Saturday 11 May 2013

കാഡ്ബെറീസ്






രാവിലെ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ നാല് വയസ്സുകാരി മകൾ  വന്ന് അയാളോട് കൊഞ്ചി...
"അച്ചേ , എനിക്ക് കാഡ്ബെറീസ് കൊണ്ടരുമോ?"
"പിന്നെന്താടാ.." അയാൾ ബാഗുമെടുത്ത് വെളിയിൽ ഇറങ്ങി.
"ഇപ്പൊ കിട്ടും.!! നിന്റെ അച്ച ജോലീം കഴിഞ്ഞ്, പാർട്ടി പ്രവർത്തനോം നടത്തി വരുമ്പോ പാതിരാത്രിയാവും..നിനക്ക് കാഡ്ബെറീസും കിട്ടും..."
ഭാര്യ പിന്നിൽ നിന്നും പറഞ്ഞു.
അയാൾ അവളെ ഒന്ന് പാളി നോക്കിയിട്ട് സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്തു. താമസിച്ച് വരുന്ന കാര്യം പറഞ്ഞ് അവൾക്കെന്നും പരിഭവമാണ്.

വൈകിട്ട് മടങ്ങിയെത്തുമ്പോൾ രാത്രി പതിനൊന്നു മണി.
മകൾ ഉറങ്ങിക്കഴിഞ്ഞിരുന്നു.
"നിങ്ങളുടെ ഒരു മുടിഞ്ഞ പാർടി പ്രവർത്തനം !!...എന്തിനാ ഇങ്ങു പോന്നത്..അവിടെത്തന്നേ അങ്ങ് കൂടാരുന്നില്ലേ.."
ഭാര്യയുടെ ദേഷ്യം കണ്ടില്ലാ എന്ന് നടിച്ചു. എന്നുമുള്ളതല്ലെ..
എങ്കിലും ഈയിടെയായി ഈ വിമർശനം അയാളിൽ അലസോരം സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു.
"നിങ്ങൾ മോൾക്ക് കാഡ്ബെറീസ് വാങ്ങിയോ?"
മറന്നു..
അയാൾ കുറ്റബോധത്തോടെ മുഖം തിരിച്ചു.
"ഇല്ല..വാങ്ങീട്ടില്ലാന്നറിയാം..!! നാളെ രാവിലെ മോളു ചോദിക്കുമ്പോൾ പറഞ്ഞേച്ചാൽ മതി.."
അവൾ മുഖം വെട്ടിത്തിരിച്ചു ..
അയാൾ ദേഷ്യത്തോടെ കുളിമുറിയിലേക്ക് നടന്നു.

അടുത്ത ദിവസവും പടിയിറങ്ങുമ്പോൾ മോൾ പറഞ്ഞു..
"അച്ചേ..കാഡ്ബെറീസ്..."
"ഏറ്റെടാ ..." അയാൾ പറഞ്ഞു.. ഇന്നെങ്കിലും മറക്കാതെ കൊണ്ടുവരണം..
"ഇപ്പൊ കൊണ്ടുവരും !! " ഭാര്യയുടെ കൂർത്ത വാക്കുകൾ അയാളിൽ ദേഷ്യം ഉണർത്തി. ഒന്നും മിണ്ടാതെ അയാൾ യാത്രയായി.

വൈകിട്ട് തിരിച്ചെത്തുമ്പോൾ രാത്രി പന്ത്രണ്ട്..കമ്മറ്റി നീണ്ടു പോയത് അറിഞ്ഞില്ല. സ്കൂട്ടെർ സ്റ്റാന്റിൽ  വയ്ക്കുമ്പോൾ അയാൾ  പെട്ടെന്നോർത്തു, കാഡ്ബെറീസ് .. ഈശ്വരാ, മറന്നു..
മുറിക്കകത്തെത്തുമ്പോൾ കണ്ടു, മകൾ നല്ല ഉറക്കം.രക്ഷപെട്ടു.
ഭാര്യ മുഖം വീർപ്പിച്ച് ഇരിക്കുകയാണ്.താമസിച്ചതിന്റെ ദേഷ്യം.
"നിങ്ങൾ കുഞ്ഞിന് കാഡ്ബെറീസ് വാങ്ങിച്ചോ? "
അയാൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ അവൾക്ക് ദേഷ്യം കൂടി..
"നിങ്ങൾ അല്ലേലും അങ്ങിനെയാ.. നാട്ടുകാർക്ക് വേണ്ടി ഓടും..സ്വന്തം കുഞ്ഞിനേം ഭാര്യയേം മറക്കും.അവൾ എത്ര നേരം നോക്കീരുന്നു എന്നറിയോ?"
അയാളുടെ മൌനത്തിൽ അവളുടെ ദേഷ്യം കൂടിക്കൂടി വന്നു.
മനസ്സിന്റെ കുറ്റഭാരം പതഞ്ഞുയരുന്ന ദേഷ്യമായിത്തീരാൻ അധികസമയം വേണ്ടി വന്നില്ല.
അയാൾ  ചാടിയെഴുന്നേറ്റു പുറത്തുകടന്നു. കതക് വലിച്ചടച്ചു.
സ്കൂട്ടെർ സ്റ്റാർട്ട്‌ ചെയ്ത് ടൌണിലേക്ക് ഓടിച്ചു.
പാതിരാത്രിക്ക് കാഡ്ബെറീസ് എവിടെ കിട്ടാൻ. അരമണിക്കൂർ കറങ്ങിയപ്പോൾ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അയാൾ  ഒരു കട കണ്ടു. കാഡ്ബെറീസ് കിട്ടി.

തിരിച്ച് വീട്ടിലെത്തുമ്പോൾ സമയം ഒരുമണിയോളമായി.
കതക് തുറന്ന് അകത്ത് കടക്കുമ്പോൾ അയാൾ  കണ്ടു, ഭാര്യയുടെ പരിഭ്രമിച്ച മുഖം.
ഒരു ഏങ്ങലോടെ അവൾ അയാളുടെ ദേഹത്തോട്ട്‌ വീണു.
"ഞാനങ്ങനെ ദേഷ്യപ്പെട്ടൂന്ന് വിചാരിച്ച്..ഉടൻ  പാതിരാത്രിക്ക് പാഞ്ഞു പോക്വാ.. ഞാൻ തീ തിന്നതിനു ഒരു കണക്കുമില്ലല്ലോ ഈശ്വരാ.. കാഡ്ബെറീസാ പ്രാധാനം? നിങ്ങക്കെന്തെങ്കിലും പറ്റിയാ എനിക്കും മോക്കും ആരാ..!"
ഉറക്കെ കരഞ്ഞുകൊണ്ട്‌ അവൾ അയാളെ ചുറ്റിപ്പിടിച്ചു.

കാഡ്ബെറീസ് കൈയിലമർത്തിപ്പിടിച്ചുകൊണ്ടു നിൽക്കുമ്പോൾ കണ്ണുകൾ  നിറയുന്നത് അയാൾ അറിഞ്ഞു.




No comments:

Post a Comment