Wednesday, 23 October 2013

ശേഷം ചിന്ത്യം..രാമൻകുട്ടി നായർക്ക് പ്രായം അറുപത്തി രണ്ട്.
അത് രാമൻകുട്ടി നായർ തന്നെ പറയുന്നതാണ്.
അല്ലാതെ നമുക്ക് താവഴി തിരക്കിപ്പോയി കണ്ടു പിടിക്കാൻ കഴിയില്ലല്ലോ.

എന്നാൽ രസകരമായ ഒരു വസ്തുതയെന്തെന്നാൽ കഴിഞ്ഞ അഞ്ചു വർഷങ്ങളായി രാമൻകുട്ടി നായരുടെ വയസ്സ് അറുപത്തി രണ്ടു തന്നെയാണെന്നുള്ളതാണ്. അതും രാമൻകുട്ടി  നായർ  തന്നെ പറയുന്നതാണ്.
കാലബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ രാമൻകുട്ടി  നായർ അറുപത്തിരണ്ടു വയസ്സിൽ  തറഞ്ഞു നില്ക്കുന്നു.
വെളിപാട് തറയിലെ നിലപാട് പോലെ..

അപ്പോൾ കഥയിങ്ങനെ....

രാമൻകുട്ടി  നായരുടെ അമ്മ മരിക്കുമ്പോൾ അയാൾക്ക്‌ പ്രായം നാല്പത്തി അഞ്ച്. ലക്ഷ്മിക്കുട്ടിയമ്മയെ തട്ടിക്കൊണ്ടു വന്നത് മൂലം വീട്ടുകാര്യം നോക്കാനുള്ള ചുമതല ശിക്ഷയായി കിട്ടിയതാണ്.അച്ഛൻ നേരത്തെ പോയി.

മരണക്കിടക്കയിൽ കിടന്ന് അമ്മ മകന് ഒരു താളിയോല നൽകി.
"രാമാ, ഇത് നെന്റെ ജാതകാ.. കൃഷ്ണക്കുറുപ്പ് എഴുതീതാ..അച്ചട്ടാണ്. ന്റെ കാര്യത്തിലും നെന്റെ അച്ഛന്റെ കാര്യത്തിലും എല്ലാം ശര്യാര്ന്നു.."

അത്രയും പറഞ്ഞ് ജാതകം അനുസരിച്ചു തന്നെ അമ്മ യാത്രയായി.

ചടങ്ങുകൾ എല്ലാം കഴിഞ്ഞു ഒരുദിവസം രാത്രി നിലവിളക്കിനു മുമ്പിലിരുന്നു രാമൻകുട്ടി നായർ  തന്റെ ജാതകം വായിക്കാൻ തുടങ്ങി.
അത്ഭുതമെന്നെ  പറയേണ്ടൂ, ഇത് വരെയുള്ള എല്ലാ കാര്യങ്ങളും അതേപടി നടന്നിരിക്കുന്നു.
അയാളുടെ ഭൂതകാലം മുഴുവൻ ഒരു ഡയറിക്കുറിപ്പ്‌ പോലെ ഓലയിലെ നാരായരേഖകളിൽ തെളിഞ്ഞു കിടക്കുന്നു.

ഭൂതകാലം കടന്നു വർത്തമാന കാലത്തിലൂടെ ജാതകം ഭാവിയിലേക്ക് കടന്നു. ഐശ്വര്യപൂർണമായ ഭാവി.
"ന്റെ ഐശ്വര്യമാ ..!!"
ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിച്ചു കൊണ്ട് ഐശ്വര്യത്തിന്റെ പങ്കു പറ്റാൻ ശ്രമിച്ചു.

ജാതകത്തിന്റെ അവസാന ഓലയിലെ അവസാനത്തെ വാചകങ്ങളും അയാൾ  ഉറക്കെ വായിച്ചു.
"അറുപത്തിരണ്ടു വയസ്സ് വരെ ഐശ്വര്യപൂർണം.
ശേഷം ചിന്ത്യം.
ശുഭം."
ജാതകം മരണത്തെപ്പറ്റി ഒന്നും ഉരിയാടാറില്ല. ശേഷം ചിന്ത്യം, അത്രമാത്രം.

