല ..ഞാനാക്കാശുമുടക്കി എട്ടു ബെഞ്ചും എട്ടു ഡസ്കും വാങ്ങി. വന്ന കാലം തൊട്ട് എ ഇ ഓ ഓഫീസ് കേറിയിറങ്ങി  നിരങ്ങുകയാ.. എന്റെ കുട്ടികൾ തറയിൽ ഇരുന്നാ പഠിത്തം..!!അവർക്ക്  ഇരുന്നു പഠിക്കാൻ എട്ടു ബെഞ്ചും എട്ടു ഡസ്കും ഞാൻ വാങ്ങി..."Saturday, 11 May 2013

കാഡ്ബെറീസ്


രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ നാല് വയസ്സുകാരി മകൾ  വന്ന് അയാളോട് കൊഞ്ചി...
"അച്ചേ , എനിക്ക് കാഡ്ബെറീസ് കൊണ്ടരുമോ?"
"പിന്നെന്താടാ.." അയാൾ ബാഗുമെടുത്ത് വെളിയിൽ ഇറങ്ങി.
"ഇപ്പൊ കിട്ടും.!! നിന്റെ അച്ച ജോലീം കഴിഞ്ഞ്, പാർട്ടി പ്രവർത്തനോം നടത്തി വരുമ്പോ പാതിരാത്രിയാവും..നിനക്ക് കാഡ്ബെറീസും കിട്ടും..."
ഭാര്യ പിന്നിൽ നിന്നും പറഞ്ഞു.
അയാൾ അവളെ ഒന്ന് പാളി നോക്കിയിട്ട് സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്തു. താമസിച്ച് വരുന്ന കാര്യം പറഞ്ഞ് അവൾക്കെന്നും പരിഭവമാണ്.

വൈകിട്ട് മടങ്ങിയെത്തുമ്പോൾ രാത്രി പതിനൊന്നു മണി.
മകൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
"നിങ്ങളുടെ ഒരു മുടിഞ്ഞ പാർടി പ്രവർത്തനം !!...എന്തിനാ ഇങ്ങു പോന്നത്..അവിടെത്തന്നേ അങ്ങ് കൂടാരുന്നില്ലേ.."
ഭാര്യയുടെ ദേഷ്യം കണ്ടില്ലാ എന്ന് നടിച്ചു. എന്നുമുള്ളതല്ലെ..
എങ്കിലും ഈയിടെയായി ഈ വിമർശനം അയാളിൽ അലസോരം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു.
"നിങ്ങൾ മോൾക്ക് കാഡ്ബെറീസ് വാങ്ങിയോ?"
മറന്നു..
അയാൾ കുറ്റബോധത്തോടെ മുഖം തിരിച്ചു.
"ഇല്ല..വാങ്ങീട്ടില്ലാന്നറിയാം..!! നാളെ രാവിലെ മോളു ചോദിക്കുമ്പോൾ പറഞ്ഞേച്ചാൽ മതി.."
അവൾ മുഖം വെട്ടിത്തിരിച്ചു ..
അയാൾ ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു.

അടുത്ത ദിവസവും പടിയിറങ്ങുമ്പോൾ മോൾ പറഞ്ഞു..
"അച്ചേ..കാഡ്ബെറീസ്..."
"ഏറ്റെടാ ..." അയാൾ പറഞ്ഞു.. ഇന്നെങ്കിലും മറക്കാതെ കൊണ്ടുവരണം..
"ഇപ്പൊ കൊണ്ടുവരും !! " ഭാര്യയുടെ കൂർത്ത വാക്കുകൾ അയാളിൽ ദേഷ്യം ഉണർത്തി. ഒന്നും മിണ്ടാതെ അയാൾ യാത്രയായി.

