Saturday 1 February 2014

ജീവിതങ്ങൾ പറഞ്ഞു തന്നത് - വാർദ്ധക്യം




ജീവിതചക്രം 

"അപ്പൂപ്പൻ കുട്ടിയാ? "
"ന്നാരു പറഞ്ഞു? "
"അച്ഛമ്പറഞ്ഞു..അപ്പൂപ്പൻ വയസ്സായി വരുന്തോറും കുട്ടിക്കളി കൂടുകാണെന്ന്.."
"ഓഹോ, അവനങ്ങനെ പറഞ്ഞോ?"
"പറഞ്ഞു..അതെങ്ങന്യാ അപ്പൂപ്പൻ  കുട്ടിയാവണെ ?"
"അതോ.., അപ്പൂപ്പൻ പറയാല്ലോ.. ശ്രദ്ധിച്ച് കേക്കണം.. അപ്പൂപ്പൻ ഈ ഭൂമീല് ജനിച്ച് മലന്നുകിടന്നു കൈയും കാലുമിട്ടടിച്ച് കിടക്കപ്പായേൽ അപ്പീമിട്ട് മൂത്രോമൊഴിച്ച് .."
"അയ്യേ, ഞാനുമങ്ങനാരുന്നൊ..!?"
"പിന്നല്ലാതെ, നീ കേക്ക്..അങ്ങിനെയൊക്കെ കിടന്നു, പിന്നെ കമഴ്ന്നു വീണു, മുട്ടുകാലേ പൊങ്ങി മുട്ടിലിഴഞ്ഞു പിന്നെ പിടിച്ചെഴുന്നേറ്റു പിച്ച പിച്ച നടന്ന്, ഓടി നടന്ന് അങ്ങിനെയങ്ങ് വലുതായി.."
"ന്നുട്ട് ?"
"ന്നിട്ടെന്താ? ഒരു കല്ലെടുത്ത്‌ മേലോട്ടിട്ടാ അതെവിടെപ്പോം?"
"താഴോട്ടു വരും.."
"ങ്ഹാ..അതുപോലെ അപ്പൂപ്പന്റെയൊക്കെ പ്രായമാകുമ്പോൾ അപ്പൂപ്പനും തിരികെപ്പോകും. ആദ്യം ഓട്ടമൊക്കെ നിർത്തും . പിന്നെ പിച്ച പിച്ച നടക്കും. പിന്നെ പിടിച്ചു പിടിച്ചു നടന്ന് മുട്ടിലിഴഞ്ഞ് കട്ടിലിൽ വീഴും. കൈകാലുകൾ മാത്രം ഇളക്കി ചുമ്മാ കരഞ്ഞ് .. പിന്നെ കിടക്കപ്പായിൽ തന്നെ അപ്പീമിടും മൂത്രോം ഒഴിക്കും. പിന്നെപ്പിന്നെ..."
"പിന്നെപ്പിന്നെ..?"
"പിന്നെ ഒരു ദിവസം ജീവിതത്തിന്റെ ഗർഭപാത്രത്തിലേയ്ക്ക്  മടങ്ങി ഒന്നുമറിയാതെ സുഖമായി ചുരുണ്ട് കൂടി ഒരു ഉറക്കം.. മനസ്സിലായോടാ വഴക്കാളി..!!?"
"ഇല്ല.."
"ങ്ഹും..നിനക്ക് മനസ്സിലാകണേൽ അപ്പൂപ്പന്റെയത്ത്രേം ആകണം. നിന്റെ അച്ഛന്റെയത്ത്രേം ആയാ പോരാ.. ഇപ്പൊ നീയും  ഞാനും ഒരു പ്രായക്കാരാ,, അപ്പൊ, നമുക്ക് രണ്ടുപേർക്കും കുട്ടിക്കളിയാകാം.. ന്താ?..  നിന്റച്ഛൻ   പോവാമ്പറ..!"
"ങ്ഹാ.. പോവാമ്പറ..!!"