"അപ്പോൾ ആയുസ്സ് അറുപത്തിരണ്ടു വരെ. ല്ലേ? "
ഐശ്വര്യത്തിന് പങ്കു പറഞ്ഞ ലക്ഷിമിക്കുട്ടിയമ്മ പക്ഷെ അതു സമ്മതിച്ചില്ല. വെറുതെ വേണ്ടാത്തതൊക്കെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതിന് അയാളെ ശകാരിച്ചു.

പക്ഷെ അന്നുമുതൽ രാമൻകുട്ടി നായർ സ്വയം തയ്യാറെടുക്കുകയായിരുന്നു. അറുപത്തിരണ്ടിലേക്കുള്ള നാഴികകളും വിനാഴികകളും അയാൾ തൊട്ടറിഞ്ഞു. ഒടുവിൽ അറുപത്തി ഒന്ന് വയസ്സായതോടെ അയാൾ തന്നിലേക്ക് തന്നെ ഒതുങ്ങുവാനും തുടങ്ങി.

"ന്റെ കാലം കഴിഞ്ഞു. കൂടി വന്നാല് ഇനിയൊരു കൊല്ലം കൂടി.."
അയാൾ  മക്കളോടും കൊച്ചുമക്കളോടും തമാശരൂപത്തിൽ പറയാൻ തുടങ്ങി.

"ഇങ്ങേര്ക്ക് നട്ടപ്പിരാന്താ.."
ലക്ഷ്മിക്കുട്ടിയമ്മ മക്കളോടും കൊച്ചുമക്കളോടും പറയും.

രാമൻകുട്ടി നായർ  ഒരു വിൽപത്രമൊക്കെ ഉണ്ടാക്കി വച്ചു. മരണത്തിനു മുൻപ് ചെയ്യേണ്ട കടമകളും കർത്തവ്യങ്ങളും എല്ലാം തീർത്തുവച്ചു.
"അങ്ങ് ചെല്ലുമ്പോൾ ഉടെതമ്പുരാൻ വഴക്ക് പറയല്ലല്ലോ..!"

മരിച്ചു കഴിഞ്ഞാൽ ദഹിപ്പിക്കേണ്ട സ്ഥലവും വെട്ടേണ്ട മാവും വരെ മൂത്തമകന് പറഞ്ഞു കൊടുത്തു.അവൻ മുഖം  തിരിച്ചു നടന്നു പറഞ്ഞു,
"ഈയച്ഛന് നട്ടപ്പിരാന്താ.."

അങ്ങനെ ദിവസങ്ങൾ  കടന്നു പൊയ്ക്കൊണ്ടിരുന്നു.

ഒടുവിൽ രാമൻകുട്ടി നായർ അറുപത്തിരണ്ട് സംവത്സരങ്ങളും താണ്ടി ജാതകത്തിന്റെ അതിർത്തിയും കടന്ന് പുറത്തേക്ക്  ചാടി.

തന്നെ ദഹിപ്പിക്കാൻ പറഞ്ഞു വച്ച മാവിൻ  ചുവട്ടിൽ ചാരുകസേരയിൽ നെഞ്ചും തടവി വൈകുന്നേരം അങ്ങനെ കിടക്കുമ്പോൾ ലക്ഷിമിക്കുട്ടിയമ്മ ചോദിക്കും,
"അറുപത്തിരണ്ടു കഴിഞ്ഞില്ലേ, ങ്ങക്ക് പോകേണ്ടേ..?"
രണ്ടു പേരും തമ്മിൽ ഇപ്പോഴും പെരുത്തു പ്രേമമാണ്.

കൊച്ചുമക്കൾ ഇടക്കിടെ വന്നു ചോദിക്കും,
"അപ്പൂപ്പേ, അപ്പൂപ്പയ്ക്ക് എത്ര വയസ്സായി? "

രാമൻകുട്ടി നായർ  നെഞ്ചും തടവി ആകാശനീലിമയിൽ കണ്ണും നട്ട് പറയും,
"ജാതകവശാൽ പ്രായം അറുപത്തി രണ്ട്. നിക്കിനി അങ്ങോട്ട്‌ പ്രായമില്ല. എന്നും അറുപത്തി രണ്ടു തന്നെ."

ലക്ഷ്മിക്കുട്ടിയമ്മ ഉറക്കെ ചിരിക്കും.
"ശേഷം ചിന്ത്യം...!!"

No comments:

Post a Comment