വൈകിട്ട് തിരിച്ചെത്തുമ്പോൾ രാത്രി പന്ത്രണ്ട്..കമ്മറ്റി നീണ്ടു പോയത് അറിഞ്ഞില്ല. സ്കൂട്ടെർ സ്റ്റാന്റിൽ  വയ്ക്കുമ്പോൾ അയാൾ  പെട്ടെന്നോർത്തു, കാഡ്ബെറീസ് .. ഈശ്വരാ, മറന്നു..
മുറിക്കകത്തെത്തുമ്പോൾ കണ്ടു, മകൾ നല്ല ഉറക്കം.രക്ഷപെട്ടു.
ഭാര്യ മുഖം വീർപ്പിച്ച് ഇരിക്കുകയാണ്.താമസിച്ചതിന്റെ ദേഷ്യം.
"നിങ്ങൾ കുഞ്ഞിന് കാഡ്ബെറീസ് വാങ്ങിച്ചോ? "
അയാൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾക്ക് ദേഷ്യം കൂടി..
"നിങ്ങൾ അല്ലേലും അങ്ങിനെയാ.. നാട്ടുകാർക്ക് വേണ്ടി ഓടും..സ്വന്തം കുഞ്ഞിനേം ഭാര്യയേം മറക്കും.അവൾ എത്ര നേരം നോക്കീരുന്നു എന്നറിയോ?"
അയാളുടെ മൌനത്തിൽ അവളുടെ ദേഷ്യം കൂടിക്കൂടി വന്നു.
മനസ്സിന്റെ കുറ്റഭാരം പതഞ്ഞുയരുന്ന ദേഷ്യമായിത്തീരാൻ അധികസമയം വേണ്ടി വന്നില്ല.
അയാൾ  ചാടിയെഴുന്നേറ്റു പുറത്തുകടന്നു. കതക് വലിച്ചടച്ചു.
സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്ത് ടൌണിലേക്ക് ഓടിച്ചു.
പാതിരാത്രിക്ക് കാഡ്ബെറീസ് എവിടെ കിട്ടാൻ. അരമണിക്കൂർ കറങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അയാൾ  ഒരു കട കണ്ടു. കാഡ്ബെറീസ് കിട്ടി.

തിരിച്ച് വീട്ടിലെത്തുമ്പോൾ സമയം ഒരുമണിയോളമായി.
കതക് തുറന്ന് അകത്ത് കടക്കുമ്പോൾ അയാൾ  കണ്ടു, ഭാര്യയുടെ പരിഭ്രമിച്ച മുഖം.
ഒരു ഏങ്ങലോടെ അവൾ അയാളുടെ ദേഹത്തോട്ട്‌ വീണു.
"ഞാനങ്ങനെ ദേഷ്യപ്പെട്ടൂന്ന് വിചാരിച്ച്..ഉടൻ  പാതിരാത്രിക്ക് പാഞ്ഞു പോക്വാ.. ഞാൻ തീ തിന്നതിനു ഒരു കണക്കുമില്ലല്ലോ ഈശ്വരാ.. കാഡ്ബെറീസാ പ്രാധാനം? നിങ്ങക്കെന്തെങ്കിലും പറ്റിയാ എനിക്കും മോക്കും ആരാ..!"
ഉറക്കെ കരഞ്ഞുകൊണ്ട്‌ അവൾ അയാളെ ചുറ്റിപ്പിടിച്ചു.

കാഡ്ബെറീസ് കൈയിലമർത്തിപ്പിടിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ണുകൾ  നിറയുന്നത് അയാൾ അറിഞ്ഞു.
Thursday, 9 May 2013

പൂന്തോട്ടത്തിൽ,

അതിരാവിലെ പൂന്തോട്ടത്തിലൂടെ നടക്കുമ്പോൾ പുൽകൊടികളിൽ തൂങ്ങി നില്ക്കുന്ന മഞ്ഞു തുള്ളികൾ കണ്ടു. ഓരോ മഞ്ഞുതുള്ളിയിലും സൂര്യസ്പർശം പൊട്ടിച്ചിതറുന്ന പ്രകാശകിരണങ്ങളായി   മാറി. അതിന്റെ മനോഹാരിതയിൽ മയങ്ങി നിൽക്കുമ്പോൾ കണ്ടു, ഒരു മഞ്ഞുതുള്ളിയിൽ ഉറങ്ങുന്ന ഉറുമ്പിനെ.
മഞ്ഞുതുള്ളിയിൽ ഉറങ്ങുന്ന ഒരു ചുവന്ന ഉറുമ്പ്.
അനക്കമില്ലാതെ ..ശാന്തമായ ഉറക്കം..ഈ ലോകത്ത് കിട്ടാവുന്നതിൽ വച്ചും ഏറ്റവും സമാധാനവും ശാന്തിയും അനുഭവിച്ചു ഉറങ്ങുന്നതുപോലെ....

മഞ്ഞുതുള്ളിക്ക് ഇത്രയും മനോഹാരിത നല്കാൻ ആ ഉറുമ്പ് തന്റെ ജീവൻ ന്ലകുകയായിരുന്നോ?
ഈ ലോകത്തിന്റെ മുഴുവൻ മനോഹാരിതയും എന്റെ മനസ്സിൽ നിറക്കാൻ സ്വയം സമർപ്പിക്കുകയായിരുന്നോ?