റിമോട്ട് ജീവിതം 

"എടീ ടീവീടെ റിമോട്ടെവിടെ?"
"ഞാങ്കണ്ടില്ല.."
"നീ കള്ളം പറേര്ത്.."
"നിങ്ങക്കെന്തിനാ ഇപ്പൊ റിമോട്ട്?"
"നിക്ക് ഏഴിന്റെ ന്യൂസ്‌ കേക്കണം.."
"പിന്നേ , നിങ്ങള് ന്യൂസിപ്പോ കേട്ടില്ലേൽ ലോകം മുമ്പോട്ട് പോവില്ലല്ലോ?"
"നിന്റെയീ  ഒടുക്കത്തെ സീരിയല് പ്രേമം കൊണ്ട് മനുഷനു ടീവീല് ഒരു വക കാണണ്ട,,!"
"ഞാൻ സീരിയല് കാണുന്നതിനു നിങ്ങക്കെന്താ..ന്റെ മോൻ എനിക്ക് സീരിയല് കാണാനാ ഈ ടീവി മേടിച്ചു തന്നേ .."
"എടീ ലോകത്ത് എന്തെല്ലാം സംഭവിക്കുന്നു.. അതൊന്നും നിനക്കറിയെണ്ടേ? എപ്പോഴും സീരിയല് കണ്ടിരുന്നാ  മതിയോ?"
"എനിക്കിപ്പോ ഒന്നും അറിയണ്ടാ. ഈ വയസ്സാംകാലത്ത് ലോകത്തിനി എന്ത് സംഭവിച്ചാലും എനിക്കെന്താ?"
" ആറുമണിക്ക് തുടങ്ങുന്നതാ അവടെ ഒടുക്കത്തെ സീരിയൽ. പതിനഞ്ചു ചാനലും കൂടി പത്തു മുപ്പത്തഞ്ചെണ്ണം.. പതിനൊന്നു മണിയായാലും തീരൂല.."
"കണക്കായിപോയി.."
"--------"
"---------"
"---------"
"നിങ്ങള് പിണങ്ങിയോ?'
"---------"
"ഇന്നാ  റിമോട്ട്.. സീരിയല്  ഞാൻ നാളെ പകല് കണ്ടോളാം.."
"വേണ്ട, നീ കണ്ടോ, ഞാൻ പതിനൊന്നരേടെ ന്യൂസ്‌ കണ്ടോളാം"



കാത്തിരിപ്പ്‌ 

"നീ അവനോടു പറഞ്ഞോ?"
"എന്തോന്ന്?"
"അമ്മൂനെ ഇങ്ങോട്ട് കൊണ്ട് വരുന്ന കാര്യം?  "
"ഞാമ്പറഞ്ഞില്ല..നിങ്ങക്ക് പറഞ്ഞൂടെ?  നിങ്ങടേം  കൂടെ മോനല്ലേ?"
"ഞാമ്പറഞ്ഞാ അവനൊന്നും മിണ്ടൂലാ. ചുമ്മാ മൂളും. അമ്മൂനെ ഒട്ടു കൊണ്ട് വരുകേം ഇല്ല..ആകെയൊള്ളൊരു കൊച്ചുമോളാ..അവളെ കാണണമെന്നു നിനക്കുമില്ലേ?"
"അവൾക്ക് ഒരുപാട്  പഠിക്കാനുണ്ടന്നല്ലേ അവൻ പറേന്നെ.. എന്ട്രന്സും ടൂഷനും..ആ കുട്ടീനെ കഷ്ടപ്പെടുത്തുവാ.."
"എന്നാലും  നീ ചോദിച്ചാ  അവൻ മറുപടീ തരുവല്ലോ..കൊണ്ടുവാരാന്നോ, പറ്റില്ലാന്നോ എന്തെങ്കിലും.. വെറുതെ കാത്തിരിക്കണ്ടാല്ലോ.."
"ഞാമ്പറഞ്ഞാലും അവൻ തിരക്കാണ്ന്ന്  പറേകേള്ളൂ.."
"എന്നാലും പിന്നെ കാത്തിരിക്കണ്ടാല്ലോ. ഒന്നും മിണ്ടാതെ പോകുമ്പോ, അടുത്ത പ്രാവശ്യം അവൻ വരുമ്പോ, അമ്മൂനെ കൊണ്ടുവരുമെന്ന് ഞാങ്കരുതും.."


മനസ്സിലെ ചിത 

" അല്ലാ, ഇതാരാ, കൊച്ചാട്ടനോ..!!?"
" - - - - - "
"വന്നാട്ടെ, വന്നാട്ടെ.."
" - - - - - "
"ഇരുന്നാട്ടെ, ഇരുന്നാട്ടെ.. ദേ ഇവിടില്ലേ, മൂത്തളിയൻ  വന്നത് കണ്ടില്ലേ?"
" - - - - - "
"ഗോമതിക്കും പിള്ളെർക്കും സുഖമാണോ?"
" - - - - - "
"കുടിക്കാൻ ചായ എടുക്കട്ടെ,.."
" - - - - - "
"ഞാൻ ഇപ്പൊ വരാട്ടോ..ചായ എടുക്കട്ടെ. പോകല്ലേ..!! "
" - - - - - "

തെക്കെപ്പുറത്ത് അപ്പോഴും പുകയുന്ന ചിതയിൽ ഉറ്റുനോക്കി മകൻ പറഞ്ഞു.
" മാമാ, അമ്മ ഇപ്പൊ  ഇങ്ങനെയാ.. അച്ഛൻ പോയതിനു ശേഷം
 അമ്മ എന്താ പറേന്നെ, എന്താ ചെയ്യുന്നേ ഒന്നും പറയാൻ കഴീല.."




34 comments:

  1. വാര്‍ദ്ധക്യ ചിന്തകള്‍..കാഴ്ചകള്‍.

    ReplyDelete
    Replies
    1. നന്ദി റാംജി . വന്നതിലും അഭിപ്രായം ചൊന്നതിലും ..

      Delete
  2. മനുഷ്യാവസ്ഥകളിലെ വിവിധാനുഭവാഖ്യാനം, ലളിതം എന്നാല്‍ ഹൃദ്യം അത്രേം തന്നെ സാരള്യം. ഇഷ്ടം പറഞ്ഞിട്ട് പോകുന്നു... പിന്നത്തേക്ക് കൂടാന്‍ :)

    ReplyDelete
    Replies
    1. വീണ്ടും കൂട്ടുകൂടാൻ വരിക നാമൂസ്..

      Delete
  3. നന്നായിട്ടുണ്ട്.സന്തോഷവും സങ്കടവും നൊമ്പരവും തെളിയുന്ന ജീവിത മുഹൂര്‍ത്തങ്ങള്‍ .ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടത്തിൽ സന്തോഷം. ഇതാണ് ജീവിതം. ഇതൊക്കെയുമാണ് ജീവിതം..

      Delete
  4. കുഞ്ഞു വരികളില്‍ കൂടി കോറിയിട്ട വലിയ ചിന്തകള്‍ , നല്ല പോസ്റ്റ്‌

    ReplyDelete
  5. വിഭ്രമിപ്പികും
    മോഹങ്ങളൊരു നാള്‍
    വച്ചു മാറും
    കിനാവുകള്‍
    കാലത്തിങ്ങല്‍!!rr

    ReplyDelete
    Replies
    1. നന്ദി !!rr . വീണ്ടും വീണ്ടും മടങ്ങുക.

      Delete
  6. ജീവിതം ഒരു പഠന വിഷയം തന്നെയാണ് ,പക്ഷെ കാത്തിരിക്കണം അവസാന നാള് വരെ ..അപ്പോഴേ നമ്മള്‍ പഠിക്കുന്നോള്ളൂ ! വെത്യസ്തം ഈ ജീവിത സമക്ഷകള്‍
    നല്ല ആശംസകള്‍ ..
    @srus..

    ReplyDelete
  7. ഒരുപാട് അനുഭവങ്ങളും പേറി എല്ലാവരും ഒടുവിൽ എത്തുന്നിടം, വാർദ്ധക്യം .. നന്ദി അസ്രുസ്, വന്നതിലും അഭിപ്രായം ചൊന്നതിലും ..

    ReplyDelete
  8. കേരള കഫെ പടം പോലെ... നല്ല ചിന്തകള്‍....

    ReplyDelete
    Replies
    1. നല്ല ചിന്തകളെത്തന്നെ ഉണർത്തട്ടെ ...

      Delete
  9. ജീവിതതിന്റെ വിവിധമുഖങ്ങള്‍ ചെറിയ അക്ഷരക്കൂട്ടങ്ങളിലൂടെ....

    ReplyDelete
    Replies
    1. നന്ദി.. പാറിപ്പറന്നു വന്നതിൽ :)

      Delete
  10. കൊള്ളാം, വായിച്ചു, ഇഷ്ടപ്പെട്ടു. വരികള്‍ക്കിടയില്‍ നിന്ന് ഇവിടെ എത്താന്‍ സാധിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി. വന്നതിലും അഭിപ്രായം പറഞ്ഞതിലും..

      Delete
  11. "ഹല്ലാ ഇതൊക്കെ എങ്ങനെയറഞ്ഞു!" എന്നതോന്നലുണ്ടാക്കുന്ന ലളിതസുന്ദരമായ ശൈലി.
    ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം, തങ്കപ്പേട്ടാ.. വീണ്ടും വരിക.

      Delete
  12. ലളിതം.. സുന്ദരം.. ചെറിയ വാക്കുകളില്‍ ജീവിതത്തിലെ വലിയ സമസ്യകള്‍..

    ReplyDelete
    Replies
    1. നന്ദി ഡോക്ടറെ..താമസിയാതെ നേരിട്ട് കാണാം.. :)

      Delete
  13. ബ്ലോഗ്‌ അവലോകനം വായിച്ചു. ന്യൂസ്‌ പേപ്പർ ബോയ്‌, ഒട്ടകം തുടങ്ങിയ കഥകൾ നേരത്തെ വായിച്ചിരുന്നു. ബാക്കിയും വായിക്കാൻ ലേഖനം പ്രേരണയായി. കൂട്ടത്തിൽ എന്റെ കഥയെയും ശ്രദ്ധിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി..

    ReplyDelete
  14. റിമോട്ട് കണ്ട്രോളിൽ ജീവിതചക്രം തിരിയില്ല
    എത്ര് കാത്തിരിപ്പിൻ ഒടുവിലും മനസ്സിലെ ചിത എരിഞ്ഞുകൊണ്ടിരിക്കും

    ReplyDelete
  15. "വരികള്‍ക്കിടയില്‍" നിന്നാണ്‌ ഇവിടെയെത്തിയത്‌. നന്നായിട്ടുണ്ട്‌. ആശംസകള്‍.

    ReplyDelete
    Replies
    1. നന്ദി സുധീർദാസ് ..വീണ്ടും വരിക.

      Delete
  16. ഇങ്ങനെയൊക്കെ തന്നെയാണ് ആ ചക്രം.. കറങ്ങി കൊണ്ടേ ഇരിക്കുന്നു..സന്തോഷം പ്രദീപേട്ടാ

    ReplyDelete
    Replies
    1. അതെ ആർഷെ, നമ്മളും തിരിച്ചറിയാതെ അതിന്റെ ഭാഗം ആകുന്നു. സന്തോഷം.

      Delete
  17. marubhoomiyil_ jeevikkunnathu kondakam ithra nannayi ezhuthan kazhiyunnath

    ReplyDelete
    Replies
    1. അഭിപ്രായം പറഞ്ഞതിൽ സന്തോഷം. വീണ്ടും വരിക.
      മരുഭൂമി നമ്മെ പലതും തിരിച്ചറിയാൻ പ്രേരിപ്പിക്കുന്നു.

      Delete
  18. ലളിതമായി പറഞ്ഞ ജീവിതചക്രങ്ങള്‍ ..നല്ല ചിന്തകള്‍..

    പിന്നെ >>ആകെയൊള്ളൊരു കൊച്ചുമോളാ..<< ഞാനാണോ ? (ചുമ്മാ)

    ReplyDelete
    Replies
    1. നന്ദി, കൊച്ചുമോൾ..

      അതെ ആകെയുള്ളൊരു ഗൊച്ചുമോളാ..ഗൊട്ടാരക്കാരി ..!! :)

      Delete
  19. വായിക്കാൻ വൈകിപ്പോയി..
    ഹൃദ്യം..

    ReplyDelete